ജസ്റ്റിസ് ലോയ കേസ്: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് നാളെ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചിരുന്ന സുപ്രിംകോടതിയിലെ ജൂനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് എം. ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചില്‍ നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയതോടെയാണ് കേസ് ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചില്‍ എത്തിയത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് മൂന്നംഗബെഞ്ചിലെ മറ്റുജഡ്ജിമാര്‍. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബന്ധുരാജ് സാംബാജി ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലയും സമര്‍പ്പിച്ച ഹരജിയാണ് ഇതുസംബന്ധിച്ച് സുപ്രിം കോടതിയിലുള്ളത്.
ആദ്യം കേസ് പരിഗണിക്കവെ സംഭവം ഗൗരവമുള്ളതാണെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 16ന് കേസ് പരിഗണിച്ച ശേഷമാണ് അദ്ദേഹം പിന്‍മാറിയത്. കേസ് അനുയോജ്യമായ മറ്റൊരു ബെഞ്ചിന് കൈമാറാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ലോയയുടെ കേസ് മുതിര്‍ന്ന ജഡ്ജിമാരെ ഏല്‍പ്പിക്കാതെ ജൂനിയര്‍ ജഡ്ജിമാരെ ഏല്‍പിച്ചത് സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതക്ക് കാരണമായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിം കോടതിയില്‍ സീനിയോറിറ്റിയില്‍ മുന്നിലുള്ള നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുന്നതടക്കമുള്ള അസാധാരണസംഭവങ്ങള്‍ക്കും ഇതുവഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് അരുണ്‍മിശ്ര പിന്‍മാറിയത്. മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ബി.എച്ച് ലോയ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടതെന്നാണ് സൂചന.
2005 നവംബറിലാണ് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ അംഗമാണെന്ന് ആരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സംഭവം നടക്കുമ്പോള്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ ഉള്‍പ്പെടെയുള്ള 18 പേരെ കേസില്‍ അറസ്റ്റ്‌ചെയ്തിരുന്നു. കേസില്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ലോയയെ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരിച്ചതായും അനുരാധ പറഞ്ഞു. ഇതിനു പിന്നാലെയാണ് കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിം കോടതി മുമ്പാകെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."