കാരാട്ട് ഫൈസലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
കോഴിക്കോട്: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.പി.എം കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. നഗരസഭാ വൈസ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ എ.പി മജീദ് ഗതാഗത കമ്മിഷണര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വ്യാജ വിലാസത്തില്‍ കാറിന് പുതുച്ചേരി രജിസ്‌ട്രേഷന്‍ നേടിയ ഫൈസലിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് രണ്ടുതവണ നോട്ടിസ് അയച്ചിരുന്നുവെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ലെന്ന് കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫൈസല്‍ രജിസ്‌ട്രേഷന് നല്‍കിയ വിലാസം വ്യാജമാണെന്ന് പുതുച്ചേരി ഗതാഗത വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിടാന്‍ ഗതാഗത കമ്മിഷണര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മിനി കൂപ്പര്‍ കാറാണ് ഫൈസല്‍ നികുതി വെട്ടിച്ച് പി.വൈ 01 സി.കെ 3000 എന്ന നമ്പറില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയുടെ കൊടുവള്ളിയിലെ സ്വീകരണത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വാഹനം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."