മൂഴിക്കരയിലെ മരണം കൊലപാതകമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
തലശ്ശേരി: കോപ്പാലത്തിനടുത്ത മൂഴിക്കരയിലുണ്ടായ എറണാകുളം ചെറായി ബീച്ച് സ്വദേശി പുത്തന്‍ വീട്ടില്‍ കോമളന്റെ മകന്‍ പി.കെ ബിജുവിന്റെ (48) മരണം കൊലപാതകമെല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രദേശത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിനു സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവസ്ഥലം ഉള്‍പ്പെടെ പരിശോധിച്ച് കൊലപാതകമല്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു.
പാര്‍ശ്വല്‍ ഹാഗിങ് എന്ന നിലയില്‍ സ്വയം മരണത്തെ പുല്‍കിയെന്ന നിലയിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിലുള്‍പ്പെടെ കണ്ടെത്തിയത്. പുറത്തുനിന്നുള്ള ആരുടെയും സഹായത്താലുള്ള മരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ വിലയിരുത്തി. ചിലര്‍ മരിക്കാന്‍ സ്വയം കഴുത്തില്‍ കുരുക്കിട്ട് നടത്തുന്ന ആത്മഹത്യയെന്നാണ് ഫോറന്‍സിക് വിഭാഗം പറയുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വീടുമായി ബന്ധമില്ലാതെ കഴിയുന്നയാളാണ് ബിജു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് നാടുവിട്ടതായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
തലശ്ശേരിയില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി ഉപജീവനം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ച ബിജുവിനെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തി തിരിച്ചറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയെ പൊലിസ് ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. സംഭവദിവസം കൊല്ലപ്പെട്ട ബിജുവിന്റെ കൂടെ കോപ്പാലത്തെ ബാറില്‍ വച്ച് മദ്യപിച്ച ഇയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് സംശയിച്ചു. ഒടുവില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."