ദേശീയ ദഅ്‌വാ ടീം പ്രഖ്യാപനവുമായി ജാമിഅ ഗ്രാന്റ് സല്യൂട്ട്
ഫൈസാബാദ് (പട്ടിക്കാട്): ദേശീയ പ്രബോധനരംഗത്ത് പുത്തന്‍ ചുവടുകള്‍ തീര്‍ത്ത് ജാമിഅ ഗ്രാന്റ് സല്യൂട്ട്. ധാര്‍മിക സംസ്‌കരണ മേഖലയില്‍ രാജ്യത്ത് സേവനസമര്‍പ്പിതരായ ദഅ്‌വാ ടീമില്‍ ജാമിഅ ജൂനിയര്‍ കൊളജുകളിലെ 40അംഗ സംഘം കര്‍മനിരതരാകും. ജാമിഅ നൂരിയ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പ്രബോധകസംഘം പ്രവര്‍ത്തിക്കുക.
ഇന്നലെ വൈകിട്ട് ജാമിഅ ഗ്രൗണ്ടില്‍ നടന്ന ഗ്രാന്റ് അസംബ്ലി ഉദ്ഘാടനം നിര്‍വഹിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ദേശീയ ദഅ്‌വാ ടീം സമര്‍പ്പണം നടത്തിയത്. 60 ജൂനിയര്‍ കോളജുകളിലെ നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ അണിനിരന്ന ഗ്രാന്റ് സല്യൂട്ടിനെ ജാമിഅ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
വിജ്ഞാനം ആര്‍ജിച്ചും സമര്‍പ്പണം ചര്യയാക്കിയും കര്‍മവിനിയോഗത്തിന് ഗ്രാന്റ് സല്യൂട്ടില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. അറിവിലൂടെ അച്ചടക്കവും വിനയവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറയായി വളരുമെന്ന വിളംബരവുമായി ഗ്രാന്റ് സല്യൂട്ട്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സജ്ദ ബ്ലോഗ് ലോഞ്ചിങ് പി.വി അബ്ദുല്‍ വഹാബ് എം.പി, അവാര്‍ഡ് ദാനം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് നിര്‍വഹിച്ചു. വി.കെ ഇബ്‌റാഹിംകുഞ്ഞ് എം.എല്‍.എ, ടി.വി ഇബ്‌റാഹിം എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, തഖിയുദ്ദീന്‍ സഅ്ദ് സംസാരിച്ചു.
രാവിലെ നടന്ന എന്‍ലൈറ്റ്‌മെന്റ് ക്യാംപില്‍ വിദ്യാഭ്യാസം സെഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, രങ്കേഷ് കടവത്ത്, ഡോ. നാട്ടിക മുഹമ്മദലി, ഡോ. അബ്ദുല്‍ മജീദ്, ഉസ്മാന്‍ ഫൈസി എറിയാട, ത്വയ്യിബ് ആലൂര്‍ സംസാരിച്ചു. മോട്ടിവേഷന്‍ സെഷനില്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കെ.എം ഫിറോസ് ക്ലാസെടുത്തു. ടി.എച്ച് ദാരിമി, അഫ്‌സല്‍ ആഞ്ഞിലങ്ങാടി സംസാരിച്ചു.
മുദരിസ് സമ്മേളനം സമസ്ത മുശാവറ അംഗം കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ശിഹാബ് ആനമങ്ങാട് സംസാരിച്ചു. ദഅ്‌വാ സമ്മേളനം പ്രൊഫ. ബന്ദര്‍ അബ്ദുല്ല അനസി ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയതീന്‍കുട്ടി ഫൈസി അധ്യക്ഷനായി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഓണംപിള്ളി മുഹമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹമീദ് ഫൈസി പാതിരമണ്ണ, ഇബ്‌റാഹിം മുറിച്ചാണ്ടി സംസാരിച്ചു.
ഇന്നു രാവിലെ 10ന് നടക്കുന്ന ശാക്തീകരണ സമ്മേളനം സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാകും.
എസ്.വി മുഹമ്മദലി ക്ലാസെടുക്കും. തുടര്‍ന്ന് ദേശീയ സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മൗലനാ ഖമറുസ്സമാന്‍ ബംഗാള്‍, പിണങ്ങോട് അബൂബക്കര്‍ സംസാരിക്കും.
രണ്ടാം വേദിയില്‍ മുനാശഖ അറബിക് സെഷന്‍ ഡോ. അബ്ദുറഹ്മാന്‍ അശ്ശമ്മസി ഉദ്ഘാടനം ചെയ്യും, കന്നട, ലക്ഷദ്വീപ് വിദ്യാര്‍ഥി സമ്മേളനം, വൈകിട്ട് മൂന്നിനു ജനറല്‍ബോഡി, നാലിന് സ്ഥാന വസ്ത്രവിതരണം എന്നിവയും നടക്കും. വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ മദ്ഹുറസൂല്‍ മജ്‌ലിസ് നടക്കും. സമസ്ത ഉപാധ്യക്ഷന്‍ മിത്തബൈ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."