മഞ്ഞള്‍ പ്രദര്‍ശന മേള ശ്രദ്ധേയമാകുന്നു
കോഴിക്കോട്: മഞ്ഞളിന്റെ വിസ്മയവുമായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ചെലവൂര്‍ കാംപസില്‍ ഒരുക്കിയ മഞ്ഞള്‍ പ്രദര്‍ശന മേള ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളുടേതടക്കം നൂറിലേറെ ഇനങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ളത്. മേള കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
മഞ്ഞ നിറമില്ലാത്ത കസ്തൂരി മഞ്ഞളിന്റെ പ്രദര്‍ശനമാണ് മേളയിലെ പ്രധാന ആകര്‍ഷണം. കസ്തൂരി മഞ്ഞളെന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്ന മഞ്ഞക്കൂവയും പ്രദര്‍ശനത്തിലുണ്ട്. എട്ടു ശതമാനം വരെ കുര്‍ക്കുമിന്റെ അളവുള്ള മെസ, നാട്ടിലെയും തമിഴ്‌നാട്ടിലെയും വിവിധ ഇനങ്ങള്‍, കാട്ടുഇഞ്ചി, നീലനിറത്തിലുള്ള കരിമഞ്ഞള്‍, പനങ്കാളി എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
ഒരിക്കല്‍ വിത്തായി ഉപയോഗിച്ച മഞ്ഞളാണ് പനങ്കാളി. ഇതു പ്രത്യേക ഇനമല്ലെന്നും കുര്‍ക്കുമിന്റെ അളവ് കൂടുതലുള്ള ഇവയ്ക്കു നല്ല ഡിമാന്റുണ്ടെന്നും ശാസ്ത്രജ്ഞന്‍ ഡോ. ലിജോ തോമസ് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും ഇനങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
30ലേറെ കുരുമുളക് ഇനങ്ങളും പ്രദര്‍ശനത്തിലുണ്ട്. കര്‍ഷകര്‍ വികസിപ്പിച്ച് രജിസ്റ്റര്‍ ചെയ്ത ഇനങ്ങളും വിവിധ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്ന മഞ്ഞള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. മഞ്ഞള്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്ന വാട്ടര്‍ ഡിസ്റ്റിലേഷന്‍ സാങ്കേതിക വിദ്യയും ഗുണനിലവാര പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എച്ച്.പി.എല്‍.സി യന്ത്രവും മേളയില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."