യെച്ചൂരിയെ തള്ളി കേന്ദ്ര കമ്മിറ്റി; കോണ്‍ഗ്രസുമായി ബന്ധം വേണ്ട
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം.
കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റി തള്ളി. വോട്ടെടുപ്പില്‍ യെച്ചൂരിയുടെ രേഖയെ 31 പേര്‍ അനുകൂലിച്ചപ്പോള്‍ 55 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. വോട്ടെടുപ്പില്‍നിന്നു കേരള ധനമന്ത്രി തോമസ് ഐസക് വിട്ടുനിന്നു. സംസ്ഥാന ബജറ്റിനെ തുടര്‍ന്നാണ് വോട്ടെടുപ്പില്‍നിന്നു മന്ത്രി വിട്ടുനിന്നതെന്നാണ് വിശദീകരണം. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് മന്ത്രി കേരളത്തിലേക്ക് തിരിച്ചിരുന്നു.
ഇതോടെ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖയായിരിക്കും വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യുക.
രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് കാരാട്ട് പക്ഷത്തിന്റേയും യെച്ചൂരി പക്ഷത്തിന്റെയും രേഖകള്‍ വോട്ടിനിട്ടത്. ചര്‍ച്ചയില്‍ ആകെ 61 പേരാണ് സംസാരിച്ചത്.
ഇതില്‍ ബംഗാള്‍, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണാടക, ഒഡീഷ, ജമ്മു കശ്മിര്‍ എന്നീ സംസ്ഥാനങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചു. തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും ഓരോ അംഗങ്ങളും യെച്ചൂരിയെ പിന്‍തുണച്ചു.
ബാക്കി എല്ലാവരും കാരാട്ടിന്റെ രേഖയെയാണ് പിന്തുണച്ചത്. യെച്ചൂരിക്ക് പിന്തുണനല്‍കി മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കത്തു നല്‍കിയതൊഴിച്ചാല്‍ കേരളാ ഘടകം ഒറ്റക്കെട്ടായി കാരാട്ടിനൊപ്പമായിരുന്നു.
കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് ഒഴിവാക്കാന്‍ അവസാന നിമിഷം വരെ യെച്ചൂരി നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ഫാസിസത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.
ഇതു സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച രേഖ നേരത്തെ പിബി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."