അട്ടിമറിക്കപ്പെടുന്ന ഫെഡറല്‍ വ്യവസ്ഥ
സര്‍ക്കാര്‍ തയാറാക്കിക്കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായും ഗവര്‍ണര്‍ സഭയില്‍ വായിച്ചിരിക്കണമെന്ന നിയമമൊന്നുമില്ലെന്നതു ശരിയാണ്. തന്റെ കൈയിലുള്ള പ്രസംഗത്തില്‍ പ്രസക്തമായ ഭാഗങ്ങള്‍ മാത്രം വായിച്ചു പ്രസംഗം മതിയാക്കാനും ആദ്യ ഭാഗവും അവസാനഭാഗവും വായിച്ച് ഉപസംഹരിക്കാനും ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. ഗവര്‍ണറുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം സഭാംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടുമെന്നതിനാല്‍ അതില്‍ സാധാരണഗതിയില്‍ വിമര്‍ശന വിധേയമായി ഒന്നുമില്ല. നിയമസഭാ ചരിത്രത്തില്‍ അതിന് ഉദാഹരണങ്ങളുമുണ്ട്.
എങ്കില്‍, ഇന്നലെ കേരളനിയമസഭയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം ഒഴിവാക്കിയതില്‍ എന്ത് അത്ഭുതമാണുള്ളത് എന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യത്തിനു പ്രസക്തിയുണ്ടാവേണ്ടതാണ്. എന്നാല്‍, അത്തരം ന്യായവാദങ്ങള്‍ക്കൊന്നും അവകാശമില്ലാത്തതും അത്ര ലളിതമായി തള്ളിക്കളയാനാവാത്തതുമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇവിടെ തുടര്‍ന്നുവരുന്നതും ഭരണഘടന അനുശാസിക്കുന്നതും രാജ്യത്തെ ജനാധിപത്യസംവിധാനത്തിന്റെ ആണിക്കല്ലായതുമായ ഫെഡറല്‍ സംവിധാനത്തിനു ഭീഷണിയാണെന്നു സംസ്ഥാന സര്‍ക്കാരിനു തോന്നിയ ഒരു പരാമര്‍ശമാണ് ഗവര്‍ണര്‍ വിഴുങ്ങിക്കളഞ്ഞത്. ഗവര്‍ണറുടെ ഈ നടപടി തന്നെ ഫെഡറല്‍ സമ്പ്രദായത്തിന്റെ വെല്ലുവിളിയായിത്തീരുകയാണ്.
കേരളമുള്‍പ്പെടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനസര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും തങ്ങളുടെ അധീശത്വം സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചെടുക്കാനുമുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്ന ആരോപണം കുറേക്കാലമായി ഉയര്‍ന്നുവരുന്നതാണ്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു തങ്ങളുടെ നയങ്ങളും പദ്ധതികളും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് സംസ്ഥാന ഭരണകൂടം ആരോപിച്ചു വരുന്നതാണ്.
വിവിധ സംസ്ഥാനങ്ങളില്‍ സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്നു ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. മലപ്പുറത്തെ കൊടിഞ്ഞിയില്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഫൈസലിനെയും കാസര്‍കോട്ട് സ്വന്തം താമസസ്ഥലത്തു കിടന്നുറങ്ങുകയായിരുന്ന മദ്‌റസാ അധ്യാപകനെയും വെട്ടിക്കൊന്ന സംഭവമുണ്ടായിട്ടും അതിലൊന്നും ഇടപെടാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ അതു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതും മറ്റും സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.
ഇതു ശരിയാണെന്നോ തെറ്റാണെന്നോ ഒെക്കയുള്ള നിലപാടുകള്‍ ഉണ്ടായേക്കാം. ശരിതെറ്റുകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു തങ്ങളുടെ പക്ഷം ന്യായീകരിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. പക്ഷേ, തങ്ങളുടെ നിലപാടു തന്നെയാകണം സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത് എന്നു ശഠിക്കാന്‍ പ്രതിപക്ഷത്തുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവകാശമില്ല. നിയമസഭയില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയത്തെ സഭയ്ക്കകത്തോ പുറത്തോ അതിനിശിതമായി വിമര്‍ശിക്കാനുള്ള അധികാരവും അവകാശവും ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിനുമുണ്ട്. അങ്ങനെ അവര്‍ ചെയ്യുന്നതിനെ കുറ്റപ്പെടുത്താനും കഴിയില്ല.
ഇവിടെ അതല്ല, പ്രശ്‌നം. സര്‍ക്കാര്‍ തയാറാക്കിക്കൊടുക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലുള്ള സര്‍ക്കാരിന്റെ പ്രത്യേക നിലപാടുകള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നതാണ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം എന്നാണു പറയുകയെങ്കിലും ആ പ്രസംഗത്തിലെ നയം ഗവര്‍ണറുടേതല്ല, സര്‍ക്കാരിന്റേതാണ്. സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ അവതരിപ്പിക്കുന്നുവെന്നേയുള്ളൂ. അതിനാല്‍ത്തന്നെ അതിലെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്ന തരത്തിലാകരുത് ഗവര്‍ണറുടെ നടപടികള്‍.
ഗവര്‍ണറുടേത് ഒരു സുപ്രധാന ഭരണഘടനാ പദവിയാണ്. ഗവര്‍ണറെ നിയോഗിക്കുന്നത് കേന്ദ്രസര്‍ക്കാരാണെങ്കിലും ഒരിക്കലും ആ പദവിയിലിരിക്കുന്ന വ്യക്തി കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ പാടില്ല. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിലെ പാലമായി പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ് ഗവര്‍ണര്‍. പല കാലത്തും കേന്ദ്രസര്‍ക്കാരുകള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയാക്കി ഗവര്‍ണര്‍മാരെ മാറ്റാന്‍ ശ്രമിക്കാറുണ്ട് എന്നതും അതിനു പറ്റിയ ആളുകളെ തികച്ചും രാഷ്ട്രീയതാല്‍പ്പര്യത്തോടെയാണ് ആ പദവിയില്‍ നിയോഗിക്കാറുള്ളതെന്നതും സത്യമാണ്.
പല ഗവര്‍ണര്‍മാരും തങ്ങളെ നിയോഗിച്ചവര്‍ക്ക് അനുകൂലമായ രാഷ്ട്രീയക്കളികള്‍ നടത്താറുമുണ്ട്. ഉന്നത നീതിപീഠത്തിലിരിക്കുന്ന ജസ്റ്റിസ് സദാശിവത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ് അത്തരമൊരു നിലപാട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇന്നലെ പ്രസംഗത്തില്‍ ആ വരികള്‍ വിട്ടുപോയ സംഭവം ജനാധിപത്യ കേരളത്തില്‍ ആശങ്കയുളവാക്കുന്നതാണ്. അത്തരം സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ആശിക്കാനേ നമുക്കു കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."