പരിഷ്‌കൃത പാസ്‌പോര്‍ട്ടും പ്രവാസികളും
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാസ്‌പോര്‍ട്ട് പരിഷ്‌കരണം ഏറെ വിവാദത്തിലായിരിക്കുകയാണ്. ലോകത്തെവിടെയും കാണാന്‍ കഴിയാത്ത രീതിയിലുള്ള വ്യത്യസ്തമായ പരിഷ്‌കാരമാണ് കേന്ദ്ര സര്‍ക്കാര്‍ വളരെ ആവേശത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം പൗരന്‍മാരെ മറ്റുള്ളവര്‍ക്കിടയില്‍ ഇകഴ്ത്താനും അതല്ലെങ്കില്‍ അതിനു സമാനമാകുന്ന രീതിയില്‍ പ്രവാസികളെ കാണാനും മാത്രം ഹേതുവാകുന്ന രീതിയാണ് പാസ്‌പോര്‍ട്ട് കളര്‍ മാറ്റ തീരുമാനം.
പാസ്‌പോര്‍ട്ടിന്റെ നിറത്തിന്റെ പേരില്‍ വ്യക്തി വിവേചനത്തിന് ഇത് കാരണമാകുമെന്ന വിമര്‍ശനം ഇതിനകം തന്നെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, വിവിധ പ്രശ്‌നങ്ങളില്‍ ഒറ്റപ്പെടുന്ന പ്രവാസികളെ കൂടുതല്‍ വേര്‍തിരിക്കുന്ന നിയമത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ചേക്കേറി ജീവിതമാര്‍ഗം കണ്ടെത്തുന്ന പ്രവാസികളില്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇതോടൊപ്പം, പാസ്‌പോര്‍ട്ടിലെ അവസാന ഭാഗത്തെ കൂടുതല്‍ വിവരങ്ങളടങ്ങിയ പേജ് തന്നെ ഒഴിവാക്കപ്പെടുമ്പോള്‍ ചില അവസരങ്ങളില്‍ പ്രവാസികള്‍ ഇനി നട്ടം തിരിയേണ്ടി വരും.
വിനോദ, ബിസിനസ് യാത്രകള്‍ക്കു നല്‍കുന്ന റെഗുലര്‍ പാസ്‌പോര്‍ട്ട് നേവിബ്ലൂ നിറം, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് മെറൂണ്‍ നിറം. ഔദ്യോഗിക യാത്രാ ആവശ്യത്തിനു സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു നല്‍കുന്ന ഒഫീഷ്യല്‍ പാസ്‌പോര്‍ട്ട് വെള്ള നിറം എന്നിവയാണ് പാസ്‌പോര്‍ട്ടിലെ പ്രധാന കളര്‍ പരിഷ്‌കരണം.
പാസ്‌പോര്‍ട്ടിന്റെ നിറ വ്യത്യാസത്തിനനുസരിച്ച് പൗരന്‍മാരെ തരം തിരിക്കുമ്പോള്‍ അത് രാജ്യത്ത് തന്നെ മറ്റൊരു വിവേചന കാഴ്ചപ്പാടിന് വിധേയമാകും. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ ഇന്ത്യക്കാരായ എല്ലാ പ്രവാസികള്‍ക്കും ഒരേ നിറത്തിലുള്ള പാസ്‌പോര്‍ട്ട് ആണ് നല്‍കി വരുന്നത്. ഇതിനാല്‍ തന്നെ പാസ്‌പോര്‍ട്ട് കണ്ടു ഒരാളുടെ യോഗ്യത ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ എല്ലാവര്‍ക്കും ലഭിക്കുന്ന സ്ഥാനങ്ങള്‍ ഏതൊരു പൗരനും എപ്പോഴും ലഭിക്കും. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടായി കാണുന്ന കളര്‍ സംവിധാനം തികച്ചും പാസ്‌പോര്‍ട്ട് കാണുമ്പോള്‍ തന്നെ വിവേചനം രുചിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി തീരുമെന്നാണ് കരുതുന്നത്. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന ഏതൊരാള്‍ക്കും നല്‍കുന്ന പാസ്‌പോര്‍ട്ടില്‍ ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) , എന്നോ ഇ.സി.എന്‍.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് നോട്ട് റിക്വയേഡ്) എന്നോ ഉള്‍പ്പേജില്‍ എഴുതി ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതായത്, രാജ്യത്തിന്റെ നിയമ സംവിധാനത്തിലൂടെ എയര്‍പോര്‍ട്ട് വഴി പുറത്തു കടക്കുമ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത് കാണാന്‍ കഴിയുകയും അനധികൃത മനുഷ്യക്കടത്ത്, അനധികൃത തൊഴില്‍ വഞ്ചന തുടങ്ങിയ ഗുരുതരമായ കാര്യങ്ങള്‍ തടയാനും സാധിക്കും.
പക്ഷെ, ഇന്ത്യ വിട്ടു മറ്റൊരു രാജ്യത്ത് ഇറങ്ങിയാല്‍ പാസ്‌പോര്‍ട്ട് കണ്ടു ഒരാളെ വിലയിരുത്തി വിവേചനം നേരിടുന്ന അവസ്ഥ ഇത് വരെ ഉണ്ടായിരുന്നില്ല. പുതിയ നിയമ പ്രകാരം ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ സ്വന്തം അഭിമാനം കാക്കാന്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പോക്കറ്റിലാക്കി ആരും കാണാതെ സൂക്ഷിച്ചു നടക്കേണ്ടി വരും. പാസ്‌പോര്‍ട്ടിലെ നിറം മാറ്റം എമിഗ്രേഷന്‍ പരിശോധനകള്‍ക്കു സഹായകമാകുമെന്നാണു സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, വെറും പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ കൗണ്ടറില്‍ ഒന്ന് ഉയര്‍ത്തി കാണിച്ചാല്‍ കടത്തി വിടുന്നതല്ല ഇന്ത്യന്‍ എമിഗ്രേഷന്‍.
അതിനു ശക്തവും സുവ്യക്തവുമായ ഒരു സംവിധാനമുണ്ട്. ഓരോ യാത്രക്കാരനും ഇന്ത്യ കടക്കുകയാണെങ്കില്‍ അവരുടെ പൂര്‍ണ വിവരങ്ങള്‍ സത്യസന്ധമാണോ എന്നത് പരിശോധിക്കാന്‍ പാസ്‌പോര്‍ട്ട് കളര്‍ കണ്ടാല്‍ മാത്രം മതിയാകുകയില്ല എന്ന കാര്യം സര്‍ക്കാരിനു അറിയാഞ്ഞിട്ടല്ല.
അതുപോലെതന്നെയാണ് പാസ്‌പോര്‍ട്ടിലെ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള അവസാനത്തെ പേജ് ഒഴിവാക്കുകയെന്നത്. ഇതോടെ പാസ്‌പോര്‍ട്ട് മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ കഴിയാതെയാവും. നാട്ടിലുള്ള ആളുകള്‍ക്ക് ഇത് കൊണ്ട് പ്രത്യേകം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയില്ല. കാരണം, ഏതൊരു ആവശ്യങ്ങള്‍ക്കും വേണ്ടി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ ഉപയോഗിക്കാനായി ഇവര്‍ക്ക് നിരവധി രേഖകള്‍ ഉണ്ടായിരിക്കും. പക്ഷെ വിദേശിയെ സംബന്ധിച്ചിടത്തോളം അത് അപ്രായോഗികമാണ്. തന്റെ കയ്യില്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന ഏത് തരത്തിലുള്ള രേഖകള്‍ ഉണ്ടെന്ന് പറഞ്ഞാലും അതിനു വെറും കടലാസ് വില മാത്രമെ ഇവിടെയുള്ളൂ. അതിനു മൂല്യം കിട്ടണമെങ്കില്‍ എംബസികള്‍ മുഖേന അത് സത്യമാണെന് തെളിയിക്കുന്നതിനുള്ള കടമ്പകള്‍ കടക്കേണ്ടി വരും. രാപ്പകല്‍ അധ്വാനിക്കുന്ന പ്രവാസിക്ക് ഓരോ ഘട്ടത്തിലും ഇതിനായി ഇനി വാതിലുകള്‍ മുട്ടി നടക്കേണ്ടി വരുമെന്നര്‍ത്ഥം. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇല്ലാതാക്കുന്നതിന് പിന്നിലും ദുരൂഹതയുള്ളതായി ആരോപിച്ചു വിവിധ പ്രവാസി സംഘടനകള്‍ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. പ്രവാസിയെ സംബന്ധിച്ച് പാസ്‌പോര്‍ട്ട് നാട്ടിലെ വിവിധ കാര്യങ്ങള്‍ക്കും തന്റെ കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ഗൃഹനാഥന്‍ എന്ന നിലയിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പുതിയ തീരുമാനം പാസ്‌പോര്‍ട്ടിലെ ഇത്തരം വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകളായിരിക്കും പ്രവാസി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരിക.
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള നീക്കം പ്രവാസിക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുക. പ്രവാസി ബന്ധുക്കളെ വിദേശത്തേക്ക് കൊണ്ട് വരുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് പരിഷ്‌കാരം കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുക. മാതാപിതാക്കളടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്ക് സ്വന്തം നിലക്ക് വിസ എടുക്കുമ്പോള്‍ അനുബന്ധ ഉദ്യോഗസ്ഥര്‍ ബന്ധം ഉറപ്പിക്കുന്നത് പാസ്‌പോര്‍ട്ടിലെ അവസാന പേജുകള്‍ നോക്കിയാണ്. പുതിയ നടപടിയിലൂടെ ഈ പേജ് ഒഴിവാക്കിയാല്‍ രക്ത ബന്ധം തെളിയിക്കുന്നതിനു വേറെ അഡ്രസ് പ്രൂഫ് കൊടുക്കേണ്ടി വരും. പിന്നീട് കൂടുതല്‍ വ്യക്തതക്ക് വേണ്ടി അത് അറ്റസ്റ്റ് ചെയ്തു നല്‍കേണ്ടി വരും. അതിനും പ്രവാസികള്‍ നട്ടം തിരിയുകയും ഓഫിസുകള്‍ കയറിയിറങ്ങുകയും പണം മുടക്കുകയും ചെയ്യേണ്ടി വരുമെന്നതാണ് പുതിയ നിയമത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
പ്രവാസികളില്‍ പലരും യാത്രക്ക് മാത്രമല്ല, വിലാസം തെളിയിക്കാനുള്ള ഒരു തിരിച്ചറിയല്‍ രേഖയെന്ന നിലക്ക് കൂടിയാണ് പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക്. ആറ് മാസം തുടര്‍ച്ചയായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ആധാര്‍ എടുക്കാന്‍ കഴിയൂ എന്നാണ് നിയമം. ആധാര്‍ മാത്രമല്ല, വോട്ടര്‍ ഐ.ഡി പോലും ഇല്ലാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും. പാസ്‌പോര്‍ട്ട് കോപ്പിയും കൊണ്ടാണ് അവര്‍ പല ഓഫിസുകളും കയറിയിറങ്ങുന്നത്. പുതിയ നീക്കം അത്തരക്കാര്‍ക്കും ഒരു തിരിച്ചടിയാണുണ്ടാക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നടപടിക്കെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ലോകത്ത് ഒരിടത്തും ഇല്ലാത്ത വിചിത്രമായ അറിയിപ്പാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക ലാഭം മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഐഡന്റിറ്റി കൂടിയാണ് നില നില്‍ക്കുക. ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലാതെ നില നിന്നിരുന്ന പാസ്‌പോര്‍ട്ട് എന്തിനാണ് പരിഷ്‌കരിക്കുന്നത് എന്നാണ്, പ്രവാസികള്‍ ചോദിക്കുന്നത്. മോദി സര്‍ക്കാര്‍ കൊണ്ട് വന്ന പല നിയമ, പരിഷ്‌കരണ സംവിധാനങ്ങളും പിന്നീട് പരാജയമായിരുന്നെന്നു തെളിയിച്ചപോലെ പുതിയ പരിഷ്‌കരണവും പരാജയമാകുമെന്നു കാലം തെളിയിക്കുമെന്നും പ്രവാസികള്‍ അഭിപ്രായപ്പെടുന്നു. പ്രവാസം അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയില്‍ നില്‍ക്കുന്ന പ്രവാസിയുടെ ഇടയിലേക്ക് കൂടുതല്‍ വിവേചനവും പ്രതിസന്ധിയും ഉണ്ടാക്കുന്ന അപരിഷ്‌കൃത പരിഷ്‌കൃത നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."