ഓഖി ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായത്തിന് ഇടപെടും: ആന്റണി
തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് കേന്ദ്രത്തില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി.
തീരപ്രദേശത്ത് ദുരന്തം ഉണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ആളുകളിലൊരാളാണ് താന്‍. എന്നാല്‍ ഇത്തവണ ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് ചികിത്സ പൂര്‍ത്തിയായശേഷം കേരളത്തിലെത്തിയതും ദുരന്തസമയത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട സൂസപാക്യത്തെ നേരില്‍ കണ്ട് തന്റെ ദു:ഖം രേഖപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞു. കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നാണ് ഓഖി. ഈ ഘട്ടത്തില്‍ രാഷ്ട്രീയം മറന്ന് സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമായി ഒന്നുമില്ല.
ഇന്നലെ വൈകിട്ട് വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരായ എം.വിന്‍സന്റ്, വി.എസ്.ശിവകുമാര്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."