നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല; കേന്ദ്ര നിര്‍ദേശം നടപ്പാക്കിയില്ല
മലപ്പുറം: വാഹന നിയമങ്ങളില്‍ പകുതിയും പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പും, പൊലിസും വാഹന പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നു. വാഹനങ്ങളുടെ പുക പരിശോന, അഗ്നി സുരക്ഷാ സംവിധാനം, അപകടകരമായ രീതിയിലുള്ള ഫിറ്റിങ്‌സുകള്‍ ഘടിപ്പിക്കല്‍, ബംബറിന് മുകളില്‍ ഘടിപ്പിക്കുന്ന ബുള്‍ബാര്‍ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് നടക്കുന്നത്.
വാഹനങ്ങളില്‍ സുരക്ഷയുടെ പേരില്‍ ഘടിപ്പിക്കുന്ന ബുള്‍ബാറുകള്‍ അപകട സാധ്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ 2017 ഡിസംബര്‍ ഏഴിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബുള്‍ബാറുകള്‍ ഘടിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഒരു വാഹനത്തിനും പിഴയീടാക്കിയിട്ടില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. ബുള്‍ബാറുകളുള്ള വാഹനമിടിച്ചാല്‍ ഇടിയുടെ ആഘാതം നേരിട്ട് പാസഞ്ചര്‍ കംപാര്‍ട്‌മെന്റിലേക്ക് എത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
നിയമം വന്നതറിഞ്ഞിട്ടും സര്‍ക്കാരിന്റെയും ഭരണാധികാരികളുടെയും വാഹനങ്ങളില്‍നിന്ന് ബുള്‍ബാറുകള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല. കൂടാതെ വാഹനങ്ങളിലെ അഗ്‌നിബാധ ഒഴിവാക്കുന്നതിന് ഇരുചക്ര വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങള്‍ക്കും അഗ്‌നിസുരക്ഷാ ഉപകരണങ്ങളും നിര്‍ബന്ധമാണ്.
ചെറിയ വാഹനങ്ങളില്‍ രണ്ടു കിലോയുടെയും ഇടത്തരം വാഹനങ്ങളിലും ബസുകളുമുള്‍പ്പെടെ വലിയ വാഹനങ്ങളിലും അഞ്ചു കിലോയുടെയും ഉപകരണങ്ങള്‍ മുന്‍പിലും പിന്നിലും സ്ഥാപിച്ചിരിക്കണം. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സ്വകാര്യ ബസുകള്‍ സൗകര്യപൂര്‍വം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണ്. അഗ്‌നിശമന ഉപകരണങ്ങള്‍ പേരിനു മാത്രം സ്ഥാപിച്ച് വാഹനം ടെസ്റ്റ് ചെയ്യുകയാണ് പതിവ്. റീ ടെസ്റ്റ് കഴിഞ്ഞാല്‍ ഉപകരണമെടുത്തു മാറ്റുകയും ചെയ്യും. ഏറെ ഗൗരവമുള്ള പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കേരളത്തില്‍ ഓടുന്ന പകുതിയോളം വാഹനങ്ങള്‍ക്കുമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് എയര്‍ ഹോണിന് ഒരു പരിധിവരെ പരിഹാരമുണ്ടായെങ്കിലും പല സ്വകാര്യ ബസുകളിലും ലോറികളിലും ഇപ്പോഴും ഇത് തുടരുന്നു.
പുക പരിശോധന, അഗ്നി സുരക്ഷാ ഉപകരണം, അനധികൃത ഫിറ്റിങ്‌സുകള്‍ തുടങ്ങിയവക്കെല്ലാം നൂറ് രൂപയാണ് പിഴയീടാക്കുന്നത്. ഇതാണ് നിയമം ലംഘിക്കാന്‍ വാഹന ഉടമകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."