യു.ഡി.എഫ് യോഗം; മാണിയുടെ മുന്നണി പ്രവേശം ചര്‍ച്ചയാകും
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു മുന്നണി വിടുകയും കെ.എം മാണിയെ മുന്നണിയില്‍ തിരിച്ചെത്തിക്കാന്‍ നേതാക്കള്‍ നീക്കമാരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ യു.ഡി.എഫ് യോഗം ഈ മാസം 25ന് തിരുവനന്തപുരത്ത് ചേരും. കെ.എം മാണിയുടെ മുന്നണി പ്രവേശനവും നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തെളിവു കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് മാണിയെ മുന്നണിയില്‍ തിരിച്ചെത്തിക്കാന്‍ യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ നീക്കമാരംഭിച്ചത്. എന്നാല്‍, അത്തരമൊരു നീക്കം നടക്കുന്നില്ലെന്ന് മുന്നണി നേതൃത്വം പറയുന്നുണ്ടെങ്കിലും മാണിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മാണിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. മുന്നണി പ്രവേശനത്തിന് അനുകൂലമായ മറുപടി മാണിയില്‍നിന്ന് ലഭിച്ചിട്ടില്ലെങ്കിലും ക്ഷണം നിരസിച്ചിട്ടുമില്ല.
പ്രവേശനവുമായി ബന്ധപ്പെട്ട് ചില ഉപാധികള്‍ യു.ഡി.എഫ് നേതൃത്വത്തിന് മുന്നില്‍ കെ.എം മാണി മുന്നോട്ടു വച്ചതായുള്ള വാര്‍ത്തകളും അടുത്തിടെ ഉണ്ടായിരുന്നു. മാണി മുന്നോട്ടുവച്ച ഉപാധികളും യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, യോഗത്തിനു മുമ്പ് ഉമ്മന്‍ചാണ്ടി മാണിയുമായി ആശയവിനിമയം നടത്താനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്.
രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലാതെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു മുന്നണി വിട്ടതും യോഗത്തില്‍ ചര്‍ച്ചയാകും. ഇതു സംബന്ധിച്ച് യോഗത്തിനു ശേഷം മുന്നണിയുടെ പ്രതികരണവുമുണ്ടാകും. എന്നാല്‍, ജെ.ഡി.യു മുന്നണി വിട്ടത് ഗൗരവമായി എടുത്തിട്ടില്ലെന്നും ഇതുകൊണ്ട് പ്രത്യേകിച്ചൊരു ക്ഷീണം സംഭവിച്ചിട്ടില്ലെന്നുമാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജെ.ഡി.യുവില്‍നിന്ന് വിഘടിച്ച് യു.ഡി.എഫിനു പിന്തുണയുമായി നിലകൊള്ളുന്ന വിഭാഗത്തോടു സ്വീകരിക്കേണ്ട സമീപനവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നിയമസഭയുടെ ബജറ്റ് സമ്മേളന വേളയില്‍ നടക്കുന്ന യോഗമായതിനാല്‍ ബജറ്റ് ചര്‍ച്ചയിലടക്കം സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. സഭയില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാനാവശ്യമായ അനുകൂല വിഷയങ്ങള്‍ നിലവിലുണ്ടെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."