പള്ളിവാസല്‍ പദ്ധതിക്ക് പച്ചക്കൊടി: കെ.എസ്.ഇ.ബിയുടെ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതി
തൊടുപുഴ: നാലുവര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി പുതിയ കരാറുകാരെ കണ്ടെത്തി.
മള്‍ട്ടിനാഷനല്‍ കമ്പനിയായ ഭൂമി കണ്‍സ്ട്രക്ഷന്‍സാണ് 130 കോടി രൂപയ്ക്ക് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്പനിക്ക് കെ.എസ്.ഇ.ബി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. എഗ്രിമെന്റ് നടപടികള്‍ അടുത്തയാഴ്ച പൂര്‍ത്തിയാക്കി ജോലികള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയുടെ നിര്‍മാണം തുടങ്ങിയിട്ട് 11 വര്‍ഷം പിന്നിട്ടു. ഇനി മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയാണ് 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതി.
ഗുരുതര വീഴ്ചമൂലം പ്രധാന കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പ്, ഡി.ഇ.സി, സി.പി.പി.എല്‍ കണ്‍സോര്‍ഷ്യത്തെ ഒഴിവാക്കി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച ഫോര്‍ ക്ലോഷ്വര്‍ നടപടി പിണറായി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി മുന്‍നിര്‍ത്തി 75 ശതമാനവും പൂര്‍ത്തിയായ പദ്ധതി ഏതുവിധേനെയും പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രധാന കരാറുകാരെ ഒഴിവാക്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കിയത്. എന്നാല്‍, ഇവരെക്കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി പുതിയ കരാറുകാരെ തേടുകയായിരുന്നു.
റീടെന്‍ഡറില്‍ ഭൂമി കണ്‍സ്ട്രക്ഷന്‍സ് മാത്രമാണ് പങ്കെടുത്തത്. മര്‍മ്മപ്രധാന ഭാഗമായ ഇന്‍ടേക്കും 580 മീറ്റര്‍ ടണലും പൂര്‍ത്തിയാക്കുക എന്നതാണ് ഇവരുടെ പ്രധാന ദൗത്യം. സര്‍ജ് മുതല്‍ താഴോട്ട് പഴയ കരാറുകാര്‍ തന്നെ പൂര്‍ത്തിയാക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതകൂട്ടുന്നതിന്റെ ഭാഗമായി പുതുതായി 13 ഉദ്യോഗസ്ഥരെ കെ.എസ്.ഇ.ബി നിയമിച്ചു കഴിഞ്ഞു. പ്രൊജക്ട് മാനേജരായ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ. ഷാനവാസിനാണ് ചീഫ് എന്‍ജിനീയറുടെ പൂര്‍ണ അധികാരം നല്‍കിയിരിക്കുന്നത്. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് 200 കോടിയിലധികം ഇപ്പോള്‍തന്നെ മുടക്കിക്കഴിഞ്ഞു. കോടികളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ജലം, മൂന്നാറിലെ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."