ജനസാഗരമായി ഫൈസാബാദ്
ഫൈസാബാദ് (പട്ടിക്കാട്): അറിവിന്റെ പൂമരത്തണലില്‍ അണമുറിയാതെ ഒഴുകിയ ജനലക്ഷങ്ങള്‍ ഫൈസാബാദില്‍ ശുഭ്രസാഗരം തീര്‍ത്തു. ജാമിഅയുടെ വിളികേട്ട് ഒരുമയോടെ ഒരേ ലക്ഷ്യവുമായി സുന്നി കൈരളി പി.എം.എസ്.എ പൂക്കോയതങ്ങള്‍ നഗരിയിലേക്ക് ഇന്നലെ വൈകീട്ടോടെ ഒഴുകിയ വിശ്വാസി സമൂഹം ജാമിഅയുടെ വൈജ്ഞാനിക സംഭാവനകള്‍ക്ക് ഐക്യദാര്‍ഢ്യമായി.
അഞ്ച് പതിറ്റാണ്ട് മുസ്‌ലിം കൈരളിക്ക് വൈജ്ഞാനിക ദിശ നിര്‍ണയിച്ച് സ്‌നേഹസാന്നിധ്യമായി കുതിപ്പ് തുടരുന്ന ഈ സ്ഥാപനത്തെ സമുദായം നെഞ്ചേറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു ഫൈസാബാദില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയം. ആത്മീയ നേതൃനിരയിലെ മഹാസാന്നിധ്യങ്ങളും നാടിന്റെ ദീനീ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അംഗീകാരപത്രം കൈയിലേന്തിയ യുവപണ്ഡിത പ്രതിഭകളും ഒഴുകിപ്പരന്ന വിശ്വാസി ലക്ഷങ്ങളും പുതു ചരിത്രപിറവിയുടെ സാക്ഷികളായി.
കഴിഞ്ഞ അഞ്ച് ദിന രാത്രങ്ങളിലായി ആത്മീയ വൈജ്ഞാനിക ചിന്തകള്‍ പകര്‍ന്നും ഗഹനമായ പഠനങ്ങളിലൂടെ വൈജ്ഞാനിക വിഭവമൊരുക്കിയുമാണ് സമ്മേളനത്തിന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനത്തിന് മുന്നോടിയായി വൈകീട്ട് അഞ്ചിന് മദ്ഹ്‌റസൂല്‍ സംഗമം ആരംഭിച്ചപ്പോഴേക്കും പൂക്കോയതങ്ങള്‍ നഗരി നിറഞ്ഞുകവിഞ്ഞിരുന്നു.
സമാപന സമ്മേളനത്തില്‍ എം.പിമാരായ എം.ഐ.ഷാനവാസ്, പി.വി.അബ്ദുല്‍ വഹാബ്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ
അബ്ബാസലി ശിഹാബ് തങ്ങള്‍, മാണിയൂര്‍ അഹ്മദ് മൗലവി,ടി.പി ഇപ്പ മുസ്‌ലിയാര്‍, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍,ഹൈദര്‍ ഫൈസി പനങ്ങാങ്ങര,വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി തുടങ്ങിയ പണ്ഡിതന്മാര്‍, സമസ്ത കീഴ്ഘടകങ്ങളുടെ നേതാക്കള്‍, എം.എല്‍.എമാര്‍,മത, വിദ്യാഭ്യാസ,സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
ശ്രദ്ധേയമായി അറബിക് മുനാഖശ
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുനാശഖ അറബിക് സെഷന്‍ ശ്രദ്ധേയമായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി അമാനത്ത് അധ്യക്ഷനായി. അബ്ദുല്ല ഫൈസി അമാനത്ത് വിഷയാവതരണം നടത്തി. വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ഡോ.പി.ടി. അബ്ദുറഹ്മാന്‍,ഡോ. മുജീബ് റഹ്മാന്‍ നെല്ലിക്കുത്ത്,പ്രൊഫ.റഹീം കൊടശ്ശേരി,ഡോ.അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി, സല്‍മാന്‍ മര്‍ജാനി സംസാരിച്ചു.
പണ്ഡിതര്‍ വെല്ലുവിളികള്‍ അതിജയിക്കാന്‍
പ്രാപ്തരാകണം: ഹൈദരലി ശിഹാബ് തങ്ങള്‍
ഫൈസാബാദ്(പട്ടിക്കാട്): കാലികവെല്ലുവിളികള്‍ അതിജയിക്കാന്‍ പണ്ഡിതര്‍ പ്രാപ്തരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തില്‍ സനദ് ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍മാരുടെ പിന്തുടര്‍ച്ചാവകാശികളാണ് പണ്ഡിതര്‍. അധര്‍മ്മങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രതികരിക്കല്‍ പണ്ഡിത ദൗത്യമാണ്.
സ്വരാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയും കാത്സൂക്ഷിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്. സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും വേര്‍തിരിച്ചു സമൂഹത്തിനു മനസിലാക്കി കൊടുക്കാനുള്ള ബാധ്യത അറിവുള്ളവര്‍ക്കാണ്. പ്രവാചകരില്‍ ന ിന്നും നേരിട്ട് വിശ്വാസവും ആദര്‍ശവും സ്വീകരിച്ചവരിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക സന്ദേശം എത്തിയത്.
മാലിക്ദീനാറിലൂടേയും മഖ്ദൂമിലേയും മററു സൂഫീവര്യന്‍മാരിലൂടെയും വിവിധ ത്വരീഖത്തിന്റെ ശൈഖുമാരിലൂടേയുമാണ് കേരളത്തില്‍ ഇസ്‌ലാമിക പ്രഭ വ്യാപിച്ചത്. ഈ ആദര്‍ശ വിശുദ്ധിക്ക് മങ്ങലേല്‍പിക്കാന്‍ ശ്രമം നടന്നപ്പോഴാണ് സമസ്തക്ക് രൂപം നല്‍കിയത്. സമുദായത്തെ ശരിയായ ദിശയിലൂടെ സത്യമാര്‍ഗത്തിലൂടെ നയിക്കുകയാണ് സമസ്ത പണ്ഡിതന്‍മാര്‍ നിര്‍വഹിക്കുന്ന ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു.
സമുദായത്തിനു വഴികാണിച്ചും രാജ്യത്തിന്റേയും സമൂഹത്തിന്റെയും നന്‍മക്കായി നിലകൊണ്ടും മാതൃകയാവണമെന്നും തങ്ങള്‍ ഫൈസിമാരെ ഉദ്‌ബോധിപ്പിച്ചു.
ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍
മുന്നില്‍ നില്‍ക്കും: ജിഫ്്‌രി തങ്ങള്‍
സുന്നീ ഐക്യത്തിന് സമസ്ത എതിരല്ല
ഫൈസാബാദ് : പ്രബോധന സാഹചര്യങ്ങള്‍ രാജ്യത്ത് കുറഞ്ഞു വരികയാണെന്നും അതിനെതിരേ പണ്ഡിതര്‍ ജാഗ്രത പാലിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍. ജാമിഅ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുത്വലാഖ് നിരോധനബില്‍ പോലുള്ള നിയമങ്ങളിലൂടെ മതത്തിനു നേരെ കൈയേറ്റം നടത്തുകയാണ് ഫാസിസ്റ്റുകള്‍. ഭരണഘടനാനുസൃതമായ മത സ്വാതന്ത്ര്യം തടയപ്പെട്ടു കൂടാ. ഉലമാക്കളും ഉമറാക്കളും യോജിച്ചു നിന്ന മുന്നേറ്റമാണ് കേരളത്തിന്റെ പാരമ്പര്യം. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ സമസ്ത എന്നും മുന്നില്‍ നില്‍ക്കും. സുന്നീ ആദര്‍ശത്തെ ശീഇസമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമമാണ് ബിദഇ കക്ഷികളുടേത്. സ്വഹാബി വര്യന്‍മാരെ ഇകഴ്ത്തുന്ന നിലപാടാണ് വഹാബിസത്തിന്റെത്. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തെ പ്രചരിപ്പിക്കാനും പുത്തന്‍ വാദങ്ങളെ പ്രതിരോധിക്കാനും ബിരുദം വാങ്ങുന്ന പണ്ഡിതന്‍മാര്‍ മുന്നോട്ടുവരണം.
സുന്നീ ഐക്യത്തിന് സമസ്ത എതിരല്ല. എന്നാല്‍ സമസ്തയുടെ ആദര്‍ശത്തെ പണയപ്പെടുത്തിയുള്ള ഐക്യത്തിനു സന്നദ്ധമല്ല. ഐക്യത്തെ സംബന്ധിച്ച് ആധികാരികമായി സമസ്ത പണ്ഡിതന്മാര്‍ തീരുമാനമെടുത്ത് സമൂഹത്തെ അറിയിക്കും. അല്ലാത്ത കിംവദന്തികള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ശരീഅത്ത് സംരക്ഷിക്കാന്‍ സമുദായം ഒന്നിക്കേണ്ടത് അനിവാര്യം:
അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍
ഫൈസാബാദ്(പട്ടിക്കാട്): ശരീഅത്ത് നിയമങ്ങള്‍ സംരക്ഷിക്കാന്‍ സമുദായം ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്ന് സമസ്ത ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈല്‍.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് 55ാം വാര്‍ഷിക 53ാം സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'ശാക്തീകരണം' സെഷനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ സമൂഹത്തിന് പുരോഗതി കൈവരിക്കാനാകുകയുള്ളൂ എന്നും അതിലൂടെ മാത്രമേ സാമൂഹിക ശാക്തീകരണം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കെ.ടി.ഹംസമുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.വി.മുഹമ്മദലി വിഷയാവതരണം നടത്തി. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, സി.പി.സൈതലവി,സി.എച്ച്.ത്വയ്യിബ് ഫൈസി,സിദ്ദീഖ് ഫൈസി വാളക്കുളം,മുജീബ് ഫൈസി പൂലോട്,ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, റിശാദലി ഓമാനൂര്‍ സംസാരിച്ചു. എസ്.കെ.ഹംസ ഹാജി,കാടാമ്പുഴ മൂസ ഹാജി,ഹംസ ഹാജി മൂന്നിയൂര്‍,ശമീര്‍ ഫൈസി ഒടമല,ശഹീര്‍ അന്‍വരി പുറങ്ങ ്‌സംബന്ധിച്ചു.
വിവാഹ കരാറിനെ എഴുതിത്തള്ളാനുള്ള പ്രാകൃത നിയമം: ഗുലാം നബി ആസാദ്
മുത്വലാഖ് നിരോധന ബില്‍
ഫൈസാബാദ്: മുസ്‌ലിം സമുദായത്തിന്റെ വിവാഹക്കരാറിനെ എഴുതിതള്ളാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രാകൃതനിയമമാണ് മുത്വലാഖ് നിരോധന ബില്ലെന്നും അതിനാല്‍ ബില്‍ സ്വീകാര്യമല്ലെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്.
ജാമിഅ നൂരിയ്യ ബിരുദദാന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നടപ്പിലാക്കിയത് ബി.ജെ.പിയുടെ നിയമം ആണ്. അത് രാജ്യത്തിന്റെ നിയമമായി അംഗീകരിക്കാനാകില്ല. മൂന്ന് വര്‍ഷം തടവില്‍ കിടക്കുന്നവന്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കുക എന്നത് എന്ത് നീതിയാണ്. രാജ്യസഭയില്‍ ഇക്കാര്യത്തില്‍ തങ്ങള്‍ പ്രക്ഷോഭം നടത്തിയിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ പൈതൃകം.പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനുമുള്ള രാജ്യത്തിന്റെ ബഹുസ്വരതയെ ഉയര്‍ത്തിപിടിച്ചു രാജ്യം മുന്നോട്ടുപോവണമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനത്തിനു ഏറെ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. വൈജ്ഞാനിക രംഗത്ത് ലോകത്തിനു വലിയ സംഭാവനകളാണ് മുസ്‌ലിം സമുദായം നല്‍കിയത്. ശാസ്ത്രീയ കണ്ടെത്ത
ലുകളും ഗവേഷണങ്ങളും വഴി ശാസ്ത്ര ലോകത്തിനു വഴികാണിച്ചവരാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍.
ഇക്കാര്യത്തില്‍ യൂറോപ്പിനു വഴികാണിച്ചത് പൂര്‍വിക മുസ്‌ലിം പണ്ഡിതന്‍മാരായിരുന്നു. വിശ്വാസപരമായ പഠനങ്ങളും ചിന്തയും ഉള്‍ക്കൊണ്ട ദൗത്യമാണ് പണ്ഡിതന്‍മാര്‍ നിര്‍വഹിച്ചത്. കേരളത്തില്‍ വിജ്ഞാന പ്രചാരണ രംഗത്ത് പണ്ഡിതന്‍മാരെ വാര്‍ത്തെടുത്തു സേവനം ചെയ്യുന്ന ജാമിഅ നൂരിയ്യ രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മതബോധം പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഫൈസാബാദ്: കേരള മുസ്‌ലിംകളുടെ ഇസ്‌ലാമിക ബോധത്തിന്റെ സവിശേഷത പാരമ്പര്യമെന്നു സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. യമനികളുടെ കുടിയേറ്റവും സാംസ്‌കാരിക ഇടപെടലുകളുമാണ് കേരള മുസ്‌ലിംകളുടെ പാരമ്പര്യം.
ഹള്‌റമീ കുടിയേറ്റങ്ങളെ കുറിച്ചു അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ വളര്‍ന്നുവരുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ കേരളീയ മുസ്‌ലിംകളുടെ ചരിത്രപരമായ പ്രാധാന്യത്തെയും പൈതൃകത്തേയും ശക്തിപ്പെടുത്തും.
ഇസ്‌ലാമികമായ തനിമയുടെ ഈ രീതി ഏറ്റെടുക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ സമസ്തക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കു നേതൃപരമായ പങ്കാണ് മുന്‍ഗാമികള്‍ കാണിച്ചു തന്നത്.
പണ്ഡിതന്‍മാര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് സമൂഹത്തില്‍ നിര്‍വഹിക്കാനുള്ളത്.
സമൂഹത്തിനു മാതൃകയായി ജീവിച്ചും ഇസ്‌ലാമിക മൂല്യങ്ങളെ സമൂഹത്തിനു പ്രബോധനം ചെയ്യുന്നതിനും സേവനം ചെയ്യാനും സമുദായത്തിന്റെ നന്‍മക്ക് വേണ്ടി നിലകൊള്ളാനും ഫൈസിമാര്‍ നിലകൊള്ളണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗത്തില്‍ പറഞ്ഞു.
ഫലസ്തീനികള്‍ അനുഭവിക്കുന്നത്
തുല്യതയില്ലാത്ത ക്രൂരത: അദ്‌നാന്‍ അബൂ ഹൈജ
ഫൈസാബാദ്(പട്ടിക്കാട്): ഫലസ്തീനികള്‍ അനുഭവിക്കുന്നത് തുല്യതയില്ലാത്ത ക്രൂരതയാണെന്ന ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബൂ ഹൈജ. പട്ടിക്കാട് ജാമിഅ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എറ്റവും വലിയ ക്രൂരമായ അധിനിവേശമാണ് ഫലസ്തീന്‍ ജനതക്കു മേല്‍ ഇസ്‌റാഈല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ പൗരത്വമുള്ള ഫലസ്ഥീനികളോട് വ്യത്യസ്ഥ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. അറബികള്‍ക്ക് ഒരു നിയമവും ജൂതര്‍ക്ക് മറ്റൊന്നുമാണ്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുന്നത് വരെ മധ്യ പൂര്‍വ്വേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്ന്.
അമേരിക്കന്‍യൂറോപ്യന്‍ കൊളൊണിയലിസത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതമായത്. അമേരിക്കയാണ് ഇസ്‌റാഈലിനെ സംരക്ഷിക്കുന്നത്. 1948 മുതല്‍ ഫലസ്തീനുമായി യു.എന്‍ സുരക്ഷാ സമിതി ഉണ്ടാക്കിയ 86 കരാറുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. 43 തവണയാണ് അമേരിക്ക വീറ്റോ ചെയ്തത്.
കഴിഞ്ഞ മാസം അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെതിരേ യു.എന്‍ സുരക്ഷാ സമിതിയില്‍ വന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. യു.എന്‍ പൊതു സഭയില്‍ 129 രാഷ്ട്രങ്ങളാണ് ഫലസ്തീനെ പിന്തുണച്ചത്. യു.എന്‍ പൊതുസഭയില്‍ ഫലസ്തീനോട് അനുകൂല നിലപാട് സ്വീകരിച്ച ഇന്ത്യയോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."