അതിര്‍ത്തി കടന്നും ശത്രുക്കളെ വകവരുത്തും: രാജ്‌നാഥ്‌സിങ്
ലഖ്‌നൗ: പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ത്യക്ക് ശത്രുക്കളെ സ്വന്തം മണ്ണില്‍വച്ച് മാത്രമല്ല, അതിര്‍ത്തി കടന്നും വകവരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവില്‍ ഭാരതീയ റെയില്‍വേ മാല്‍ ഗോദാം ഷ്രമിക് സംഘിനെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് ശക്തമായ താക്കീത് നല്‍കിയാണ് രാജ്‌നാഥ്‌സിങിന്റെ പ്രസംഗം. അതിര്‍ത്തി കടന്നും ആക്രമണം നടത്താനാകുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മുന്‍പ് അഞ്ച് കരസേനാ ഉദ്യോഗസ്ഥര്‍ ജമ്മു കശ്മിരിലെ പൂഞ്ച് മേഖലയില്‍ നിന്ന് അതിര്‍ത്തി കടന്ന് പാകിസ്താന്‍ പോസ്റ്റ് തകര്‍ക്കുകയും മൂന്ന് പാകിസ്താനി പട്ടാളക്കാരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഉദ്ധരിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മിരിലെ അഞ്ച് ജില്ലകളിലേക്ക് പാകിസ്താന്‍ തുടര്‍ച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് നിന്ന് പതിനായിരത്തിലധികം ആളുകള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.
പാകിസ്താനുമായി സൗഹൃദബന്ധത്തിനാണ് ഇന്ത്യക്ക് താല്‍പര്യം. എന്നാല്‍ പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കാതെ അത് സാധ്യമാകില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിക്കുകയാണെന്നും രാജ്യാന്തര തലത്തില്‍ സാമ്പത്തിക വിദഗ്ധരെല്ലാം തന്നെ ഇന്ത്യയെ അംഗീകരിച്ചതായും രാജ്‌നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."