സൈനബ് വധം: പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്ന് അന്ത്യശാസന
ഇസ്ലാമാബാദ്: പാകിസ്താനില്‍ കോളിളക്കം സൃഷ്ടിച്ച ഏഴുവയസുകാരി സൈനബിന്റെ വധത്തില്‍ കുറ്റവാളിയെ 72 മണിക്കൂറിനകം പിടികൂടണമെന്ന് പാകിസ്താന് സുപ്രിംകോടതി. പഞ്ചാബ് പൊലിസിനാണ് കോടതിയുടെ അന്ത്യശാസന. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പഞ്ചാബ് പൊലിസിനായിരുന്നില്ല. രണ്ട് ആഴ്ചയ്ക്കിടെ കേസില്‍ സംശയിക്കുന്ന 800 പേരുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍നിന്ന് യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. അതിനിടെ, കൊലയാളിയെന്നു സംശയിച്ചു വകവരുത്തിയ യുവാവ് യഥാര്‍ഥ പ്രതിയല്ലെന്ന് ആരോപണമുയര്‍ന്നതും പൊലിസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ഈമാസം ഒന്‍പതിനാണു വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നു സൈനബിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടിയൊഴുകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."