പ്രകൃതി ചികിത്സ: സര്‍ക്കാര്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്ന് സ്വാമി അഗ്നിവേശ്
കൊച്ചി: പ്രകൃതി ചികിത്സ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്ന് പ്രകൃതിചികിത്സകരുടെ ദേശീയ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സ്വാമി അഗ്നിവേശ് നിര്‍ദേശിച്ച പ്രമേയം കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഗാന്ധിയന്‍ തായാട്ട് ബാലന്‍ അവതരിപ്പിച്ചു. പ്രകൃതിചികിത്സകര്‍ നിരന്തരം അവഹേളിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.
അലോപ്പതിയെയല്ല പ്രകൃതിജീവനത്തെയാണ് പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മറിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തംശരീരം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധമായി പരിപാലിക്കേണ്ടതുണ്ട്. ശരീരം നന്നാക്കുമെന്ന് നാം കരുതുന്ന അലോപ്പതി മരുന്നുകള്‍ നമ്മുടെ ചെലവില്‍ നമ്മുടെ അന്ത്യവും വരുത്തുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാനസിക അധിനിവേശത്തിനെതിരേ ഒറ്റക്കെട്ടായി പോരാടണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.
മൂന്ന് ദിവസത്തെ ദേശീയ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് എം. ഐ മാത്യൂസ് വൈദ്യന്‍, മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യന്‍, ഹരിപ്പാട് പി എസ് സോമന്‍ വൈദ്യന്‍ (ആത്മാനന്ദയോഗി), ഇടുക്കിയിലെ അന്നംകുട്ടി ജോസഫ്, ഇടുക്കി പാമ്പാടുംപാറയിലെ പി.വി ബാലകൃഷ്ണന്‍, സ്വാമി നിര്‍മലാനന്ദഗിരിയുടെ ശിഷ്യനായ കെ രവീന്ദ്രനാഥന്‍ എന്നിവരെയും ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കഞ്ചേരിയെയും സുപ്രിം കോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു.
ഡോ.എം.പി മത്തായി അധ്യക്ഷനായി. ഡോ. എം ബാപ്പുജി, രവീന്ദ്രനാഥ്, ഡോ. ജയന്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."