ഡോക്ടര്‍മാര്‍ ക്യാമ്പ് നടത്തി; സുഹൃത്തിന്റെ ഓര്‍മയ്ക്കായി
കാളികാവ്: രക്താര്‍ബുദം ബാധിച്ചു മരിച്ച സഹപ്രവര്‍ത്തകന്റെ ഓര്‍മക്കായി ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പൊരുക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഒരു വര്‍ഷം മുമ്പു മരണപ്പെട്ട മഞ്ചേരി മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റ് ഡോക്ടര്‍ എം.പി സത്യനാരായണന്റെ ഓര്‍മ പുതുക്കാനാണു ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒന്നിച്ചു ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചത്. കെ.ജി.എം.ഒ.എ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതിയംഗവും കൂടിയായിരുന്ന ഡോക്ടര്‍ അര്‍ബുദം ബാധിച്ചാണു മരണപ്പെട്ടത്. ഡോക്ടറുടെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണത്തിലായിരുന്നു ക്യാംപ്.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നില മെച്ചപ്പെടുത്തുന്നതിനു നിരവധി പദ്ധതികള്‍ ഡോക്ടര്‍ സത്യനാരായണന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. സത്യനാരായണന്‍ കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ച കാളികാവിലാണ് അനുസ്മരണച്ചടങ്ങ് നടത്തിയത്. ക്യാമ്പില്‍ ഒരേ സമയം ഇരുപതിലധികം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.
പ്രാരംഭത്തില്‍ തന്നെ അര്‍ബുദരോഗ നിര്‍ണയം നടത്തിയാല്‍ ചികിത്സയിലുടെ രോഗം പൂര്‍ണമായും ഭേദമാക്കാനാവുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരത്തില്‍ രോഗം പ്രാരംഭത്തില്‍ കണ്ടെത്താനുള്ള ശ്രമമാണ് കെ.ജി.എം.ഒ.എ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അര്‍ബുദ രോഗ ലക്ഷണങ്ങള്‍ മുന്‍നിര്‍ത്തി കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രാഥമിക കണക്കെടുപ്പു പൂര്‍ത്തിയാക്കി ആശാ പ്രവര്‍ത്തകര്‍ രോഗികളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നേരത്തെ തന്നെ നടത്തിയിരുന്നു.
അനുസ്മരണ സമ്മേളനം കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ മധു എറണാകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ഹംസ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."