കേരളത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി തമിഴ്‌നാട് കവര്‍ന്നു
നെയ്യാറ്റിന്‍കര: അഗസ്ത്യമലയ്ക്ക് സമീപമുള്ള കേരളത്തിന്റെ രണ്ടായിരം ഏക്കറോളം ഭൂമി തമിഴ്‌നാട് സ്വന്തമാക്കി. സംഭവത്തില്‍ അധികൃതര്‍ക്ക് മൗനം. വെള്ളറട-അമ്പൂരി പഞ്ചായത്ത് അതിര്‍ത്തികളിലെ എല്‍ക കല്ല് (എല്ല കല്ല്) മുതല്‍ ഉരുണ്ടപാറവരെയും ആറുകാണി മുതല്‍ കറ്റുവ വരെയുള്ള പ്രദേശങ്ങളാണ് തമിഴ്‌നാട് സ്വന്തമാക്കിയത്. പതിറ്റാണ്ടുകളായി ഈ മേഖലയില്‍ തമിഴ് നാട് നടത്തുന്ന കൈയേറ്റങ്ങള്‍ക്കെതിരേ നിസംഗത പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മറയാക്കി കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ കൈയിപ്പിടിയിലാക്കാനാണ് അയല്‍ സംസ്ഥാനത്തിന്റെ നീക്കം. ധാരാളം നദികള്‍ ഉത്ഭവിക്കുന്ന അഗസ്ത്യ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ തങ്ങളുടേതാക്കി ഭാവിയില്‍ വെള്ളത്തിനുള്‍പ്പെടെ അവകാശം സ്ഥാപിച്ചെടുക്കുകയാണ് തമിഴ് നാടിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരള-തമിഴ്‌നാട് അതിര്‍ത്തി നിര്‍ണയത്തില്‍ കറ്റുവ മുതല്‍ ചെമ്പകപാറവരെയുള്ള പ്രദേശങ്ങള്‍ കേരളത്തിന്റെ ഭാഗമായി നിലനിര്‍ത്താനായിരുന്നു ജനഹിതം. അതനുസരിച്ച് കറ്റുവ മുതല്‍ അരഹനാട് , പുലിയൂര്‍ശാല വരെയുള്ള പ്രദേശങ്ങള്‍ തമിഴ്‌നാടിന്റെ ഭാഗമായി. കറ്റുവ മുതല്‍ ചെമ്പകപ്പാറ, അണമുഖം, കടുക്കറ വരെയുള്ള ഭാഗങ്ങള്‍ വെള്ളറട പഞ്ചായത്തിലെ കുന്നത്തുകാല്‍ വില്ലേജിലെ 'ബി ' സെക്ഷനില്‍ ഉള്‍പ്പെട്ടതായിരുന്നു. നാട്ടുകാര്‍ എല്ലാം മലയാളികളാണെങ്കിലും കേരളത്തിന്റെ ഭരണ സ്വധീനങ്ങളോ വികസനങ്ങളോ ഈ പ്രദേശങ്ങളില്‍ എത്തിയിരുന്നില്ല. എന്നാല്‍ വന പ്രദേശവും നിബിഡ റബര്‍ കാടുകളും നിറഞ്ഞ ഈ പ്രദേശങ്ങളെ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. ഇത് മനസിലാക്കിയ തമിഴ്‌നാട് കറ്റുവ മുതല്‍ എല്‍ക കല്ല് , കുറുത്തി, ഉരുണ്ടപ്പാറ, കൂനിച്ചി-കൊണ്ടകെട്ടി മലകള്‍ തുടങ്ങി കടുക്കറ വരെയുള്ള പ്രദേശങ്ങളിലെ വീടുകള്‍ക്ക് ആക്കാലത്ത് നമ്പര്‍ ഇടുകയായിരുന്നു. കേരളത്തിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ ഒടുവില്‍ യാന്ത്രികമായി തമിഴ്‌നാടിന്റെ ഭാഗമാകുകയായിരുന്നു. ഇപ്പോള്‍ ഈ മേഖലയില്‍ നിര്‍മിക്കുന്ന പുതിയ വീടുകള്‍ക്കും തമിഴ്‌നാട് ആണ് നമ്പര്‍ ഇടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
തമിഴ് നാട് ഈ രീതിയില്‍ കൈയേറ്റം തുടര്‍ന്നതോടെ ഒരുനൂറാംവയല്‍, കീമല, ആനനിറുത്തി, തൂളി, പ്ലാമൂട് വന പ്രദേശങ്ങളും കേരളത്തിന് നഷ്ടമായി. ലോകം കേളി കൊട്ടുന്ന ജൈവവൈവിധ്യ മേഖലയായ അഗസ്ത്യമലയുടെ പാര്‍ശ്വഭാഗങ്ങളാണ് ഇപ്രകാരം കേരളത്തിന് നഷ്ടമായത്. അഗസ്ത്യമലയിന്‍ നിന്നുത്ഭവിക്കുന്ന ചിറ്റാറിലെ വെള്ളത്തിനും തമിഴ് നാട് സമീപകാലത്തായി അവകാശം ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇവിടെ നിന്ന് ഉത്ഭവിക്കുന്നതും നെയ്യാറിന്റെ പോഷകനദികളുമായ നാച്ചിയാര്‍, കരിപ്പയാര്‍ തുടങ്ങിയവയ്ക്കും തമിഴ്‌നാട് അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. നെയ്യാര്‍ ഡാമിലെ വെള്ളം ആവശ്യപ്പെട്ട് മുന്‍പ് തമിഴ്‌നാട് സുപ്രിം കോടതിയെ വരെ സമീപിച്ചതാണ്. തമിഴ്‌നാട് കൈയടക്കിയ ഈ പ്രദേശത്തുകൂടെ അഗസ്ത്യമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് അനധികൃതമായി അനേകം പേര്‍ സഞ്ചരിക്കുന്നതിനെതിരേ കേരള വനം വകുപ്പിന് നിയമപരമായി നടപടിയെടുക്കാന്‍ കഴിയാതെയും വരുന്നുണ്ട്.
ആനവേട്ടക്കാരും വനം കൊള്ളക്കാരും ഈ അതിര്‍ത്തി രേഖകള്‍ കടന്നാണ് കേരളത്തിലെ വന പ്രദേശങ്ങള്‍ കൈയടക്കിയത്. അഗസ്ത്യമലയുടെ പ്രാന്ത പ്രദേശങ്ങള്‍ നഷ്ടപ്പെട്ടത് കേരളത്തിന് കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഈ പ്രദേശങ്ങളിലേറെയും തമിഴ്‌നാട് സര്‍ക്കാര്‍ റബര്‍ പ്ലാന്റേഷനുകള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുകയാണ്. തമിഴ് നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങി പ്രശ്‌നമുണ്ടാക്കുന്ന കാട്ടുപന്നികളേയും കുരങ്ങന്‍മാരേയും മറ്റും പിടികൂടി കേരളത്തിന്റെ വനപ്രദേശത്തോട് ചേര്‍ന്ന് തുറന്നുവിടുകയാണ് ചെയ്യുന്നത്. ഇവ തൊട്ടടുത്ത കേരളത്തിലെ ജനവാസ മേഖലയിലിറങ്ങി കര്‍ഷകര്‍ക്കുണ്ടാക്കുന്ന നാശം ചില്ലറയല്ല.
കേരളത്തിന്റെ നിസംഗ മനോഭാവം മുതലാക്കുന്ന അയല്‍ സംസ്ഥാനത്തിനെതിരേ നടപടിക്ക് തുനിയാതിരിക്കുന്നത് നഷ്ടമാക്കുക അഗസ്ത്യ വനമേഖലയിലെ അമൂല്യസമ്പത്തുകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."