ഡിപോര്‍ടീവോയെ കണ്ടം വഴി ഓടിച്ച് റയല്‍
മാഡ്രിഡ്: ഇങ്ങനെയൊരു തിരിച്ചടി ഡിപോര്‍ടീവോ ലാ കൊരുണ താരങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. റയല്‍ മാഡ്രിഡിനെതിരായ പോരാട്ടത്തില്‍ 23ാം മിനുട്ടില്‍ അഡ്രിയാന്‍ നേടിയ ഗോളില്‍ മുന്നില്‍ നിന്ന ഡിപോര്‍ടീവോ കളി അവസാനിച്ചപ്പോള്‍ സ്വന്തം പോസ്റ്റില്‍ വാങ്ങി കൂട്ടിയത് ഏഴ് ഗോളുകള്‍. സൂപ്പര്‍ താരങ്ങള്‍ അരയും തലയും മുറുക്കി ഗോളടിക്കാന്‍ മത്സരിച്ചപ്പോള്‍ ഡിപോര്‍ടീവോയുടെ തോല്‍വി ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക്.
ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അഞ്ചും ഗോളുകളാണ് റയല്‍ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍, നാചോ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഒരു ഗോള്‍ മോഡ്രിചിന്റെ വകയായിരുന്നു.
ഈ സീസണില്‍ സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാന്‍ പാടുപെടുന്ന റയല്‍ വന്‍ തിരിച്ചുവരവ് സാധ്യമാക്കുന്ന പ്രകടനമാണ് സ്വന്തം തട്ടകത്തില്‍ പുറത്തെടുത്തത്. നാചോ 32, 88 മിനുട്ടുകളിലും ബെയ്ല്‍ 42, 58 മിനുട്ടുകളിലും ക്രിസ്റ്റ്യാനോ 78, 84 മിനുട്ടുകളിലും മോഡ്രിച് 68ാം മിനുട്ടിലുമാണ് വല ചലിപ്പിച്ചത്. ജയത്തോടെ അവര്‍ നാലാം സ്ഥാനത്ത് തുടരുന്നു.
മറ്റ് മത്സരങ്ങളില്‍ വിയ്യാറല്‍ സ്വന്തം തട്ടകത്തില്‍ ലെവാന്റെയെയേയും ലാസ് പല്‍മാസ് വലന്‍സിയയേയും 2-1ന് പരാജയപ്പെടുത്തി. അലാവെസ്- ലെഗാനസ് പോരാട്ടം 2-2ന് സമനില.
നാട്ടങ്കത്തില്‍ മോഹന്‍ ബഗാന്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തന്‍ നാട്ടങ്കത്തില്‍ മോഹന്‍ ബഗാന് വിജയം. ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ 2-0ത്തിന് വീഴ്ത്തിയാണ് ഐ ലീഗിലെ മറ്റൊരു നാട്ടങ്കത്തില്‍ കൂടി ബഗാന്‍ വിജയം പിടിച്ചത്. പിയറിക് ഡിബാന്‍ഡയുടെ ഇരട്ട ഗോളുകളാണ് മോഹന്‍ ബഗാന് വിജയമൊരുക്കിയത്.
ബയേണിന് വിജയം
മ്യൂണിക്ക്: ത്രില്ലര്‍ പോരാട്ടത്തില്‍ വെര്‍ഡര്‍ ബ്രെമനെ 4-2ന് വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മുന്നേറ്റം തുടരുന്നു. ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ബയേണ്‍ വിജയിച്ചത്.
മറ്റൊരു മത്സരത്തില്‍ ലെയ്പ്‌സിഗിനെ 1-2ന് ഫ്രീബര്‍ഗ് അട്ടിമറിച്ചു.
കൊളോണ്‍ 2-0ത്തിന് ഹാംബര്‍ഗറിനെ വീഴ്ത്തിയപ്പോള്‍ കരുത്തരായ ഹോഫെന്‍ഹെയിമിനെ അവരുടെ തട്ടകത്തില്‍ ബയര്‍ ലെവര്‍കൂസന്‍ 4-1ന് പരാജയപ്പെടുത്തിയതും ശ്രദ്ധേയമായി. മെയ്ന്‍സ് 3-2ന് സ്റ്റുട്ട്ഗര്‍ടിനേയും ഫ്രാങ്ക്ഫര്‍ട് 3-1ന് വോള്‍വ്‌സ്ബര്‍ഗിനേയും മോണ്‍ചെന്‍ഗ്ലെഡ്ബാച് 2-0ത്തിന് ഓഗ്‌സ്ബര്‍ഗിനേയും പരാജയപ്പെടുത്തി.
വിജയം തുടര്‍ന്ന് സിറ്റി
ലണ്ടന്‍: സീസണില്‍ മിന്നും ഫോമിലുള്ള സെര്‍ജിയോ അഗ്യെറോയുടെ ഹാട്രിക്ക് ഗോള്‍ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയം തുടരുന്നു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അവര്‍ ന്യൂകാസില്‍ യുനൈറ്റഡിനെയാണ് വീഴ്ത്തിയത്.
നാപോളിക്ക് വിജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ നാപോളി, ലാസിയോ ടീമുകള്‍ക്ക് വിജയം. നാപോളി എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് അറ്റ്‌ലാന്റയെ വീഴ്ത്തി. ലാസിയോ 5-1ന് ചീവോയെ പരാജയപ്പെടുത്തി. സംപ്‌ഡോറിയ, ബോലോഗ്ന ടീമുകളും വിജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."