നദാല്‍, വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ആസ്‌ത്രേലിയന്‍ ഓപണിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രിഗറി ദിമിത്രോവ്, മരിന്‍ സിലിച് എന്നിവരും ക്വാര്‍ട്ടറിലേക്ക് കടന്നു. വനിതാ വിഭാഗത്തില്‍ കരോലിന്‍ വോസ്‌നിയാക്കി, സുവാരസ് നവരോ, സ്വിറ്റോലിന എന്നിവരും അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചു.
അര്‍ജന്റീന താരം ഡീഗോ ഷ്വാര്‍ട്‌സ്മന്‍ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് നദാല്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം വിജയിച്ചത്. ആദ്യ സെറ്റ് നദാല്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ടൈ ബ്രേക്കറിലാണ് സെറ്റ് നിര്‍ണയിക്കപ്പെട്ടത്. പിന്നീട് രണ്ട് സെറ്റുകള്‍ നദാല്‍ അനായാസം കൈക്കലാക്കിയാണ് വിജയം പിടിച്ചത്. സ്‌കോര്‍: 6-4, 6-7 (4-7), 6-3, 6-3.
ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച് സ്‌പെയിനിന്റെ കരെനോ ബുസ്റ്റയെ വീഴ്ത്തി. സ്‌കോര്‍: 6-7 (2-7), 6-3, 7-6 (7-0), 7-6 (7-3).
ബള്‍ഗേറിയന്‍ താരം ഗ്രിഗറി ദിമിത്രോവ് ആസ്‌ത്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെയാണ് പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 7-6 (7-3), 7-6 (7-4), 4-6, 7-6 (7-4) എന്ന സ്‌കോറിനാണ് ദിമിത്രോവിന്റെ വിജയം.
ബ്രിട്ടീഷ് യുവ താരം കെയ്‌ലെ എഡ്മുണ്ടും ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെയാണ് ബ്രിട്ടീഷ് താരം വീഴ്ത്തിയത്. സ്‌കോര്‍: 7-6 (7-4), 7-5, 6-2, 6-3.
ക്വാര്‍ട്ടറില്‍ നദാല്‍- സിലിച്, ദിമിത്രോവ്- എഡ്മുണ്ട് പോരാട്ടങ്ങള്‍ അരങ്ങേറും.
വനിതാ പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ കരോലിന്‍ വോസ്‌നിയാക്കി സ്ലോവാക്യയുടെ റൈബറികോവയെ വീഴ്ത്തിയാണ് ക്വര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-3, 6-0.
പെയ്‌സ് സഖ്യം പുറത്ത്;
ബൊപ്പണ്ണ സഖ്യം പ്രീ ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലിയാണ്ടര്‍ പെയ്‌സ്- പുരവ് രാജ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഹംഗറിയുടെ ടിമിയ ബാബോസും ചേര്‍ന്ന സഖ്യം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.
സെബാസ്റ്റ്യന്‍ കാബല്‍- റോബര്‍ട്ട് ഫറ എന്നിവര്‍ ചേര്‍ന്ന കൊളംബിയന്‍ സഖ്യമാണ് പെയ്‌സ് സഖ്യത്തെ കീഴടക്കിയത്. 6-1, 6-2 എന്ന സ്‌കോറിന് അനായാസമായാണ് കൊളംബിയന്‍ സഖ്യം വിജയം സ്വന്തമാക്കിയത്. മിക്‌സഡ് ഡബിള്‍സില്‍ ആസ്‌ത്രേലിയന്‍ സഖ്യമായ അന്‍ഡ്രു വിറ്റിങ്ടന്‍- എല്ലന്‍ പെരസ് സഖ്യത്തെ വീഴ്ത്തിയാണ് ബൊപ്പണ്ണ സഖ്യം വിജയം പിടിച്ചത്. സ്‌കോര്‍: 6-2, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."