HOME
DETAILS

സി.പി.എമ്മിന്റെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് പ്രാദേശികമായ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് -ബല്‍റാം

  
backup
January 22 2018 | 07:01 AM

kerala22-01-18-vt-balaram-fb-post

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുന്ന സി.പി.എം നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി ബല്‍റാം. ഫേസ് ബുക്ക് വഴിയാണ് ബല്‍റാം തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്.

വരുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ പിന്തുണ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നെഴുതുന്നു. എന്നാല്‍ ഈ രാജ്യവും  രാഷ്ട്രസങ്കല്‍പ്പങ്ങളുടെ അടിത്തറയായ ഭരണഘടനാ മൂല്യങ്ങളും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന ഫാഷിസ്റ്റ് കാലത്ത് ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളുടേയും ഒരു ബൃഹദ്‌സഖ്യം ഉണ്ടായിവരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിനെ സിപിഎം പിന്തുണക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. അതിന്റെപേരില്‍ ആ പാര്‍ട്ടി രണ്ടായി ചേരിതിരിയുന്നതിനും കോണ്‍ഗ്രസ് ഉത്തരവാദിയല്ല. പക്ഷേ രാജ്യചരിത്രത്തിന്റെ ഒരു നിര്‍ണ്ണായക നിമിഷത്തിലും സിപിഎമ്മിന്റെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് വിശാലമായ ദേശീയതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവരുടെ പ്രാദേശികമായ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് മാത്രമാണെന്നത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്ന് അവരോര്‍ക്കുന്നത് നന്നെന്നും ബല്‍റാം മുന്നറിയിപ്പു നല്‍കുന്നു.


പൂര്‍ണരൂപം
വരുന്ന പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഈ രാജ്യവും നമ്മുടെ രാഷ്ട്രസങ്കല്‍പ്പങ്ങളുടെ അടിത്തറയായ ഭരണഘടനാ മൂല്ല്യങ്ങളും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കുന്ന ഈ ഫാഷിസ്റ്റ് കാലത്ത് ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളുടേയും ഒരു ബൃഹദ്‌സഖ്യം ഉണ്ടായിവരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. ആ വിശാല മതേതര കൂട്ടായ്മക്ക് നേതൃത്ത്വം നല്‍കാന്‍ പ്രായോഗികമായി ഇന്ന് കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതും അതിന്റെ പുറകില്‍ ഇന്നാട്ടിലെ സാമാന്യബോധമുള്ളവര്‍ അണിനിരക്കുന്നതും. അധികാരം പങ്കുവെക്കലിന്റേതായ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാറ്റിവെച്ച് പൊതുലക്ഷ്യത്തിനായി വിട്ടുവീഴ്ച ചെയ്യുക എന്ന വിശാല കാഴ്ചപ്പാടാണ് സമീപകാലത്തുടനീളം കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. ദേശീയതലത്തില്‍ സംഘ് പരിവാര്‍ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഉത്തരവാദിത്തം മുന്നില്‍ നിന്ന് ഏറ്റെടുക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി വിട്ടുവീഴ്ച ചെയ്യുന്ന കോണ്‍ഗ്രസിനേയാണ് ബീഹാറിലും യുപിയിലുമൊക്കെ നമുക്ക് കാണാനായത്. വിവിധ സാമൂഹ്യ വിഭാഗങ്ങളെ കോര്‍ത്തിണക്കിയ ഗുജറാത്ത് പരീക്ഷണവും ഈനിലയിലുള്ള നീക്കമായിരുന്നു. അത്തരം പരീക്ഷണങ്ങള്‍ എല്ലായിടത്തും പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാന്‍ കഴിയില്ലായിരിക്കാം. അതതിടത്തെ പ്രാദേശിക നേതാക്കന്മാരുടെ എതിര്‍പ്പും ആദ്യഘട്ടങ്ങളില്‍ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാല്‍ ഇതുപോലൊരു ആസുരകാലത്ത് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വീകരിക്കാന്‍ കഴിയുന്ന യുക്തിസഹമായ 'അടവുനയം' എന്താണെന്നതിനേക്കുറിച്ച് കൃത്യമായ ഒരു സമീപനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്.

കോണ്‍ഗ്രസിനോട് കൂട്ടുചേരുന്നതിനേക്കുറിച്ച് സിപിഎമ്മിനകത്ത് നടക്കുന്ന അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ അവരുടെ മാത്രം കാര്യമാണ്. സിപിഎമ്മിന്റെ പിന്തുണകൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല എന്നതാണ് വാസ്തവം. ത്രിപുരയില്‍ ആകെയുള്ള 2 സീറ്റുകളില്‍ സിപിഎമ്മിന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദേശീയതലത്തില്‍ ആ രണ്ട് സീറ്റുകള്‍ക്ക് എത്ര പ്രാധാന്യമുണ്ടാകുമെന്ന് കണ്ടറിയേണ്ടിവരും. ബംഗാളില്‍ ജനങ്ങള്‍ വെറുത്ത സിപിഎമ്മിനേക്കാളും കോണ്‍ഗ്രസിന് നല്ലത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തന്നെയാണ്. സ്വയം കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ കിട്ടുന്നു എന്നത് മാത്രമല്ല, മമത ബിജെപിക്കൊപ്പം പോകാതിരിക്കുന്നു എന്നുറപ്പ് വരുത്താനും അതാണ് നല്ലത്. കേരളത്തിലാവട്ടെ,
സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസ് തന്നെയാണെന്ന് അവരുടെ സമീപനങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. 'ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും' എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സിപിഎമ്മും അതിന്റെ കേരളത്തിലെ നേതാക്കളും. അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തേക്കുറിച്ച് സിപിഎം ഇടക്കിടെ നടത്തിവരുന്ന ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനും മറ്റ് എന്തില്‍നിന്നൊക്കെയോ ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയുമുള്ള അവരുടെ കൗശലം മാത്രമാവാനേ തരമുള്ളൂ.

കോണ്‍ഗ്രസിനോട് അയിത്തം പാലിക്കാന്‍ സിപിഎമ്മും അതിന്റെ ബുദ്ധിജീവികളും സ്ഥിരമായി പറയുന്ന കാരണമെന്നത് കോണ്‍ഗ്രസിന്റെ 'തെറ്റായ' സാമ്പത്തിക നയമാണെന്നതാണ്. ഏത് കാലത്തും അവരുടെ പരാതി ഇത് തന്നെയാണ്. എന്നാല്‍ എന്താണ് ഇവര്‍ക്ക് മുന്നോട്ടുവെക്കാനുള്ള 'ശരിയായ' സാമ്പത്തിക നയം എന്നോ ലോകത്തെവിടെയാണ് ആ നയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത് എന്നോ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത് വിജയിക്കുമെന്നതിന് എന്താണുറപ്പ് എന്നോ ഒരിക്കലും ജനങ്ങള്‍ക്ക് മനസ്സിലാവുന്നമട്ടില്‍ വിശദീകരിക്കാന്‍ അവര്‍ക്കായിട്ടില്ല. സ്ഥിരം താത്വികവിശകലനങ്ങള്‍ക്കും ബാലിശ ഒഴിവുകഴിവുകള്‍ക്കും പ്രത്യയശാസ്ത്ര ഇരട്ടത്താപ്പുകള്‍ക്കുമപ്പുറം പ്രായോഗികവും പ്രയോജനക്ഷമവുമായ ഒരു സമഗ്രസാമ്പത്തികനയം ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷത്തിന് ഒരുകാലത്തും മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ലോകത്തെവിടെയും മാര്‍ക്‌സിയന്‍ സാമ്പത്തികക്രമം വിജയകരമായി നിലനില്‍ക്കുന്നില്ല.

ഇന്ത്യക്ക് അനുയോജ്യം തുറന്നതും മത്സരോന്മുഖവും ന്യായമായ രീതിയില്‍ മാത്രം റഗുലേറ്റ് ചെയ്യപ്പെട്ടതുമായ ഒരു വിപണി സമ്പദ്‌വ്യവസ്ഥയാണ് എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക കാഴ്ചപ്പാട്. രാജീവ് ഗാന്ധിയുടെ കാലത്ത് തുടക്കം കുറിച്ചതെങ്കിലും പിന്നീട് വന്ന നരസിംഹ റാവുവും ഡോ. മന്മോഹന്‍ സിംഗും ചേര്‍ന്ന് തൊണ്ണൂറുകളില്‍ ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോയ സാമ്പത്തിക പരിഷ്‌ക്കരണങ്ങളില്‍ കോണ്‍ഗ്രസ് അഭിമാനിക്കുന്നു. സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നിന്ന് ലോകത്തെ ഏറ്റവും വികസ്വരമായ വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി, ഇന്ന് കാണുന്ന ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത് കോണ്‍ഗ്രസ് തുടങ്ങിവെച്ച ആ പുതിയ സാമ്പത്തികനയങ്ങള്‍ തന്നെയാണ്. ക്ഷേമപദ്ധതികളും അടിസ്ഥാനസൗകര്യവികസന പദ്ധതികളും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളുമൊക്കെ ആവിഷ്‌ക്കരിക്കാന്‍ നമുക്ക് കഴിയുന്നത് പുതിയ സാമ്പത്തികനയം ഇന്ത്യക്ക് നല്‍കിയ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായിട്ടാണ്. ഇതിനേക്കുറിച്ച് വിശദീകരിക്കാനാണെങ്കില്‍ ഏറെയുണ്ട്.

എന്നാല്‍ ഈ സാമ്പത്തിക നയം എന്തോ വലിയ അബദ്ധമാണെന്ന ഒരു തെറ്റിദ്ധാരണാത്മകമായ പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ കേരളത്തിലെ സാമൂഹ്യ, സാംസ്‌ക്കാരിക, മാധ്യമ രംഗത്തെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിനായി അവിടെനിന്നും ഇവിടെനിന്നുമൊക്കെ അടര്‍ത്തിമാറ്റിയെടുത്ത ചില കണക്കുകളൊക്കെ ഇക്കൂട്ടര്‍ ഉപയോഗിക്കും. അത് തുറന്നുകാട്ടാനും പൊളിച്ചെഴുതാനും കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവെ താത്പര്യം കാണിക്കാറുമില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ മതേതരത്വം, ജനാധിപത്യം, ബഹുസ്വരത, എന്നിവയേക്കുറിച്ചൊക്കെ പാടിപ്പുകഴ്ത്തുന്നവര്‍ പോലും സാമ്പത്തിക നയത്തിന്റെ കാര്യം വരുമ്പോള്‍ നൈസായി ഒഴിഞ്ഞുമാറുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. മാര്‍ക്‌സിസ്റ്റ് വാചാടോപത്തിന് കരുത്ത് പകരുന്നതും ഈ നിശബ്ദതയാണ്.

കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സാമ്പത്തിക നയങ്ങള്‍ ഒരേമട്ടിലുള്ളതാണെന്ന് സിപിഎമ്മുകാരുടെ പതിവ് ആക്ഷേപമാണ്. സിപിഎമ്മിനെ സംബന്ധിച്ച് ഈ ന്യായങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതിരിക്കാനുള്ള വെറും ഒഴിവുകഴിവ് മാത്രമാണ്. കാരണം ഇന്ന് സിപിഎമ്മും ഒരുപരിധിവരെ സിപിഐയും ഒഴിച്ച് ഇന്ത്യയിലെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിശദാംശങ്ങളില്‍ നേരിയ ഭിന്നത കാണുമെങ്കിലും പൊതുവായ സാമ്പത്തിക നയത്തേക്കുറിച്ച് സമാനാഭിപ്രായമാണുള്ളത്. അതുകൊണ്ടാണ് തൊണ്ണൂറുകള്‍ക്ക് ശേഷം വന്ന എല്ലാ സര്‍ക്കാരുകളും കോണ്‍ഗ്രസ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി സിപിഎം ഉണ്ടാക്കുമെന്ന് കിനാവ് കാണുന്ന മതേതര മുന്നണിയിലെ മറ്റ് ഏത് കക്ഷിക്കാണ് കോണ്‍ഗ്രസിന്റേതില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെട്ട സാമ്പത്തിക നയമുള്ളത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്ന ജയലളിതക്ക് എന്താ മാര്‍ക്‌സിസ്റ്റ് സാമ്പത്തിക നയമായിരുന്നോ ഉണ്ടായിരുന്നത്?

എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളും ഇന്നത്തെ ബിജെപി സര്‍ക്കാരിന്റെ നയങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ത്തന്നെ വലിയ വ്യത്യാസങ്ങളുള്ളത് സിപിഎമ്മിന്റെ മാത്രം കണ്ണില്‍ പെടുന്നില്ല. ഇന്ന് ചുരുക്കം ചില കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണം ചെയ്യുന്ന നരേന്ദ്രമോഡിയുടെ ക്രോണി കാപ്പിറ്റലിസം ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക പരിഷ്‌ക്കരണത്തെയും സര്‍വ്വാശ്ലേഷിയായ വളര്‍ച്ചയുടേയും താളം തെറ്റിക്കുന്നതാണ്. മോഡി സര്‍ക്കാര്‍ ചെറുകിട മേഖലയെ ഇല്ലാതാക്കുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ മുന്നില്‍ക്കണ്ട് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ അവകാശാധിഷ്ഠിത ക്ഷേമപദ്ധതികളും മോഡി സര്‍ക്കാര്‍ ഏതാണ്ട് ഇല്ലാതാക്കി. അതോടൊപ്പം നോട്ടുനിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയുമൊക്കെ ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ നയവിഡ്ഢിത്തങ്ങളും കാര്യക്ഷമതാരാഹിത്യവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം ഇന്ത്യയുടെ സാമ്പത്തിക ക്രമം പൂര്‍ണ്ണമായി മാറ്റി എന്നോ കാലഹരണപ്പെട്ട മാര്‍ക്‌സിയന്‍ സാമ്പത്തിക സമീപനങ്ങള്‍ സ്വീകരിക്കണം എന്നല്ല എന്ന് മാത്രം.

അതുകൊണ്ട് ചുരുക്കത്തില്‍, കോണ്‍ഗ്രസിനെ സിപിഎം പിന്തുണക്കണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുന്നില്ല. അതിന്റെപേരില്‍ ആ പാര്‍ട്ടി രണ്ടായി ചേരിതിരിയുന്നതിനും കോണ്‍ഗ്രസ് ഉത്തരവാദിയല്ല. പക്ഷേ രാജ്യചരിത്രത്തിന്റെ ഒരു നിര്‍ണ്ണായക നിമിഷത്തിലും സിപിഎമ്മിന്റെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് വിശാലമായ ദേശീയതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവരുടെ പ്രാദേശികമായ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് മാത്രമാണെന്നത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്ന് അവരോര്‍ക്കുന്നത് നന്ന്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  16 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago