സ്‌നേഹവിരുന്നിനു പ്രാര്‍ഥന ചൊരിഞ്ഞ് അവര്‍ പൂക്കോട്ടൂരില്‍ നിന്നു മടങ്ങി
ഖിലാഫത്ത് നഗര്‍(പൂക്കോട്ടൂര്‍): ഹജ്ജ് അറിവുകള്‍ നുകര്‍ന്ന് ഹാജിമാര്‍ പൂക്കോട്ടൂരില്‍ നിന്നു മടങ്ങി. ഇരുദിനങ്ങളിലായി പഠിച്ചെടുത്ത പാഠങ്ങളുമായാണ് പതിനായിരത്തോളം ഹാജിമാര്‍ ക്യാംപിനു വിടചൊല്ലിയത്.
തങ്ങളെ വിരുന്നൂട്ടിയവര്‍ക്കും രണ്ടു ദിവസങ്ങളില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോടും യാത്രപറഞ്ഞാണ് അവര്‍ മടങ്ങിയത്. പകരമായി പുണ്യഭൂമിയിലെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താനുള്ള വസിയ്യത്ത്. പരസ്പരം വികാരനിര്‍ഭരമായ നിമിഷമായിരുന്നു ഹജ്ജ് ക്യാംപിന്റെ സമാപനം. ഹജ്ജ് യാത്രക്കായി വീട്ടില്‍ നിന്നിറങ്ങിയതു മുതല്‍ മടങ്ങിയെത്തുന്നതു വരെയുള്ള കാര്യങ്ങളാണ് രണ്ടുദിവസങ്ങളിലായി അബ്ദുസമദ് പൂക്കോട്ടൂരിന്റെ പഠന ക്ലാസില്‍ വിവരിച്ചത്. ഹജ്ജിന്റെ ആത്മീയതയും കര്‍മ്മശാസ്ത്രവും വിവരിച്ച ക്യാംപില്‍ പ്രധാന അനുഷ്ഠാനങ്ങളുടെ പ്രായോഗിക പരിശീലനവും നല്‍കി. വിശുദ്ധ കഅ്ബയുടെ മാതൃകയും ഇതിനായി തയ്യാറാക്കിയിരുന്നു. ചരിത്ര പ്രധാന സ്ഥലങ്ങള്‍ എല്‍.സി.ഡി സഹായത്തോടെ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിരുന്നു.സംശയനിവാരണവും നടന്നു.
ക്യാംപില്‍ ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രദേശവാസികളുടെ കൂട്ടായ്മയിലൂടെയാണ് സംഘടിപ്പിച്ചത്. പി.എം.ആര്‍ അലവി ഹാജി, മലയില്‍ മുഹമ്മദ് ഗദ്ദാഫി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി.ഹുസൈന്‍ മുസ്‌ലിയാര്‍, വേട്ടശ്ശേരി യൂസുഫ് ഹാജി, കെ.മമ്മത് ഹാജി, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പി.എ.സലാം,മുജീബ് കൊടക്കാടന്‍, ഉമര്‍ബാവ, കൊടക്കാടന്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ടു ദിവസത്തെ ക്യാംപിനോടനുബന്ധിച്ചു ഇന്നലെ രാത്രി ബശീര്‍ ഫൈസി ദേശമംഗലം മതപ്രഭാഷണം നടത്തി. ഇന്നു വൈകീട്ട് ഏഴിനു അഹമ്മദ് കബീര്‍ ബാഖവി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."