ജി.എസ്.ടിക്കാലത്തെ മെലിഞ്ഞുണങ്ങിയ നയപ്രഖ്യാപനം
സാമ്പത്തിക പ്രതിസന്ധിക്കു നടുവില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം ഏറെ ശുഷ്‌കം. കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളൊന്നും തന്നെ ഗവര്‍ണറുടെ പ്രസംഗത്തിലില്ല. നയപ്രഖ്യാപനത്തിന്റെ ഘടന പോലും പതിവില്‍ നിന്ന് ഏറെ വ്യത്യസ്തം.
കഴിഞ്ഞ തവണ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ എടുത്തത് രണ്ടു മണിക്കൂറും 35 മിനിറ്റുമായിരുന്നു. 129 പേജ് വരുന്നതായിരുന്നു കഴിഞ്ഞതവണത്തെ നയപ്രഖ്യാപന പ്രസംഗം. എന്നാല്‍, ഇത്തവണ 61 പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിനു വേണ്ടിവന്നത് ഒന്നര മണിക്കൂര്‍ മാത്രം.
മുന്‍ വര്‍ഷങ്ങളെയെല്ലാം അപേക്ഷിച്ച് ഏറെ ചുരുങ്ങിയതാണ് ഇത്തവണത്തെ നയപ്രഖ്യാപനം. വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുമൊക്കെ നയപ്രഖ്യാപനത്തില്‍ പറയുക പതിവാണ്. എന്നാല്‍, ഇത്തവണ അതൊക്കെ വളരെ ചുരുക്കം.
സാമ്പത്തിക പ്രതിസന്ധി മൂലം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന അനിശ്ചിതാവസ്ഥ വ്യക്തമാക്കുന്നതാണ് ഇന്നലത്തെ നയപ്രഖ്യാപനം. ജി.എസ്.ടി വന്നതോടെ നികുതി പിരിവിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രസക്തി വളരെ കുറഞ്ഞിട്ടുണ്ട്. ജി.എസ്.ടിയില്‍ ഉള്‍പെടുത്താത്ത ചുരുക്കം ചില ഉല്‍പന്നങ്ങളില്‍ നിന്ന് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നേരിട്ടുള്ള നികുതിവരുമാനമുള്ളത്. ജി.എസ്.ടിയില്‍ ഉള്‍പെടുത്തിയ ഉല്‍പന്നങ്ങളില്‍ നിന്ന് എത്തിച്ചേരാനിടയുള്ള തുക മുന്‍കൂട്ടി ഏകദേശ കണക്കെങ്കിലും കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യമല്ല. അതുകൊണ്ടു തന്നെ നിശ്ചിത കാലയളവില്‍ ഏതാണ്ട് എത്ര പണം ഖജനാവില്‍ വന്നുചേരുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഊഹിക്കാനാവാത്ത അവസ്ഥയുമുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനെ ഇതു കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് നയപ്രഖ്യാപനത്തില്‍ തെളിയുന്നത്.
വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്നവയും ഇനംതിരിച്ച് എടുത്തുപറയുക നയപ്രഖ്യാപനങ്ങളില്‍ പതിവാണ്. എന്നാല്‍, ഇത്തവണ സാമ്പത്തികം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ക്രമസമാധാനം, ആരോഗ്യം പട്ടികജാതി- വര്‍ഗ ക്ഷേമം തുടങ്ങിയ പ്രധാന മേഖലകളെക്കുറിച്ചു പറയുന്നതുപോലും ഏറെ ചുരുങ്ങി. ഉള്ളതാവട്ടെ ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശങ്ങളും സ്വീകരിക്കാന്‍ പോകുന്ന ലഘുവായ ചില നടപടികളും. മുന്‍ നയപ്രഖ്യാപനങ്ങളില്‍ പറഞ്ഞ പലതും ഇത്തവണയും കടന്നുകൂടിയിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ ചിലത് ഈ സര്‍ക്കാരിന്റെ നേട്ടമായി ഇത്തവണ നയപ്രഖ്യാപനത്തില്‍ വന്നിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട ഭിന്നലിംഗക്കാര്‍ക്കായുള്ള നയം ഈ സര്‍ക്കാരിന്റെ നേട്ടമെന്ന നിലയില്‍ പരാമര്‍ശിക്കുന്നതിനെതിരേ പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വയോമിത്രം പദ്ധതിയില്‍ വയോജന സംരക്ഷണത്തിന് യു.ഡി.എഫ് ഭരണകാലത്തു നടന്ന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച വയോജന്‍ ശ്രേഷ്ഠ അവാര്‍ഡും ഈ സര്‍ക്കാരിന്റെ നേട്ടമെന്ന നിലയിലാണ് പരാമര്‍ശിക്കുന്നത്.
കഴിഞ്ഞ നയപ്രഖ്യാപനത്തിനു ശേഷമുള്ള കാലയളവില്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായ ഓഖിയെക്കുറിച്ചുള്ളത് ചുരുക്കം വാചകങ്ങള്‍ മാത്രം. അക്കൂട്ടത്തില്‍ സര്‍ക്കാര്‍ ചെയ്‌തെന്നു പറയുന്ന കാര്യങ്ങള്‍ പോലും വ്യക്തമായി പരാമര്‍ശിച്ചിട്ടുമില്ല.
മത്സ്യബന്ധന മേഖലയില്‍ സ്വീകരിക്കാന്‍ പോകുന്ന സുരക്ഷാ നടപടികളെക്കുറിച്ചുള്ളതും ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശങ്ങള്‍ മാത്രം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പറയുന്നില്ല.
സമ്പദ് മേഖലയെക്കുറിച്ച് ഉള്ള പരാമര്‍ശങ്ങള്‍ തന്നെ ഉപരിതലം മാത്രം സ്പര്‍ശിക്കുന്നതുമാണ്. വരാനിരിക്കുന്ന ബജറ്റിന്റെ സൂചനയായാണ് പൊതുവെ നയപ്രഖ്യാപനത്തെ കണക്കാക്കിപ്പോരുന്നത്. നയപ്രഖ്യാപനം ശുഷ്‌കമായത് ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളുമൊക്കെ കുറവായിരിക്കുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."