ഉദ്ദേശ്യശുദ്ധിയല്ല; ഹിഡന്‍ അജന്‍ഡയാണ് കാരാട്ടിന്റേത്
ദേശീയ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന നിഷേധാത്മക നിലപാടാണ് സി.പി.എമ്മിന്റേതെന്ന് ഒരിക്കല്‍ കൂടി അവര്‍ തെളിയിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച സമീപന രേഖ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞതെല്ലാം വ്യക്തമാക്കുന്നത് ഇതാണ്.
താത്വികമായ വൈരുധ്യങ്ങളാണ് ഇതിനെല്ലാം ഇടവരുത്തിയതെന്ന് പുറമേക്ക് പറയാമെങ്കിലും യഥാര്‍ഥത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ നടക്കുന്നത് അധികാര വടംവലിയും വ്യക്ത്യാധിഷ്ഠിത ഹിഡന്‍ അജന്‍ഡകളുമാണ്.
ഇനി ആശയപരമായി പരിശോധിച്ചാല്‍ തന്നെ കാരാട്ട് -പിണറായി കൂട്ടുകെട്ട് പറയുന്നത് സ്വന്തം സഹപ്രവര്‍ത്തകരെയും അണികളെയും ബോധ്യപ്പെടുത്താനാവാത്ത കാര്യങ്ങളാണ്.
ബി.ജെ.പിയെയും അതിന്റെ പൂര്‍വ പ്രസ്ഥാനമായ ജനസംഘത്തെയും വിട്ടുവീഴ്ച കൂടാതെ എതിര്‍ത്തുപോന്നതും അവരുമായി ഒരിക്കലും പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുകൂടാത്തതുമായ ഒരേയൊരു പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മാത്രമാണ്.
ഇപ്രകാരം ജനസംഘത്തിനും തുടര്‍ന്ന് ബി.ജെ.പിക്ക് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസിനെ കാരാട്ട്-പിണറായി സംഘം വിമര്‍ശിക്കുന്നത് 1977ല്‍ സി.പി.എം ജനസംഘവുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് മറച്ചുവച്ചുകൊണ്ടാണ്. അന്ന് പാര്‍ട്ടി സെക്രട്ടറി സുന്ദരയ്യയെ അവഗണിച്ചുകൊണ്ടാണ് വര്‍ഗീയ ഫാസിസത്തിന്റെ വക്താക്കളായ ജനസംഘവുമായി സി.പി.എം ചേര്‍ന്നത്.
വി.പി സിങ് മന്ത്രിസഭ നിലവില്‍ വന്നതും ഭരണത്തില്‍ തുടര്‍ന്നതും സി.പി.എം-ബി.ജെ.പി സംയുക്ത പിന്തുണയിലായിരുന്നതും അനിഷേധ്യമായ സത്യമാണ്. ഇപ്രകാരം ബി.ജെ.പിയുമായും അതിന്റെ പൂര്‍വ പ്രസ്ഥാനമായ ജനസംഘവുമായും കൂട്ടുചേരാന്‍ മടിക്കാത്ത സി.പി.എം നേതാക്കളുടെ അവസരവാദവും ആശയപരമായ പൊള്ളത്തരവും തിരിച്ചറിയാന്‍ ആര്‍ക്കുമാകും.
ഇപ്പോഴും മോദിയെ സ്തുതിക്കുകയും ബി.ജെ.പിയുമായി ഒത്തുകളി നടത്തി വരികയും ചെയ്യുന്ന പിണറായിയുടെ മോദി പ്രീണനത്തിന്റെ ഭാഗമാണ് ബി.ജെ.പിക്ക് മാത്രം ഗുണകരമായ കാരാട്ടിന്റെ കോണ്‍ഗ്രസ് വിരുദ്ധ സമീപനത്തിനുള്ള പിന്തുണ.
ഇനി സാമ്പത്തിക നയത്തിന്റെ കാര്യമെടുക്കാം. കോണ്‍ഗ്രസിന്റേത് നവ ലിബറല്‍ സാമ്പത്തിക നയമാണെന്നും അതിനോട് യോജിക്കാനാവില്ലെന്നുമാണ് മറ്റൊരു വാദം. സി.പി.എം അധികാരത്തിലിരുന്ന ബംഗാളിലും ഇപ്പോള്‍ അധികാരത്തിലുള്ള കേരളത്തിലും അവരുടെ സാമ്പത്തിക നയവും സമീപനവും മുതലാളിത്ത പക്ഷമല്ലേ?
ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച ബഹുരാഷ്ട്ര കുത്തകയായ സലീം ഗ്രൂപ്പിന് വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതും അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച കര്‍ഷകരെയും തൊഴിലാളികളെയും വെടിവച്ചു വീഴ്ത്തിയതും തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന് യോജിച്ചതാണോ?
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കലും ചെയ്യാത്ത രീതിയില്‍ കുത്തക പ്രീണനത്തിനായി കര്‍ഷകരെയും തൊഴിലാളികളെയും ഇതുപോലെ വെടിയുണ്ടകള്‍ക്കിരയാക്കിയ സി.പി.എം നേതൃത്വത്തിന് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.
കുത്തക ഗ്രൂപ്പായ ടാറ്റയ്ക്കു വേണ്ടി സിംഗൂരില്‍ ആയിരം ഏക്കര്‍ ഏറ്റെടുക്കുന്നതിനായി എത്ര ക്രൂരമായിട്ടാണ് കര്‍ഷകരുടെയും തൊഴിലാളികളുടെയും നേരെ ബംഗാളിലെ സി.പി.എം. സര്‍ക്കാര്‍ അതിക്രമം നടത്തിയത്. പാവങ്ങളുടെ രക്ഷയ്ക്ക് സുപ്രീംകോടതി വിധി വരേണ്ടിവന്നു.
ഭൂമി ഏറ്റെടുക്കലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ബന്ധപ്പെട്ട അന്വേഷണം പ്രഹസനം ആയിരുന്നുവെന്നും കോടതി പരാമര്‍ശിക്കുകയുണ്ടായി. സി.പി.എം പറയുന്ന മനുഷ്യസ്‌നേഹത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരെയുള്ള ചോദ്യ ചിഹ്നം കൂടിയാണ് സുപ്രീം കോടതി വിധി.
ഇതെല്ലാം ബംഗാളില്‍ നടന്നത് പ്രകാശ് കാരാട്ട് സി.പി.എം ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ് എന്നത് ശ്രദ്ധേയമാണ്.
നന്ദിഗ്രാമിലും സിംഗൂരിലും സി.പി.എം സര്‍ക്കാര്‍ സ്വീകരിച്ചതിന് സമാനമായി കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ഒരു കോണ്‍ഗ്രസ് സര്‍ക്കാരും കര്‍ഷകരെയും തൊഴിലാളികളെയും ക്രൂരമായി അടിച്ചമര്‍ത്തിയിട്ടില്ല. ഇതിനെല്ലാം കൂട്ടുനിന്ന കാരാട്ട് ഇപ്പോള്‍ സാമ്പത്തിക നയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ പരിഹാസ്യനാകുന്നത് അദ്ദേഹം തന്നെയാണ്.
കേരളത്തിലാകട്ടെ വന്‍കിട സ്വകാര്യ ഗ്രൂപ്പുകളുടെ താല്‍പര്യ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് സി.പി.എം. നമ്മുടെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് തന്നെയാണ് ഏറ്റവും വലിയ മുതലാളിത്ത പ്രീണനം. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതവും നിയമവിരുദ്ധവുമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ കോടതിവിധി ഉണ്ടായിട്ടും രാജമാണിക്യം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടും അതിലൊന്നും കൃത്യമായ നടപടി സ്വീകരിക്കാതെ വന്‍കിട കൈയേറ്റക്കാരായ കുത്തകകളോട് മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാരിന്റെ കൂറ് ആരോടാണെന്ന് വ്യക്തമാണ്.
ഈ മുതലാളിത്ത ശക്തികള്‍ക്ക് വേണ്ടി കോടതിയില്‍ തോറ്റു കൊടുക്കാനുള്ള പുറപ്പാടിലാണ് സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍.
വന്‍കിട കോടീശ്വരന്മാരുടെ നിയമ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അവര്‍ക്കെല്ലാം വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുകയും ചെയ്തു വരുന്ന സി.പി.എം യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൈവിട്ട് മുതലാളിത്ത ആശയങ്ങളുടെ വക്താക്കളായി മാറിയിരിക്കുന്നു.
മദ്യ മുതലാളിമാര്‍ക്കും സ്വാശ്രയ ചൂഷകര്‍ക്കും മുതലാളിത്ത സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന കേരള സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന പിണറായി സാമ്പത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് തികച്ചും വിചിത്രമാണ്.
ആദ്യം ജനസംഘവുമായും വി.പി.സിങിന്റെ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കി പിന്നീട് ബി.ജെ.പിയുമായും കൂട്ടുചേരാന്‍ മടിക്കാത്ത സി.പി.എം നേതാക്കളായ കാരാട്ടിന്റെയും പിണറായിയുടെയും കോണ്‍ഗ്രസിനെതിരേയുള്ള നിലപാടുകള്‍ ആശയപരമല്ല എന്നത് വ്യക്തമാണ്.
യെച്ചൂരിയോടും കൂട്ടരോടുമുള്ള തങ്ങളൂടെ കുടിപ്പക തീര്‍ക്കുന്നതിനുള്ള മറയായിട്ടു മാത്രമാണ് കാരാട്ട്-പിണറായി കൂട്ടുകെട്ടിന്റെ കോണ്‍ഗ്രസ് വിരുദ്ധത. ഇന്ത്യയില്‍ എല്ലായിടത്തും വേരുകളുള്ളതും അണികള്‍ ഉള്ളതുമായ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഒഴിവാക്കി എങ്ങനെ ബി.ജെ.പി. ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസത്തെ നേരിടാനാകും?
കേരളത്തിലും ത്രിപുരയിലും പിന്നെ ബംഗാള്‍ ഉള്‍പ്പെടെ ചിലയിടങ്ങളിലും മാത്രം സ്വാധീനമുള്ള സി.പി.എമ്മിന് ദേശീയതലത്തില്‍ വര്‍ഗീയ ഫാസിസത്തെ ചെറുക്കാനാകും എന്ന നിലപാട് സാമാന്യ ബുദ്ധിയുള്ളവരോടുള്ള വെല്ലുവിളിയാണ്.
കോണ്‍ഗ്രസിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പിണറായി സ്വന്തം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും മുതലാളിത്ത പ്രീണനവും തിരുത്താന്‍ തയ്യാറാവുകയാണ് ആദ്യമായി ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."