സാമൂഹ്യനീതി വകുപ്പിലെ സ്ഥാപനങ്ങളെ കുറ്റമറ്റതാക്കും: മന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങളെ കുറ്റമറ്റതാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെയും സര്‍ക്കാര്‍ ധനസഹായത്തോടുകൂടി സന്നദ്ധ സംഘടനകള്‍ നടത്തുന്ന അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ഥാപന മേധാവികള്‍ പോരായ്മകള്‍ പരിഹരിക്കുന്നതിനാവശ്യമായ കൃത്യമായ പദ്ധതികളും മാസ്റ്റര്‍പ്ലാനും തയാറാക്കി സമര്‍പ്പിക്കണം. ജില്ലാ ശിശു സംരക്ഷണ ഓഫിസുകള്‍ ഇതിനകം വിവിധ പദ്ധതികള്‍ നടപ്പില്‍വരുത്തിയിട്ടുണ്ട്.
ചടങ്ങില്‍വച്ച് ഉജ്ജ്വലബാല്യം പദ്ധതിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് കല, സാഹിത്യം, കായികം, സാമൂഹികം, സാംസ്‌കാരികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് കാണിക്കുന്ന കുട്ടികള്‍ക്ക് 25,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുന്നതാണ് ഉജ്ജ്വലബാല്യം പദ്ധതി.
ഹൃദയ ആര്‍. കൃഷ്ണ (തിരുവനന്തപുരം), ആര്‍. മണികണ്ഠന്‍ (കൊല്ലം), നിര്‍മല്‍ സി. ശേഖര്‍ (പത്തനംതിട്ട), ശ്രേയ ആര്‍. നായര്‍ (ആലപ്പുഴ), ശ്രീദേവ് .എസ് (കോട്ടയം), സാന്ത്വന പി.ടി (എറണാകുളം), റോസ്മരിയ സെബാസ്റ്റ്യന്‍ (ഇടുക്കി), സാമുവല്‍ സേവ്യര്‍ (തൃശൂര്‍), നവനീത് കൃഷ്ണ (പാലക്കാട്), ഫാത്തിമ അന്‍ഷി (മലപ്പുറം), മുഹമ്മദ് ആസീം (കോഴിക്കോട്), രുപ്രദ് ഗൗതം (വയനാട്), നിഹാരിക (കണ്ണൂര്‍), ഗോകുല്‍ രാജ് .പി (കാസര്‍കോട്) എന്നിവരാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയത്.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷനായി. വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി ഡയറക്ടര്‍ പി.ബി നൂഹ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."