തുര്‍ക്കി സൈന്യം നിരവധി സിറിയന്‍ ഗ്രാമങ്ങള്‍ പിടിച്ചടക്കി
ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി ഗ്രാമങ്ങള്‍ പിടിച്ചടക്കിയതായി തുര്‍ക്കി സൈന്യം അവകാശപ്പെട്ടു. 2012 മുതല്‍ കുര്‍ദ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റി(കുര്‍ദിഷ് വൈ.പി.ജി)യുടെ അധീനതയിലുള്ള ആഫ്രീന്‍ മേഖലയില്‍ മൂന്നു ദിവസമായി തുര്‍ക്കി സൈനിക നടപടി തുടരുകയാണ്.
തുര്‍ക്കി സൈന്യത്തിനു പുറമെ സിറിയയിലെ വിമതരും ചേര്‍ന്നാണ് വടക്കന്‍ ഗ്രാമങ്ങള്‍ പിടിച്ചടക്കിയത്. സൈനിക നടപടിയില്‍നിന്നു പിന്മാറില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. വിഷയത്തില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ വൃത്തങ്ങളുമായി തുര്‍ക്കി ചര്‍ച്ച നടത്തിയിരുന്നു. 'ഇക്കാര്യത്തില്‍ തുര്‍ക്കി തീരുമാനിച്ചുറച്ചാണു നടപടി ആരംഭിച്ചത്. ആഫ്രീനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയ ശേഷമേ പിന്മാറൂ'-ഉര്‍ദുഗാന്‍ വ്യക്തമാക്കി.
വടക്കു കിഴക്കന്‍ സിറിയയുടെ മിക്ക ഭാഗങ്ങളും വൈ.പി.ജി സൈന്യത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇതു തിരിച്ചുപിടിക്കാനാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്.
വൈ.പി.ജിയെ ഭീകരസംഘമായാണ് തുര്‍ക്കി കണക്കാക്കുന്നത്. കുര്‍ദ് സൈന്യത്തിന് സാമ്പത്തിക-സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക പ്രഖ്യപിച്ചതിനു പിറകെയാണ് തുര്‍ക്കി നടപടി ആരംഭിച്ചത്. മേഖലയില്‍ പുതിയ സൈനികശക്തി രൂപപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ ചെറുക്കുമെന്ന് തുര്‍ക്കി, റഷ്യ, സിറിയ അടക്കമുള്ള രാജ്യങ്ങളും ഇതിനോട് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."