'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' ന്യൂയോര്‍ക്ക് സ്വന്തം ചെലവില്‍ തുറക്കും
ന്യൂയോര്‍ക്ക്: ബജറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് യു.എസ് ഭരണകൂടം താല്‍ക്കാലികമായി അടച്ചിട്ട 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' (സ്വാതന്ത്ര്യത്തിന്റെ പ്രതിമ) ന്യൂയോര്‍ക്ക് ഭരണകൂടം സ്വന്തം ചെലവില്‍ തുറക്കും. വെള്ളിയാഴ്ച സര്‍ക്കാര്‍ ഖജനാവ് പൂട്ടിയതോടെയാണ് രാജ്യത്തെ ദേശീയ ഉദ്യാനങ്ങളും മ്യൂസിയങ്ങളും അടക്കമുള്ള കേന്ദ്രങ്ങള്‍ അടച്ചിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളെത്തുന്ന അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ സ്റ്റാച്യൂ ഉടന്‍ തുറക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു ക്യൂമോ അറിയിച്ചു.
സ്വാതന്ത്ര്യത്തിന്റെയും അവസരത്തിന്റെയും പ്രതീകമായ സ്റ്റാച്യു ഇരുട്ടിലേക്കു പോകുന്നത് നോക്കിനില്‍ക്കാനാകില്ലെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ മൊത്തം മുഖച്ഛായയായ സ്റ്റാച്യുവും അനുബന്ധമായുള്ള ഉദ്യാനവും തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം ന്യൂയോര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തിന് വലിയ തോതിലുള്ള വരുമാനം തന്നെ ഇവിടെനിന്നു ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ 4.5 മില്യന്‍ സന്ദര്‍ശകരാണ് സ്റ്റാച്യു കാണാന്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."