യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു
നെടുമങ്ങാട്: ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു.
നെടുമങ്ങാട് ഇരിഞ്ചയം താന്നിമൂട് തോപ്പിവിള ചന്ദ്രിക ഭവനില്‍ പ്രിന്‍സാ(28) ണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി 10.45 ഓടെ കരകുളം കൂട്ടപ്പാറക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രിന്‍സ് വീട്ടിലേക്കു മടങ്ങവേ പിന്നാലെ ബൈക്കില്‍ എത്തിയ സംഘം കട്ടപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കിടിച്ചു തെറിപ്പിച്ചു. റോഡില്‍ തെറിച്ചു വീണ പ്രിന്‍സിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച ശേഷം കൈയ്യില്‍ കിടന്ന രണ്ടു പവന്റെ സ്വര്‍ണ ബ്രേയ്‌സ്‌ലെറ്റ്, കഴുത്തില്‍ കിടന്ന ഒരു പവന്റെ സ്വര്‍ണമാല, പോക്കറ്റില്‍ ഉണ്ടായിരുന്ന രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഏറെ നേരം റോഡില്‍ കിടന്ന പ്രിന്‍സിനെ സമീപത്തെ ബേക്കറി വ്യാപാരിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്കും വാരിയെല്ലിലും ഗുരുതരമായി പരുക്കേറ്റ പ്രിന്‍സിനെ ബുധനാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. നെടുമങ്ങാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുണ്ടുംകുഴിയുമായി ഇടറോഡുകള്‍; സ്‌കൂള്‍ തുറക്കുമ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ രണ്ടുനാള്‍ശേഷിക്കെ നഗരത്തിലെ ഇടറോഡുകളുടെ നില പരിതാപകരം.
എം.ജി റോഡ് ഒഴികെയുള്ള നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും യാത്രക്കാരുടെ നടുവൊടിക്കുകയാണ്. കനത്തമഴയില്‍ ഓടകള്‍ നിറഞ്ഞ് കവിഞ്ഞും, വെള്ളക്കെട്ട് രൂപപ്പെട്ടും പല റോഡുകളും തകര്‍ന്ന് കഴിഞ്ഞു. ഈയടുത്ത് ടാര്‍ ചെയ്ത റോഡുകള്‍ പോലും തകര്‍ന്നു. ഗ്രാമ പ്രദേശങ്ങളിലെ മിക്ക റോഡുകളിലും സമാന സ്ഥിതിയാണ്.
നഗരത്തിലേക്ക് എത്തുന്ന എല്ലാ പ്രധാനപ്പെട്ട റോഡുകളിലും ഇപ്പോള്‍ യാത്ര ദുഷ്‌കരമാണ്. അറ്റകുറ്റപ്പണി ആരംഭിച്ച പലയിടത്തും മഴകാരണം പണി നിര്‍ത്തിവച്ചിരിക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ റോഡുകളുടെ തകര്‍ച്ച ഗതാഗതക്കുരുക്കിനും കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."