ഒന്നാം ടി20: അനായാസം കിവികള്‍
വെല്ലിങ്ടന്‍: പാകിസ്താനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് അനായാസ വിജയം. ഏഴ് വിക്കറ്റിനാണ് കിവികള്‍ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്റെ പോരാട്ടം വെറും 105 റണ്‍സില്‍ അവസാനിപ്പിച്ച കിവീസ് 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 106 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
ഓപണര്‍ കോളിന്‍ മണ്‍റോ 43 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി പുറത്താകാതെ 49 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിച്ചു. ടോം ബ്രൂസ് (26), 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന് റോസ് ടെയ്‌ലര്‍ എന്നിവര്‍ മണ്‍റോയെ പിന്തുണച്ചു. മാര്‍ടിന്‍ ഗുപ്റ്റില്‍ (രണ്ട്), ഫിലിപ്പ്‌സ് (മൂന്ന്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. പാക് നിരയില്‍ റുമ്മന്‍ റയീസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. സൗത്തിയും സേത് റെന്‍സും ചേര്‍ന്ന പേസ് സഖ്യം പാക് നിരയുടെ നട്ടെല്ലൊടിച്ചതോടെ അവരുടെ ചെറുത്ത് നില്‍പ്പ് 19.4 ഓവറില്‍ 105 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സൗത്തി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ എടുത്തപ്പോള്‍ റെന്‍സ് 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സന്റാനര്‍ രണ്ട് വിക്കറ്റെടുത്ത് ഇരുവരേയും പിന്തുണച്ചു.
മധ്യനിരയില്‍ ബാബര്‍ അസം 41 റണ്‍സെടുത്തതും വാലറ്റത്ത് ഹസന്‍ അലി മൂന്ന് സിക്‌സുകള്‍ തൂക്കി 12 പന്തില്‍ അടിച്ചെടുത്ത 23 റണ്‍സും ഇല്ലായിരുന്നുവെങ്കില്‍ പാക് പോരാട്ടത്തിന്റെ സ്ഥിതി ദയനീയമായി തീരുമായിരുന്നു. മറ്റൊരു താരവും രണ്ടക്കം പോലും കണ്ടില്ല. 90ല്‍ നില്‍ക്കേ ഒന്‍പതാം വിക്കറ്റും നഷ്ടപ്പെട്ട അവര്‍ ഒരു ഘട്ടത്തില്‍ 100 റണ്‍സ് പോലും കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബാബര്‍ അസം കാണിച്ച ക്ഷമയാണ് സ്‌കോര്‍ 100 കടത്തിയത്. അവസാന വിക്കറ്റായി പവലിയനിലേക്ക് മടങ്ങിയതും താരം തന്നെ. മണ്‍റോയാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."