ദ്യോക്കോ പുറത്ത്:ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡറര്‍, സിമോണെ ഹാലെപ് ക്വാര്‍ട്ടറില്‍
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ നിന്ന് മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് പുറത്ത്. ദക്ഷിണ കൊറിയന്‍ യുവ താരം ചങ് ഹ്യൂനാണ് ദ്യക്കോയെ അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്ക് കടന്നത്. നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിച്, അമേരിക്കന്‍ താരം ടെന്നിസ് സാന്റ്‌ഗ്രെന്‍ എന്നിവരും ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണെ ഹാലെപ് അനായാസ വിജയത്തോടെ അവസാന എട്ടിലെത്തി. ജര്‍മന്‍ താരം അഞ്ചലീക്ക് കെര്‍ബര്‍, അമേരിക്കന്‍ യുവ താരം മാഡിസന്‍ കീസ്, ചെക്ക് റിപ്പബ്ലിക്ക് താരം പ്ലിസ്‌കോവ എന്നിവരും ക്വാര്‍ട്ടറിലെത്തി.
ഇഞ്ചോടിഞ്ച് പൊരുതിയാണ് മുന്‍ ലോക ഒന്നാം നമ്പറും ആറ് തവണ മെല്‍ബണില്‍ കിരീടം സ്വന്തമാക്കുകയും ചെയ്ത ദ്യോക്കോവിചിനെ ചങ് അട്ടിമറിച്ചത്. ഒന്നാം സെറ്റും മൂന്നാം സെറ്റും ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തിലാണ് കൊറിയന്‍ താരം മത്സരം പിടിച്ചെടുത്തത്. സ്‌കോര്‍: 7-6 (7-4), 7-5, 7-6 (7-3).
ഹംഗറി താരം മാര്‍ടന്‍ ഫക്‌സോവിക്ക്‌സിനെയാണ് ഫെഡറര്‍ വീഴ്ത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് ഫെഡ് സ്വന്തമാക്കിയത്. ഒന്നും മൂന്നും സെറ്റുകള്‍ സ്വിസ് ഇതിഹാസം അനായാസം നേടി. സ്‌കോര്‍: 6-4, 7-6 (7-3), 6-2.
ഓസ്ട്രിയന്‍ യുവ താരം ഡൊമിനിക്ക് തീമിന്റെ മുന്നേറ്റത്തിനാണ് സാന്റ്ഗ്രന്‍ തടയിട്ടത്. അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടമാണ് ഇരുവരും തമ്മില്‍ നടന്നത്. ഒന്നാം സെറ്റ് സാന്റ്ഗ്രന്‍ നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ തീം തിരിച്ചടിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം സ്വന്തമാക്കിയപ്പോള്‍ നാലാം സെറ്റ് ടൈ ബ്രേക്കറിലൂടെ തീം പിടിച്ചെടുത്തു. ഒടുവില്‍ അഞ്ചാം സെറ്റില്‍ ആധികാരിക വിജയം ഉറപ്പിച്ചാണ് സാന്റ്ഗ്രന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 6-2, 4-6, 7-6 (7-4), 6-7 (7-9), 6-3.
ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെയാണ് പ്രീ ക്വാര്‍ട്ടറില്‍ ബെര്‍ഡിച് വീഴ്ത്തിയത്. അധികം വിയര്‍പ്പൊഴുക്കാതെ 6-1, 6-4, 6-4 എന്ന സ്‌കോറിന് അനായാസമായാണ് ചെക്ക് താരം മത്സരം സ്വന്തമാക്കിയത്.
നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ ഫെഡറര്‍- തോമസ് ബെര്‍ഡിച്, സാന്റ്ഗ്രന്‍- യങ് എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ദിമിത്രോവ്- എഡ്മുണ്ടുമായും റാഫേല്‍ നദാല്‍- മരിന്‍ സിലിചുമായും ഏറ്റുമുട്ടും.
വനിതാ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സിമോണെ ഹാലെപ് ജപ്പാന്‍ താരം നവോമി ഒസാകയെ അനായാസം കീഴടക്കി. രണ്ട് സെറ്റ് പോരാട്ടത്തില്‍ 6-3, 6-2 എന്ന സ്‌കോറിനാണ് റൊമാനിയന്‍ താരം വിജയം പിടിച്ചത്.
അട്ടിമറി വിജയങ്ങളുമായി മുന്നേറിയ തായ്‌വന്‍ താരം സി സു വിയെ കീഴടക്കിയാണ് അഞ്ചലീക്ക് കെര്‍ബര്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് കെര്‍ബറുടെ മുന്നേറ്റം. സ്‌കോര്‍: 4-6, 7-5, 6-2. നേരത്തെ തായ്‌വന്‍ താരം റാഡ്വന്‍സ്‌ക, ഗര്‍ബിനെ മുഗുരുസ എന്നിവരെ അട്ടിമറിച്ചിരുന്നു.
ഫ്രാന്‍സ് താരം കരോലിന്‍ ഗാര്‍സിയയെ വീഴ്ത്തിയാണ് മാഡിസന്‍ കീസ് ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 6-3, 6-2.
ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രീ ക്വാര്‍ട്ടറില്‍ സ്‌ട്രൈക്കോവയുടെ വെല്ലുവിളി അതിജീവിച്ചാണ് പ്ലിസ്‌കോവ ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 6-7 (5-7), 6-3, 6-2.
വനിതാ ക്വാര്‍ട്ടറില്‍ മെര്‍ടെന്‍സ്- സ്വിറ്റോലിന, സുവാരസ് നവരോ- കരോലിന്‍ വോസ്‌നിയാക്കി, കെര്‍ബര്‍- മാഡിസന്‍ കീസ്, ഹാലെപ്- പ്ലിസ്‌കോവ പോരാട്ടങ്ങളാണ് അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."