ഡീഗോ മറഡോണ ഇനി ഫിഫ അംബാസഡര്‍
സൂറിച്ച്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍. ലോക വ്യാപകമായുള്ള ഫുട്‌ബോളിന്റെ പ്രചാരണത്തില്‍ മറഡോണയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നു ഫിഫയുടെ ഗവേണിങ് ബോഡി വിലയിരുത്തി.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിനുള്ള സ്വാധീനം ഫിഫയുടെ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാടിലാണു അധികൃതര്‍. ഫിഫയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇതിഹാസ താരം പങ്കാളിയാവും.
ഫിഫയ്‌ക്കൊപ്പമുള്ള തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് മറഡോണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജിയ്യാനി ഇന്‍ഫാന്റിനോയ്ക്ക് കീഴില്‍ ഫിഫയുടെ പ്രവര്‍ത്തങ്ങള്‍ സുതാര്യവും സത്യസന്ധവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുമായും മുന്‍ ഫിഫ വൈസ് പ്രസിഡന്റും അര്‍ജന്റീന സോക്കര്‍ തലവനുമായിരുന്ന ജൂലിയോ ഗ്രന്‍ഡാനോയുമായും നിരന്തരം കലഹത്തിലായിരുന്നു മറഡോണ. 2009ല്‍ അച്ചടക്ക നടപടികളുടെ വാദം കേള്‍ക്കാനായി സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വന്നതിനു ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം വീണ്ടും ഫിഫ ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയത്. ഇതിഹാസ താരങ്ങളോടൊപ്പം നടത്തിയ ചാരിറ്റി സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിനായാണു അര്‍ജന്റൈന്‍ ഇതിഹാസം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സൂറിച്ചിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."