ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യ
ഹൈദരാബാദ്: ഒരു ഇരട്ട ശതകം രണ്ടു ശതകങ്ങള്‍ മൂന്നു അര്‍ധ ശതകങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് വിരുന്ന്. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ആറു വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
മറുപടിക്കായി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍. ഒന്‍പതു വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 646 റണ്‍സ് കൂടി വേണം. 24 റണ്‍സുമായി ഓപണര്‍ തമിം ഇഖ്ബാലും ഒരു റണ്ണുമായി മൊമിനുല്‍ ഹഖുമാണു ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടെന്ന ലൈനിലായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ ദിനത്തില്‍ മുരളി വിജയ് (108), ചേതേശ്വര്‍ പൂജാര (83) എന്നിവരും ആദ്യ ദിനം സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ വിരാട് കോഹ്‌ലി രണ്ടാം ദിനത്തില്‍ വ്യക്തിഗത നേട്ടം ഇരട്ട ശതകത്തിലെത്തിച്ചും സ്‌കോറിങിനു വേഗം കൂട്ടി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കോഹ്‌ലി ആദ്യ ദിനത്തിലെ ബാറ്റിങ് മികവു രണ്ടാം ദിനത്തിലും തുടര്‍ന്നു. കോഹ്‌ലി 204 റണ്‍സില്‍ പുറത്തായി.
അജിന്‍ക്യ രഹാനെ 82 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ പുറത്താകാതെ സെഞ്ച്വറി നേടി (106). ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി (60) യുമായി പുറത്താകാതെ നിന്നു. അശ്വിന്‍ 34 റണ്‍സെടുത്തു.
നാലാം വിക്കറ്റില്‍ കോഹ്‌ലി- രഹാനെ സഖ്യം 222 റണ്‍സും ആറാം വിക്കറ്റില്‍ സാഹ- അശ്വിന്‍ സഖ്യം 74 റണ്‍സും പിരിയാത്ത ഏഴാം വിക്കറ്റില്‍ സാഹ- ജഡേജ സഖ്യം 118 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തി. 246 പന്തുകള്‍ നേരിട്ടു 24 ഫോറുകളുടെ അകമ്പടിയിലാണു കോഹ്‌ലി കരിയറിലെ നാലാം ഇരട്ട സെഞ്ച്വറി നേടിയത്. ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി നേടിയ സാഹ മികച്ച വ്യക്തിഗത സ്‌കോറും സ്വന്തമാക്കി.
ബംഗ്ലാദേശിനായി തൈജുല്‍ ഇസ്‌ലാം മൂന്നും മെഹദി ഹസന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നോണ്‍ സ്റ്റോപ് കോഹ്‌ലി: തുടര്‍ച്ചയായി നാല് പരമ്പരകളില്‍ ഇരട്ട ശതകം
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇരട്ട ശതകം പിന്നിട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നിരവധി റെക്കോര്‍ഡുകളും പിന്നിട്ടു. തുടര്‍ച്ചയായി നാലു പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍, സ്വന്തം മണ്ണില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഹോം പോരാട്ടത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന നായകന്‍ തുടങ്ങിയ റെക്കോര്‍ഡുകള്‍ കോഹ്‌ലി സ്വന്തമാക്കി.
നേരത്തെ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലി ഇന്നലെ നാലാം ഇരട്ട ശതകത്തോടെ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് മറികടന്നത്. തുടര്‍ച്ചയായി മൂന്നു ടെസ്റ്റ് പരമ്പരകളില്‍ ബ്രാഡ്മാനും ദ്രാവിഡും ഇരട്ട സെഞ്ച്വറി നേടിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. കരിയറിലെ നാലാമത്തെ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ ഇന്നലെ കുറിച്ചത്.
ഹോം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണു കോഹ്‌ലി പഴങ്കഥയാക്കിയത്. 2004-05 സീസണില്‍ സെവാഗ് നേടിയ 1105 റണ്‍സിന്റെ റെക്കോര്‍ഡ് 1108 റണ്‍സാക്കിയാണ് കോഹ്‌ലി തിരുത്തിയത്. സെവാഗിനു 17 ഇന്നിങ്‌സുകളാണ് ഇത്രയും റണ്‍സെടുക്കാന്‍ വേണ്ടി വന്നത്. കോഹ്‌ലിക്ക് 15 ഇന്നിങ്‌സുകളില്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചു.
ഹോം സീസണില്‍ ഏറ്റവും കൂടുതള്‍ റണ്‍സ് നേടുന്ന നായകനായും കോഹ്‌ലി മാറി. മുന്‍ ഇംഗ്ലണ്ട് നായകനായിരുന്ന ഗ്രഹാം ഗൂച്ചിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. 1990ല്‍ ഗൂച്ച് ആറു ടെസ്റ്റുകളില്‍ നിന്നായി 1058 റണ്‍സെടുത്തപ്പോള്‍ ഒന്‍പതു മത്സരങ്ങളില്‍ നിന്നു കോഹ്‌ലി 1108 റണ്‍സെടുത്താണു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇക്കാര്യത്തില്‍ സുനില്‍ ഗവാസ്‌കറിന്റെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡും കോഹ്‌ലി പിന്തള്ളി. 1979-80 സീസണില്‍ 13 മത്സരങ്ങളില്‍ നിന്നു ഗവാസ്‌കര്‍ 1027 റണ്‍സ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."