വ്യാജ എ.ടി.എം കാര്‍ഡ് തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തിലെ എ.ടി.എം കൗണ്ടറുകളില്‍ സ്‌കിമ്മറും കാമറയും സ്ഥാപിച്ച് വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് പണംതട്ടിയ കേസില്‍ മൂന്നു പ്രതികളെ പൊലിസ് അറസ്റ്റുചെയ്തു.
കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയല്‍ കൂറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം പാലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുറഹ്മാന്‍ സഫ്‌വാന്‍ (18), കാസര്‍കോട് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ അബ്ബാസ് (26), ഫോര്‍ട്ട്‌കൊച്ചി സി.പി തോട് സ്വദേശിയും കോഴിക്കോട് ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളത്ത് താമസക്കാരനുമായ എം.ഇ ഷാജഹാന്‍ (43) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസില്‍ പങ്കാളികളായ മൂന്നു പ്രതികളെ കൂടി പൊലിസ് തിരിച്ചറിഞ്ഞു.
കാസര്‍കോട് കുട്‌ലു ജെ.പി നഗറിലെ മുഹമ്മദ് ബിലാല്‍, കാസര്‍കോട് പാറക്കെട്ട് ചട്ടംകുഴിയിലെ റമീസ്, കാസര്‍കോട് മധൂര്‍ ക്ഷേത്രത്തിനു സമീപത്തെ ജുനൈദ് എന്നിവരെയാണു പിടികൂടാനുള്ളതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി സിറ്റി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞു.
പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പന്തീരങ്കാവ്, വെള്ളിമാടുകുന്ന്, പള്ളിക്കണ്ടി, വിജയാ ബാങ്കിന്റെ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണു സ്‌കിമ്മറും കാമറയും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ഇവിടെ നിന്നു പണം പിന്‍വലിച്ചവരുടെ എ.ടി.എം കാര്‍ഡ് നമ്പരും രഹസ്യകോഡും മനസിലാക്കി വ്യാജ കാര്‍ഡുകളുണ്ടാക്കി കോയമ്പത്തൂരില്‍ നിന്നു പണം പിന്‍വലിക്കുകയായിരുന്നു.
വിവിധ അക്കാണ്ടുകളില്‍ നിന്ന് 1,41,900 രൂപയാണു നഷ്ടമായത്. ആറു സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏഴിനും എട്ടിനുമാണു എ.ടി.എം തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞദിവസം എസ്.ബി.ഐ ആനിഹാള്‍ റോഡ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തതു ഹരിയാന സംഘമാണെന്നും പൊലിസ് വെളിപ്പെടുത്തി.
അറസ്റ്റിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സൗത്ത് അസി. കമ്മിഷണര്‍ അബ്ദുല്‍റസാഖ്, കസബ എസ്.ഐ സി. സിജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."