കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍: അനുമതി തേടി ഉപദേശക സമിതി കേന്ദ്രത്തെ സമീപിക്കും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിക്കാന്‍ വിമാനത്താവള ഉപദേശക സമിതി തീരുമാനിച്ചു. അടുത്ത വേനല്‍ ഷെഡ്യൂളില്‍ പുതിയ സര്‍വിസുകള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കുക. വികസന പ്രവൃത്തികള്‍ വേഗത്തിലാക്കാനും അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ ചേര്‍ന്ന ഉപദേശക സമിതി തീരുമാനിച്ചു.
കരിപ്പൂരില്‍ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സഊദിയിലേക്കുള്ള സര്‍വിസ് വര്‍ധിപ്പിക്കണം. റിയാദ്, ദമാം മേഖലയിലേക്ക് ഉണ്ടെങ്കിലും ജിദ്ദയിലേക്ക് സര്‍വിസില്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉംറ, ഹജ്ജ് സര്‍വിസുകള്‍ക്കും ഇത് തിരിച്ചടിയാവുന്നുണ്ട്. കസ്റ്റംസ് ഹാളിലെ മോഷണം തടയണമെന്നും എമിഗ്രേഷന്‍ ഹാളിലെ വലിയ നിര ഒഴിവാക്കാനായി നടപടികള്‍ കൈകൊള്ളണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിമാനത്താവള ടെര്‍മിനലിലെ ശുചിമുറികള്‍ വൃത്തിഹീനമായി കിടക്കുന്നതും യോഗത്തില്‍ ഉയര്‍ന്നുവന്നു. പ്രശ്‌നം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ യോഗത്തില്‍ പറഞ്ഞു. വിമാനങ്ങളുടെ സമയം അറിയിച്ചു കൊണ്ടുള്ള അനൗണ്‍സ്‌മെന്റ് നിര്‍ത്തലാക്കിയിരുന്നെങ്കിലും ഇത് തുടരാനും തീരുമാനിച്ചു.
കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം മുതല്‍ ഹജ്ജ് സര്‍വിസ് ആരംഭിക്കണമെന്ന പ്രമേയം യോഗത്തില്‍ മുന്‍ കൊണ്ടോട്ടി എം.എല്‍.എ കെ.മുഹമ്മദുണ്ണിഹാജി അവതരിപ്പിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായി. പി.വി.അബ്ദുള്‍ വഹാബ് എം.പി, ആസാദ് മൂപ്പന്‍,കെ.ജി.അലക്‌സാണ്ടര്‍,എ.കെ.എ.നസീര്‍,കെ.എം.ബഷീര്‍,സി.പി.എം ഹാഷിറലി,വിമാനത്താവത്തിലെ സി.ഐ.എസ്.എഫ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, എയര്‍ലൈന്‍സ് പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."