വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി മഴ ലഭിച്ചു
കോഴിക്കോട്: കേരളത്തില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞവര്‍ഷം ശരാശരി മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും ഭൂമിശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള എര്‍ത്ത് സയന്‍സ് സിസ്റ്റം ഓര്‍ഗനൈസേഷനും (ഇ.എസ്.എസ്.ഒ) കഴിഞ്ഞദിവസം പുറത്തുവിട്ട 37 പേജുള്ള സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പ്രതീക്ഷിച്ചതിലും നേരത്തേ തെക്കന്‍ സംസ്ഥാനങ്ങളിലെത്തിയ കാലവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മേഖലയിലെ അഞ്ചുസംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 717.6 എം.എം മഴ സമ്മാനിച്ചു. മേഖലയിലെ ശരാശരിയായ 716.1 മില്ലി മീറ്ററിനേക്കാള്‍ കൂടുതലാണിത്. വര്‍ഷങ്ങളായി 95 ശതമാനം മഴ ലഭിച്ചിടത്താണ് ഇത്തവണ 100 ശതമാനം കടന്നത്.
എന്നാല്‍, കേരളത്തില്‍ ശരാശരിയേക്കാള്‍ 9 ശതമാനത്തിന്റെ മഴക്കുറവുണ്ട്. തമിഴ്നാട്ടില്‍ 29 ശതമാനം അധികം മഴ ലഭിച്ചു. 20 ശതമാനം വരെയുള്ള കുറവിനെ മഴക്കമ്മിയായി കണക്കാക്കാറില്ല. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രണ്ടുശതമാനം അധിക മഴ ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം കുറഞ്ഞ അളവിലുള്ള മഴയാണ് ലഭിച്ചത്. വയനാട് മാത്രമാണ് മഴക്കമ്മി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ല. 37 ശതമാനം മഴക്കുറവുണ്ടിവിടെ.
മറ്റു ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍. തിരുവനന്തപുരം (12), ആലപ്പുഴ (9), ഇടുക്കി (10), എറണാകുളം (3), തൃശൂര്‍ (15), പാലക്കാട് (3), മലപ്പുറം (6), കോഴിക്കോട് (3), കണ്ണൂര്‍ (14), കാസര്‍കോട് (12). ജൂണില്‍ ഇടുക്കിയിലും (-21) വയനാട്ടിലും (-51) ശതമാനം മഴകുറഞ്ഞു.
എന്നാല്‍, മറ്റു ജില്ലകളില്‍ ശരാശരിയോടടുത്ത് മഴ ലഭിച്ചു. ജൂലൈയില്‍ സംസ്ഥാനത്ത് എല്ലായിടത്തും രൂക്ഷമായ മഴക്കമ്മിയുണ്ടായി. തിരുവനന്തപുരത്താണ് ഏറ്റവും മഴക്കുറവ് അനുഭവപ്പെട്ടത് (77 ശതമാനം).
ഓഗസ്റ്റില്‍ വയനാട്ടിലെ മഴക്കുറവ് 27 ശതമാനമായിരുന്നു. ഇടുക്കിയിലും(35) പത്തനംതിട്ടയിലും (29) മഴ കൂടുതല്‍ ലഭിച്ചു. ഓഖിക്ക് ശേഷം ലഭിച്ച മഴയാണ് ജൂലൈയിലെ മഴക്കമ്മിയെ മറികടന്നത്. സെപ്റ്റംബറില്‍ എല്ലാ ജില്ലകളിലും അധികമായി ലഭിച്ചു. ഇതില്‍ 11 ജില്ലകളില്‍ കനത്തമഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ പാലക്കാട്ടായിരുന്നു (108 ശതമാനം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."