ഓഖി: പുതിയ കണക്കുമായി പൊലിസ്: 188 പേരെ കാണാനില്ല, 47 പേര്‍ മരിച്ചു
തിരുവനന്തപുരം: ഓഖിയില്‍ പുതിയ കണക്കുമായി പൊലിസ്. 188 പേരെ കാണാനില്ലെന്നും 47 പേര്‍ മരിച്ചതായും പൊലിസ് റിപ്പോര്‍ട്ട് നല്‍കി.
തിരുവനന്തപുരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ 106 പേരും കൊല്ലത്തുനിന്ന് പോയ 13 ഇതരസംസ്ഥാന തൊഴിലാളികളും എറണാകുളത്തെ 69 പേരും അടക്കം 188 പേരെ കാണാനില്ലെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ഫിഷറീസ് വകുപ്പിന് കൈമാറിയത്.
മരിച്ചവര്‍ക്ക് നല്‍കുന്ന സഹായം കാണാതായവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ 105 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പറയുന്നത്. 43 പേര്‍ മരിച്ചതായും ഇവരുടെ കണക്കുകള്‍ പറയുന്നു.
കാണാതായവരെല്ലാം മരിച്ചിരിക്കാമെന്ന് പൊലിസ് പറയുമ്പോള്‍ ഭൂരിഭാഗവും മടങ്ങിയെത്തിയെന്നും സര്‍ക്കാരിന്റെ സാമ്പത്തിക സഹായം തട്ടിയെടുക്കാന്‍ ഒളിവില്‍കഴിയുകയാണെന്നും ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ പരിശോധനകള്‍ക്കുശേഷം കാണാതായവര്‍ക്ക് സാമ്പത്തികസഹായം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് അറിയുന്നത്. ലത്തീന്‍ സഭയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഓഖിയില്‍ മരിച്ചവര്‍ക്ക് കേരള സര്‍ക്കാരിന്റെ 20 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ടുലക്ഷവും ഉള്‍പ്പെടെ 22 ലക്ഷം രൂപയാണ് സാമ്പത്തികസഹായം നല്‍കുന്നത്. അതേസമയം, തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ എന്തു ചെയ്യണമെന്നും കാണാതാവര്‍ക്ക് എപ്പോള്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
അതേസമയം, സുരക്ഷാസംവിധാനങ്ങള്‍ ഇപ്പോഴും കാര്യക്ഷമമാക്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 15 നോട്ടിക്കല്‍ മൈല്‍ ദൂരത്തിന് അപ്പുറം മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് കടലിന്റെ പ്രക്ഷുബ്ധാവസ്ഥ അറിയാനുള്ള യാതൊരു ക്രമീകരണങ്ങളും ഇല്ല. സുരക്ഷാസംവിധാനങ്ങള്‍ ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഓഖി ദുരന്തത്തില്‍പ്പെട്ട് തിരികെയെത്തിയവര്‍ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് കടന്നിട്ടില്ല. കൗണ്‍സിലിങ് നടത്തി ഇവരെ സാധാരണജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ ലത്തീന്‍ സഭ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ഹൃദയാരം കോളജ് ഓഫ് കൗണ്‍സിലിങ്ങിലെ 88 കൗണ്‍സിലര്‍മാരുടെ സേവനം ഒരാഴ്ചയിലധികം തീരപ്രദേശങ്ങളില്‍ ലഭ്യമാക്കിയാണ് മത്സ്യത്തൊഴിലാളികളുടെ ഭീതി മാറ്റാന്‍ ശ്രമിച്ചത്. ഹൃദയാരാമില്‍ പഠിച്ച് പുറത്തിറങ്ങി വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തുവന്നിരുന്ന കൗണ്‍സിലര്‍മാര്‍ ഒരാഴ്ച അവധിയെടുത്താണ് തീരദേശത്ത് എത്തിയത്. ഓഖിയില്‍ കാണാതായവര്‍, മരിച്ചവര്‍, തിരികെയെത്തിയവര്‍ എന്നീ ക്രമത്തിലാണ് കൗണ്‍സിലിങ് നടത്തിയത്. തുടര്‍ കൗണ്‍സിലിങ് നല്‍കിയാല്‍ മാത്രമേ മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും സാധാരണജീവിതത്തിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."