ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ ജോഹന്നാസ്ബര്‍ഗില്‍. കേപ്ടൗണിലും സെഞ്ചൂറിയനിലും നടന്ന രണ്ട് ടെസ്റ്റുകളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന്റെ തോല്‍വിയും ഇന്ത്യ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. രണ്ട് ടെസ്റ്റിലും തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ മൂന്നാം ടെസ്റ്റിലെങ്കിലും വിജയിക്കാന്‍ ബാറ്റിങ്ങില്‍ രണ്ട് മാറ്റങ്ങള്‍ പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്.
ദക്ഷിണാഫ്രിക്കയുടെ എന്‍ഗിഡിയുടെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിപ്പോയതായിരുന്നു രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ എന്‍ഗിഡിക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ അടിവേരറുത്ത് ആറു വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി ഇന്ത്യയെ തരിപ്പണമാക്കുന്നതില്‍ എന്‍ഗിഡി മുഖ്യപങ്ക് വഹിച്ചു. മൂന്നാം ടെസ്റ്റില്‍ എന്‍ഗിഡിയുടെ ബൗളിങ്ങിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായാല്‍ ബേധപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി മത്സരം സമനിലയിലേക്കെങ്കിലും എത്തിക്കാനായാരിക്കും ഇന്ത്യ ശ്രമിക്കുക.
രണ്ടാം ടെസ്റ്റില്‍ 74 പന്തുകള്‍ നേരിട്ട് 47 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് കൂടുതല്‍ റണ്‍സ് നേടിയത്. ആദ്യ ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ പതറിയായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരാണ് ഇന്ത്യയെ തകര്‍ത്തത്. സൂപ്പര്‍ ബൗളിങ്ങിലൂടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ വെര്‍നോന്‍ ഫിലാന്‍ഡറുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരക്ക് പിടിച്ചുനില്‍ക്കാനായില്ല. 53 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ അശ്വിന്‍ മാത്രമാണ് ബേധപ്പെട്ട സ്‌കോറുമായി കളംവിട്ടത്. മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം പൂര്‍ണ പരാജയമായതോടെയായിരുന്നു ആദ്യ ടെസ്റ്റിലെ തോല്‍വി. അതേസമയം പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തില്‍ ബൗളിങ് നിരക്ക് മൂര്‍ച്ച കൂട്ടിയാണ് ദക്ഷിണാഫ്രിക്ക ഒരുങ്ങിയിട്ടുള്ളത്. ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ മികച്ച ബൗളിങ്ങ് പുറത്തെടുത്താല്‍ പരമ്പര തൂത്തുവാരം എന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ സംഘം.
അതേസമയം ബാറ്റിങ്ങ് തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് വിദേശ പിച്ചുകളില്‍ തിളങ്ങിയ രഹാനെ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്തയുണ്ട്. രഹാനെ തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ്ങിന് മുതല്‍കൂട്ടാകും. മൂന്നാം ടെസ്റ്റില്‍ രഹാനെ കളിക്കുകയാണെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍ ഇവരിലൊരാള്‍ പുറത്തിരിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."