മരണത്തെ മുഖാമുഖം കണ്ട് പുഷ്പരാജന്‍ മടങ്ങിയത്തി
വിഴിഞ്ഞം: രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ട് ഞെട്ടിക്കുന്ന ഓര്‍മകളുമായി അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ പുഷ്പരാജന്‍ മടങ്ങിയത്തി. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായെന്നു സംശയിച്ച വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി പുഷ്പരാജനാണ് (51) കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയത്.
തൂത്തൂര്‍ സ്വദേശി ബിന്ദുവിന്റെ ബോട്ടില്‍ ഇയാള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം മത്സ്യബന്ധനത്തിനായി ആന്‍ഡമാനിലേക്ക് കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണ് പുറപ്പെട്ടത്. അവിടെയെത്തി ഒന്നര മാസത്തോളം നിയമക്കുരുക്കില്‍ പെട്ട് അലഞ്ഞു.
തുടര്‍ന്ന് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഓഖിയെത്തിയത്. അപകടം മണത്ത സംഘം ചെറു ദ്വീപുകളുടെ മറപറ്റി ബേട്ടിനെ നങ്കൂരമിട്ട് നിര്‍ത്തി. രക്ഷക്കായി ആന്‍ഡമന്‍ അധികൃതര്‍ക്ക് സന്ദേശമയച്ചു.
അവിടെ നിന്ന് അധികൃതരുടെ സഹായത്തോടെ കച്ചാല്‍ ദ്വീപിലും പിന്നീട് തെരേസ ദ്വീപിലും എത്തി. 32 ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡമാനില്‍ തിരിച്ചെത്തി.
മടക്കയാത്രക്കിടെ സഞ്ചരിച്ചിരുന്ന ബോട്ട് നടുക്കടലില്‍ മുങ്ങിയെങ്കിലും മറ്റ് ബോട്ടുകാരുടെ സഹായത്തോടെ ശനിയാഴ്ച തമിഴ്‌നാട്ടിലെ പട്ടണം ഹാര്‍ബറില്‍ കരപറ്റി.
മത്സ്യബന്ധനത്തിനിറങ്ങിയ പുഷ്പരാജനെക്കുറിച്ച് ഓഖിദുരന്തത്തിനു ശേഷം വിവരമൊന്നുമില്ലാതിരിക്കുമമ്പോഴാണ് മകള്‍ക്ക് പുഷ്പരാജന്റെ വിളിയെത്തിയത്. പപ്പ ജീവനോടെയുണ്ടെന്നറിഞ്ഞ മകള്‍ പ്രിയയും കുടുംബവും ഇയാളുടെ വരവിനായി കാത്തിരിക്കവെയാണ് ഇന്നലെ വൈകിട്ടോടെ ഇദ്ദേഹം വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."