പനമരം സി.എച്ച്.സി അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ജനകീയ സമരസമിതി
പനമരം: നിരവധി പ്രദേശങ്ങളിലെ ജനങ്ങള്‍ ഉപകാരപ്പെടുന്ന പനമരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ നിലപാട് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് ശേഷവും സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിലവില്‍ മാനന്തവാടി താലൂക്കില്‍ ഏറ്റവും കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് പനമരത്തേത്. കൂടാതെ കോട്ടത്തറ, പനമരം, കണിയാമ്പറ്റ, വെള്ളമുണ്ട, പുല്‍പ്പള്ളി പഞ്ചായത്തിലെ നെയ്കുപ്പ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എന്നിട്ടും കേന്ദ്രത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാകില്ല. വിഷയത്തില്‍ കെ.ജി.എം.ഒ ജനങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പം സൃഷ്ടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
അടുത്ത ദിവസം കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരികള്‍ എന്നിവരെ അണിനിരത്തി ഡി.എം.ഒ ഓഫിസിലേക്ക് മാര്‍ച്ച് ഉള്‍പെടെ സംഘടിപ്പിക്കാനാണ് തീരുമാനം.
കടയടപ്പു സമരവും നടത്തി ആവശ്യം പൂര്‍ണമായും അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ അസീസ്, പി.ജെ ബേബി, കെ.സി ജബ്ബാര്‍, എം.സി സെബാസ്റ്റ്യന്‍, സജേഷ്, വാസു അമ്മാനി, പി.എന്‍ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."