ദേശീയപാത വികസനം: ലഘുലേഖയെ ചൊല്ലി തര്‍ക്കം
കൊയിലാണ്ടിയിലെ ജനപ്രതിനിധികളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന തലക്കെട്ടിലാണ് ലഘുലേഖ ഇറക്കിയത്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനപ്രതിനിധികളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന തലക്കെട്ടില്‍ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ സമിതിയുടെ പേരില്‍ ലഘുലേഖ ഇറക്കിയതിനെത്തുടര്‍ന്ന് ഇരുവിഭാഗവും തുറന്ന പോരിലേക്ക്. ദേശീയപാത വികസനം ജനപ്രതിനിധികള്‍ ഉറപ്പുനല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റിയും, വികസനം തടസപ്പെടുത്തുന്ന തരത്തില്‍ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുന്നതാണ് പ്രതിസന്ധിയെന്ന് മറുപക്ഷവും ആരോപിക്കുന്നു.
വികസനത്തിന്റെ പേരില്‍ വഞ്ചനാപരമായ പ്രസ്താവന നടത്തി അഞ്ച് കുന്നുകളും, ആറ് വലിയകുളങ്ങളും, ഏഴ് നാഗകാവുകളും 600 ല്‍പരം കിണറുകളും പാടശേഖരങ്ങളും പൂര്‍ണമായി നശിപ്പിച്ച് കൊയിലാണ്ടി ബൈപ്പാസിനു മുറവിളി കൂട്ടുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്.
ബൈപ്പാസിനായി 628 കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റി 2000 ത്തിലധികം പേരെ പെരുവഴിയിലേക്ക് തള്ളിവിട്ട് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ നയമോ അതോ ആരുടെയെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ എന്നും ലഘുലേഖയില്‍ തുറന്നടിക്കുന്നു. റോഡ് നിര്‍മിക്കുമ്പോള്‍ ഇരയാകുന്നവരുടെ സമ്മതപത്രം ഒപ്പിട്ട് നല്‍കി എന്ന് പറയുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്താന്‍ ജനപ്രതിനിധികള്‍ തയാറാകുമോ എന്നും ഹരിജനങ്ങളുടെ വിദ്യാഭ്യാസ ഉയര്‍ച്ചയ്ക്കായി കേരള ഗാന്ധി കെ.കേളപ്പജി സ്ഥാപിച്ച് മൂടാടിയിലെ ഗോഖലെ സ്‌കൂള്‍, ഭിന്നശേഷിക്കാര്‍ക്കായി ലോക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന നന്തിയിലെ എഫ്.എം.ആര്‍.വിദ്യാലയം എന്നിവയുടെ അന്ത്യം കുറിക്കുന്ന ബൈപാസ് പദ്ധതിയെക്കുറിച്ച് എന്താണ് ജനങ്ങളോട് പറയാനുള്ളതെന്നും നോട്ടീസില്‍ ചോദ്യമുയരുന്നു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി പരിഹരിച്ച് കൊണ്ട് നടപടികളെടുക്കുന്ന പൊതുമരാമത്ത് മന്ത്രി നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ 2000 ത്തില്‍ പരം കുടുംബങ്ങളെ തെരുവിലെക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നത് പുന:പരിശോധിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. ജനസംരക്ഷകരായവര്‍ ഏതാനും കുത്തക കച്ചവടക്കാരുടെയും, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും വാലാട്ടികളായി മാറരുതെന്ന് പറഞ്ഞാണ് നോട്ടീസ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എം.എല്‍.എയും, നഗരസഭാ ചെയര്‍മാനും പങ്കെടുത്തിരുന്നില്ല. ഇത് ഭൂവുടമകളുടെ ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."