സഊദി ദേശീയ പൈതൃകോത്സവം: അതിഥി രാഷ്ട്രമായി ഇന്ത്യ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജിദ്ദ: സഊദി ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ ഇന്ത്യ. മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും അറബ് ലോകത്തിന് പരിചയപ്പെടുത്താനുളള അവസരം ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
1985 മുതല്‍ സഊദി ദേശീയ സുരക്ഷാ സേനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന സാംസ്‌കാരികോത്സവത്തിന്റെ 32 ാം പതിപ്പാണ് ഇത്തവണത്തേത്.
ഫെബ്രുവരി ഏഴിന് റിയാദില്‍ ആരംഭിക്കുന്ന ജനാദ്രിയ മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നു മന്ത്രിമാര്‍ ഉള്‍പ്പെടെയുളള ഉന്നത തല സംഘം പങ്കെടുക്കുമെന്ന് അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു.
ഭരണാധികാരി സല്‍മാന്‍ രാജാവ് രക്ഷാധികാരിയായ പൈതൃകോത്സവത്തില്‍ അതിഥി രാഷ്ട്രമായി ഇന്ത്യയെ ക്ഷണിച്ചത് അംഗീകാരമാണ്. 32 ലക്ഷം ഇന്ത്യക്കാരുളള സഊദിയില്‍ 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമായി.
ഇതിന്റെ അംഗീകാരം കൂടിയാണ് ജനദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി ക്ഷണിച്ചതെന്നും അംബാസഡര്‍ വ്യക്തമാക്കി.
ജനാദ്രിയ വില്ലേജിലെ വിശാലമായ ഇന്ത്യന്‍ പവിലിയനില്‍ കലാകായികവിനോദ പരിപാടികള്‍, സെമിനാര്‍, വ്യവസായവാണിജ്യ വിനിമയം എന്നിവ നടക്കും. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ ബിസിനസ് സംരംഭകരുടെ സാന്നിധ്യവും പവിലിയനില്‍ ഉണ്ടാകും.
18 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും ഉണ്ടാവും.
കേരളത്തിന്റെ പൈത്യകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി , രാജസ്ഥാനി, കഥക്, പൂര്‍ലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും എത്തും. പുറമെ പ്രശസ്ത ഇന്ത്യ സിനിമകളും പ്രദര്‍ശിപ്പിക്കും.
ജനാദ്രിയ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്തോ -സഊദി ഉഭയകക്ഷി ബന്ധത്തിന്റെ വസ്തുതകളും ഭാവിയും സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും സംയുക്തമായി ഭക്ഷ്യ സംസ്‌കരണം സംബന്ധിച്ച് പ്രത്യേക സെമിനാറും സംഘടിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍, പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."