അധികാരത്തര്‍ക്കം അധികമാവരുത്
പരമോന്നത നീതിപീഠത്തില്‍നിന്ന് ഞങ്ങള്‍ക്കു നീതി വേണ്ടത്ര ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നാലു ന്യായാധിപന്മാര്‍ മാധ്യമങ്ങളെ വിളിച്ചു പറയേണ്ടിവന്ന മഹാനാണക്കേടില്‍ നിന്ന് ഇന്ത്യന്‍ ജുഡീഷ്യറിക്ക് ഇനി എന്നു കരകയറാനാവും.
സഹാറ, ശബരിമല, മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള പതിനഞ്ച് കേസുകള്‍ പത്താം നമ്പറുകാരനു നല്‍കി തങ്ങളെ അവിശ്വസിച്ചുവെന്നല്ല നാല്‍വര്‍ സംഘം പറഞ്ഞത്. ഇക്കാര്യത്തിലൊക്കെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ മണക്കുന്നുണ്ട്, ഇങ്ങനെ പോയാല്‍ ഇന്ത്യന്‍ ജനാധിപത്യം മരണമടയുമെന്നും മുതിര്‍ന്ന ജഡ്ജിമാര്‍ പച്ചയായി പറഞ്ഞുവച്ചു.
പ്രശ്‌നപരിഹാരം എളുപ്പമാണ്. പക്ഷേ, വേലി തന്നെ വിളവു തിന്നുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യം ഉല്‍ക്കണ്ഠപ്പെടുത്തുന്നില്ലേ. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി ചില നീക്കുപോക്കുകളുണ്ടെന്നതാണു സത്യമെങ്കില്‍ അവസാന ബസും പോയ നിരാശപോലെ അവസാന അത്താണിയും അവസാനിക്കുകയാണോ എന്ന സംശയം ബലപ്പെടും.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടെത്തി ആലിംഗനം ചെയ്തു സ്വീകരിച്ചു. ഇതൊരു ആലിംഗന നയതന്ത്രമാണെന്നു ചിലരൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നെതന്യാഹു ഏതാണ്ടൊരു മോദി ഗ്രൂപ്പുകാരന്‍ തന്നെയാണ്. അടുത്തവര്‍ഷം ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്കു മാറ്റുമെന്ന് നെതന്യാഹു പറഞ്ഞത് ഇന്ത്യയില്‍ വച്ചാണ്. നരേന്ദ്രമോദി താമസിയാതെ ഫലസ്തീന്‍ സന്ദര്‍ശിക്കുമെന്നറിയിക്കുകയും ചെയ്തു.
ഇസ്രാഈല്‍ നടപടി ഇന്ത്യ അപലപിച്ചിട്ടില്ലെങ്കിലും ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് അനുകൂലമായാണു വോട്ടു ചെയ്തത്. എങ്കിലും അപകടം മണക്കുന്ന നീക്കങ്ങള്‍ വന്നുകൂടായ്കയില്ലെന്നു വേണം കരുതാന്‍.
ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിരുകടന്ന അഭിപ്രായമാണ്. ചൈനയോടു കാണിക്കുന്ന പ്രണയം ഇന്ത്യയോടില്ലെങ്കില്‍ അതു തന്നെയാണു ദേശവിരുദ്ധത.
അന്ധമായ ദേശീയത നന്നല്ലെങ്കിലും അതിരുകടന്ന കമ്മ്യൂണിസ്റ്റ്പക്ഷ ദാസ്യം അമാന്യമാണ്. മുന്‍ ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ കോടിയേരിയെ പിടലിക്കു പിടിച്ച് അകത്താക്കണമെന്നു ബി.ജെ.പിക്കു പ്രസ്താവനയിറക്കാന്‍ വെടിമരുന്നിട്ടതു ജാഗ്രതക്കുറവായി പാര്‍ട്ടി വിലയിരുത്താനിടയില്ല.
തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കഥകഴിക്കാന്‍ ഗുജറാത്ത്, രാജസ്ഥാന്‍ പൊലിസ് പദ്ധതി ഇട്ടതായി തൊണ്ടയിടറി പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. പലരെയും പല കുടുംബത്തെയും കരയിപ്പിച്ച ഈ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റിനെതിരിലുള്ള കേസ് ഉടനടി പൊലിസ് പിന്‍വലിച്ചു. മോദി, അമിത്ഷാ കൂട്ടുകെട്ടിനെതിരേ ആര്‍.എസ്.എസ്സില്‍ ഉയരുന്ന അഭിപ്രായഭിന്നതയുടെ ഇടനിലക്കാരനാണു തൊഗാഡിയ എന്നാണ് ഇന്ത്യയിലെ പൊതുവര്‍ത്തമാനം.
ഇരട്ടപ്പദവി കാരണം ഇരുപത് എം.എല്‍.എമാരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അടിച്ചുവാരി. ഇതു ബി.ജെ.പിക്കു വേണ്ടിയുള്ള കൂലിപ്പണിയാണെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഒറ്റ സീറ്റും കിട്ടാതെ തോറ്റു തുന്നംപാറിയ കോണ്‍ഗ്രസും നാലിലൊതുങ്ങിയ ബി.ജെ.പിയും കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ടതു ചിരിക്കു വകയായി.
ബാലകൃഷ്ണപ്പിള്ള വഴി ഗണേഷിനെ പിടിച്ചു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയാക്കി ഇന്ത്യയിലിങ്ങേ അറ്റത്തൊരു എന്‍.സി.പി മന്ത്രിയെ ഉണ്ടാക്കാനാവുമോയെന്ന പീതാംബരന്‍മാസ്റ്ററുടെ കുറുക്കുബുദ്ധി മാണി സി. കാപ്പന്‍ കൈയോടെ പിടികൂടി പൊളിച്ചു. എന്നാല്‍ പിന്നെ കോവൂരിനെ പരിഗണിച്ചാലോ എന്നായി ചിന്ത. നാമനിര്‍ദേശപത്രികയില്‍ എഴുതിക്കൊടുത്തതിന് അപ്പുറത്തു കയറിപ്പിടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പണി കൊടുക്കുമെന്ന ഭയം കാരണം കോവൂരും തടിയൂരി. ഇനി ചാണ്ടി-ശശിമാരില്‍ ഒരാള്‍ക്കു തന്നെയാണ് ചാന്‍സ്. അതിനു കോടതി കനിയണം. അത് ഉടനെയൊന്നും നടക്കുമെന്നു കരുതാനാവില്ല. അതാണല്ലോ ചെയ്തുവച്ച കൃത്യങ്ങള്‍.
നാല്‍പതു കൊല്ലം ഒന്നിച്ചുറങ്ങി ഉണ്ടുനടന്ന വീരനെ പിണറായി ചവിട്ടി പുറത്താക്കി ഏഴു കൊല്ലം യു.ഡി.എഫില്‍ കഴിഞ്ഞു വീണ്ടും ഒറ്റച്ചാട്ടത്തിന് എല്‍.ഡി.എഫിന്റെ വാതില്‍പടി വരെ എത്തിയിരിക്കുന്നു. വീരനടക്കമുള്ള കമ്മിറ്റിക്കാര്‍ എല്‍.ഡി.എഫിലെത്തിയെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യു.ഡി.എഫില്‍ തുടരാനാണു തീരുമാനം. ഇല്ലം വിട്ടു അമ്മാത്ത് എത്തിയതുമില്ല.
ഏതായാലും ഒരു എം.പി, ഏതാനും എം.എല്‍.എമാര്‍ തരപ്പെടുമെങ്കില്‍ ഭരണത്തിലൊരു പങ്കാളിത്തം. ഈ ധാരണയ്ക്കു വ്യാപാരമുറപ്പിക്കുന്ന പാര്‍ട്ടിയായി വീരന്‍ പാര്‍ട്ടി മാറുന്നത് ഇതാദ്യമല്ലല്ലോ. എസ്.പി, എസ്.എസ്.പിയിലൂടെ നടന്നും കാലു മാറിയും കൊടിയും പേരും മാറ്റിയും അഡ്രസ് തീര്‍ത്ത വീരേന്ദ്രകുമാര്‍ ഈ വയസാന്‍കാലത്തു പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയ പരിഹാസ്യ കഥാപാത്രമായത് ഒഴിവാക്കാമായിരുന്നു.
കെ.എം മാണിക്കെതിരേ ഉയര്‍ത്തിയ ബാര്‍ കോഴക്കേസില്‍ സാദാ തെളിവും ശാസ്ത്രീയ തെളിവും ഇല്ലെന്നാണു വിജിലന്‍സ് പറയുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ രാപ്പാര്‍പ്പിച്ച എല്‍.ഡി.എഫിന്റെ പൊലിസിപ്പോള്‍ മാണി സാര്‍ മണിംമണിയായി ഇടത്തോട്ടു വന്നോട്ടെയെന്നു തീരുമാനിച്ചാണു ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ചിലര്‍ ആക്ഷേപം ഉന്നയിച്ചതില്‍ കഴമ്പില്ലെന്നു തീര്‍ത്തു പറയാനാവില്ല. റിസര്‍വ് ബാങ്കിന് ആകമാനം നോട്ടെണ്ണാന്‍ 16 മെഷിനുകള്‍ ഉള്ളപ്പോള്‍ മാണിക്ക് പാലായില്‍ അഴിമതിപ്പണം എണ്ണാന്‍ ഒരു യന്ത്രം തന്നെ ഉണ്ടെന്നു തീര്‍ത്തു പറഞ്ഞ ഇടതുപക്ഷ നേതാക്കളെല്ലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ടുജി സ്‌പെക്ട്രം അഴിമതി ഉയര്‍ത്തി മന്‍മോഹന്‍ സിങിനെ മൂലയ്ക്കും നരേന്ദ്രമോദിയെ സൗത്ത് ബ്ലോക്കിലും മാറ്റി നിര്‍ത്തി മാധ്യമ മാഫിയ വിജയിച്ചിരുന്നു. അവസാനം സുപ്രിംകോടതി കേസ് അപ്പാടെ തള്ളി. ശരിയായ തെളിവില്ലാതെ പുകമറ ഉണ്ടാക്കി ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കാന്‍ നമുക്കു കഴിയാതെ പോകുന്നു. വിലപ്പെട്ട സമയവും ധനവും നഷ്ടമാവുന്നു.
നീതി തേടി കോടതിയിലെത്തിയ അനേകം ഇന്ത്യന്‍ പൗരന്മാരെ ക്യൂവില്‍ നിര്‍ത്തിയാണ് ഈ മാതിരി കഥയും കഴമ്പും ഇല്ലാത്ത കേസുകള്‍ എടുക്കുന്നത്. ചിലര്‍ക്ക് അധികാരത്തിലെത്താന്‍ വാടകയ്ക്കു വിളിക്കുന്നവരുടെ തറവേലയായി അഴിമതി ആരോപണങ്ങള്‍ മാറുന്നത് ഓക്കാനം വരുത്തുന്ന കാര്യം തന്നെ.
കമലാഹാസന്‍, രജനീകാന്ത്, ടി.ടി.വി ദിനകരന്‍ അങ്ങനെ പേരെടുത്ത പലരും പാര്‍ട്ടിപ്പണിയിലാണ്. നല്ല ഏര്‍പ്പാടാണു രാഷ്ട്രീയം എന്നെല്ലാവരും തിരിച്ചറിയുകയാണ്. അരലക്ഷത്തിന്റെ കണ്ണടവയ്ക്കാം, മുപ്പത്തിമൂന്നു ലക്ഷത്തിന്റെ ലക്ഷ്വറി ചികിത്സ ഒപ്പിക്കാം, കൈയും പോക്കറ്റും ബാഗും കാശുകൊണ്ടു നിറയ്ക്കാം, ഉദ്യോഗസ്ഥരെ വിരട്ടാം, സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അന്തിയുറങ്ങാം. അങ്ങനെ സാമാജികരുടെ ഇഹലോകജീവിതം രാജകുമാരതുല്യം അടിപൊളിക്കാം. വിയര്‍ക്കേണ്ടതില്ല. പണിയെടുക്കേണ്ട, വല്ലപ്പോഴും സഭയില്‍ ഒച്ചയനക്കിയാല്‍ മതി. അതാവണം രാഷ്ട്രീയം പലര്‍ക്കും തലയ്ക്കു പിടിക്കുന്നത്.
തെറ്റുകള്‍ തിരിഞ്ഞുനിന്നു വിചാരണയും ശിക്ഷയും വിധിക്കുന്ന ഒരു കാലം വന്നില്ലെങ്കില്‍ ഇന്ത്യ എങ്ങുമെത്താന്‍ പോകുന്നില്ല.
എഴുന്നൂറ് കോടി രൂപയുടെ ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. തായ്‌ലന്റ്, ബെത്‌ലഹേം തുടങ്ങിയ പല സ്ഥലങ്ങളിലേക്കും തീര്‍ഥയാത്ര ഉണ്ട്. അവര്‍ക്കു വിലക്കില്ല.
4063 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ജിദ്ദയിലേക്ക് ഹജ്ജ് സീസണില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് കേട്ടാല്‍ ഞെട്ടിപ്പോകുന്ന ചാര്‍ജിലേക്കാണ് സബ്‌സിഡി. ഇടതു കൈയിലെ സഞ്ചിയില്‍ നിന്നെടുത്ത് വലതു കൈയിലെ സഞ്ചിയിലിടുന്ന ഈ കുറുക്കുവിദ്യക്ക് ഒരു സമുദായം വെറുതെ പഴി കേള്‍ക്കുകയാണ്. നേരെചൊവ്വെ പറഞ്ഞാല്‍ സബ്‌സിഡി ഹാജിമാര്‍ക്ക് നേരിട്ട് ലഭിക്കാന്‍ എല്ലാ അര്‍ഹതയും ഉണ്ട്. ചെലവ് കുറക്കാനാണ് അതുപയോഗിക്കേണ്ടത്.
പക്ഷേ, സര്‍ക്കാര്‍ ഖജനാവ് വണ്ണം കൂട്ടാനാണിപ്പോള്‍ നല്‍കിയത്. മതന്യൂനപക്ഷങ്ങളെ കണ്ടേടത്തു വച്ചു പിടികൂടി അപമാനിക്കുകയെന്ന ഫാസിസ്റ്റ് നിലപാടുകള്‍ ഇനിയും തുടരാനാണു സാധ്യത. ഹജ്ജ് സബ്‌സിഡി വേണ്ടെന്നു വയ്ക്കണമെന്നു സെക്യുലറിസ്റ്റാവാന്‍ പറഞ്ഞു നടന്നിരുന്ന കെ.ടി ജലീല്‍ ഇപ്പോള്‍ പിന്‍വലിച്ചതിനെതിരിലും സംസാരിച്ചു കാണുന്നു.
ജലീലിന്റെ 'ഖദീമായ വസൂല് (മുന്‍ അഭിപ്രായം) ആര്‍ക്കുവേണ്ടിയായിരുന്നു. ഇപ്പോഴത്തെ മലക്കം മറിച്ചല്‍ ആര്‍ക്കു വേണ്ടിയാണ്. രണ്ടും തിരിച്ചറിയാന്‍ ഡോക്ടറേറ്റ് വേണ്ടതില്ലെന്ന് ഉറപ്പിച്ചു പറയാനാവും.
യു.എ.ഇയുടെ യാത്രാവിമാനം ഖത്തര്‍ ആര്‍മി വിമാനം തടഞ്ഞെന്നും ഇല്ലെന്നും വാര്‍ത്ത വന്നു. ഇരു രാജ്യങ്ങളെയും യുദ്ധമുഖത്തെത്തിക്കാന്‍ അമേരിക്ക കിണഞ്ഞു ശ്രമിച്ചു കൂടായ്കയില്ല. വികാരത്തിനു പകരം വിവേകം കാണിക്കാന്‍ ഭരണാധികാരികള്‍ക്കാവണം.
വിശുദ്ധ റമദാനില്‍ വെള്ളംകുടി മുട്ടിക്കാന്‍ എടുത്ത തീരുമാനം പോലും അപക്വമായി എന്നു കാലം കുറിച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."