വിഴിഞ്ഞം പദ്ധതി: ആശങ്കയകറ്റാന്‍ ശ്രമിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്നു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍, ഇത് എല്‍.ഡി.എഫിന്റെ നിലപാടില്‍ നിന്നുക്കൊണ്ടായിരിക്കുമെന്നും കൊച്ചിയില്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിനും ജനങ്ങള്‍ക്കും ഗുണകരമായ നിലയില്‍ സുതാര്യത ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല. വിഴിഞ്ഞം പദ്ധതിയെയല്ല, അതിന്റെ പശ്ചാത്തല സൗകര്യം ഒരുക്കിയതില്‍ ചില സംശയങ്ങള്‍ ഉണ്ടായതിനെയാണ് എല്‍.ഡി.എഫ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ചു വ്യക്തത വരുത്തും. തുടര്‍നടപടികളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും.
മുന്നണിയിലും കാബിനറ്റിലും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ വ്യക്തത വരുത്തും. നിലവിലുള്ള തുറമുഖങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. പൊന്നാനി, ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, പുനലൂര്‍ തുടങ്ങിയ ചെറുതുറമുഖങ്ങളുടെ നവീകരണത്തിനാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. തുറമുഖങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എങ്ങനെ കേരളത്തിനു പൂര്‍ണമായും ഗുണപ്രദമാക്കാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുരാവസ്തു വകുപ്പിന്റെ കീഴിലെ ജില്ലാ പൈതൃക മ്യൂസിയങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോര്‍ട്ട്‌കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവും തൃപ്പൂണിത്തുറ ഹില്‍പാലസും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."