പരിധിയില്ലാതെ ഭൂഗര്‍ഭജലം; ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിധിയില്ലാതെ ഭൂഗര്‍ഭ ജലം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നതടക്കം ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്ന വ്യവസ്ഥകളടങ്ങുന്ന കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
വ്യവസായങ്ങള്‍ക്കു വിവിധ ഏജന്‍സികളില്‍ നിന്നുള്ള അനുമതികള്‍ 30 ദിവസത്തിനകം ഉറപ്പാക്കി വ്യാവസായിക സൗഹൃദ സൂചികയില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന രണ്ടു ബില്ലുകളിലായി ഏഴു പ്രധാന നിയമങ്ങളിലാണ് ഭേദഗതി. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
ബില്ലിനെതിരേ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചപ്പോള്‍, ഇക്കാര്യമടക്കം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് മാറ്റങ്ങള്‍ വരുത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.
പരിധിയില്ലാതെ ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസും പറഞ്ഞു.
കേരള മുനിസിപ്പാലിറ്റി നിയമം, കേരള പഞ്ചായത്തിരാജ് നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിയമം, കേരള ചുമട്ടുതൊഴിലാളി നിയമം, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന നിയമം എന്നിവയിലാണ് ഭേദഗതി വരുന്നത്. 2017 ഒക്‌ടോബര്‍ 20ന് പ്രാബല്യത്തില്‍ വന്ന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായാണ് ബില്ലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."