വൈദ്യുതി കണക്ഷന്‍ ചാര്‍ജുകള്‍ കുത്തനെ വര്‍ധിപ്പിച്ചു
കാഞ്ഞങ്ങാട്: വൈദ്യുതി കണക്ഷന്‍ ചാര്‍ജില്‍ വന്‍ വര്‍ധന വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. കണക്ഷന്‍ ചാര്‍ജുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ചാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ചാര്‍ജുകള്‍ കുത്തനെ വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.
പോസ്റ്റുകള്‍ ആവശ്യമില്ലാത്ത 5 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള സിംഗിള്‍ ഫേസ് കണക്ഷന്‍ എടുക്കുന്നതിനു ഗാര്‍ഹിക ഉപഭോക്താക്കള്‍ നിലവില്‍ 2150 രൂപയും 10 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ത്രീ ഫേസ് കണക്ഷന് 4350 രൂപയുമാണ് മുന്‍കരുതല്‍ ഡെപോസിറ്റ് തുകക്ക് പുറമേ ഒടുക്കിയിരുന്നത്. എന്നാല്‍ ഈ വിഭാഗം സിംഗിള്‍ ഫേസ് കണക്ഷന് 450 രൂപ കുറച്ച് 1700 രൂപയും ത്രിഫേസ് കണക്ഷന് 150 രൂപ കുറച്ച് 4200 രൂപയും നിജപ്പെടുത്തിയ റെഗുലേറ്ററി കമ്മിഷന്‍ ഇതിന്റെ മറവില്‍ പോസ്റ്റുകള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കും ആശുപത്രികള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുത കണക്ഷന്‍ എടുക്കുന്നതിനു വന്‍ തുക വര്‍ധിപ്പിക്കുകയും ചെയ്തു.
ഒരു പോസ്റ്റ് ആവശ്യമുള്ള സിംഗിള്‍ഫേസ് ഉപഭോക്താക്കള്‍ നിലവില്‍ വെതര്‍ പ്രൂഫ് വയര്‍ ഉള്‍പ്പെടെ 11,500 രൂപയാണ് ഒടുക്കിയിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം മുന്‍കരുതല്‍ തുകക്ക് പുറമേ 12,800 രൂപ നല്‍കണം. രണ്ടു പോസ്റ്റുകള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ 18,150 രൂപ ഒടുക്കിയിരുന്നത് ഇനി മുതല്‍ 25,260രൂപയും, മൂന്നു പോസ്റ്റുകള്‍ ആവശ്യമുള്ളവര്‍ നിലവിലുള്ള 26,100 രൂപയില്‍ നിന്നും മാറി 38,250 രൂപയും ഒടുക്കണം. നാല് പോസ്റ്റുകള്‍ ആവശ്യമുള്ളവര്‍ 33,700 രൂപ അടച്ചിരുന്നത് ഇനി മുതല്‍ 51,550 രൂപ അടച്ചാലേ വീട്ടില്‍ വൈദ്യുതി പ്രകാശം ചൊരികയുള്ളൂ. ഇതിനു പുറമേ മുന്‍കരുതല്‍ തുക വേറെയും കെട്ടി വെക്കണം.
പോസ്റ്റുകള്‍ ആവശ്യമുള്ള ത്രിഫേസ് ഉപഭോക്താക്കള്‍ ഒരു പോസ്റ്റിനു 24,250 രൂപയും പുറമേ മുന്‍കരുതല്‍ തുകയും അടക്കണം,2 പോസ്റ്റുകള്‍ ആവശ്യമുള്ളവര്‍ 46,850 രൂപയും, മൂന്നു പോസ്റ്റുകള്‍ക്ക് 74,100 രൂപയും,നാല് പോസ്റ്റുകള്‍ വേണ്ടവര്‍ 1,01,200 രൂപയും അടക്കണം. ഇതിനു പുറമേ എനര്‍ജി മീറ്ററുകള്‍ മാറ്റി വെക്കുന്നതിനും മറ്റു ജോലികള്‍ക്കും ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.ആശുപത്രികള്‍,വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള ഹൈടെന്‍ഷന്‍ ഉപഭോക്താക്കളും ഇനി മുതല്‍ ഉയര്‍ന്ന തുക നല്‍കിയാലേ വൈദ്യുതി വെളിച്ചം കാണുകയുള്ളൂ. മുന്‍കരുതല്‍ തുക കൂടാതെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."