ഷെറിങ്ഹാം പുറത്ത്; പകരം ആഷ്ലി വെസ്റ്റ്വുഡ്
കൊല്‍ക്കത്ത: റെനെ മ്യൂളന്സ്റ്റീനിന് പിന്നാലെ മറ്റൊരു ഇംഗ്ലീഷ് കോച്ച് ടെഡ്ഡി ഷെറിങ്ഹാമിനും പണി പോയി. നിലവിലെ ഐ.എസ്.എല്‍ ചാംപ്യന്മാരായ അമ്ര ടീം കൊല്‍ക്കത്ത (എ.ടി.കെ) പരിശീലക സ്ഥാനത്ത് നിന്ന് ഷെറിങ്ഹാമിനെ പുറത്താക്കി. സീസണിലെ ടീമിന്റ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഷെറിങ്ഹാമിനെ ടീം ഒഴിവാക്കിയത്.
മുന്‍ ബംഗളൂരു പരിശീലകനും നിലവില്‍ എ.ടി.കെയുടെ ടെക്നിക്കല്‍ ഡയറക്ടറുമായി ആഷ്ലി വെസ്റ്റ്വുഡാണ് പകരം ടീമിനെ ഇനിയുള്ള മത്സരങ്ങളില്‍ പരിശീലിപ്പിക്കുക. പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എ.ടി.കെ മൂന്ന് വീതം ജയവും സമനിലയും നാല് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം പൂനെ സിറ്റിയോട് ടീം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് കോച്ചിനെതിരേ ടീം അധികൃതര്‍ നടപടിയെടുത്തത്. ഇതോടെ കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച രണ്ട് ടീമുകളുടേയും പരിശീലകര്‍ക്ക് ഈ സീസണ് പാതി വഴി പിന്നിടുമ്പോള്‍ തന്നെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനാണ് യോഗം. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനത്തിന്റെ പേരില്‍ റെനെ മ്യൂളന്സ്റ്റീനിനെ പുറത്താക്കിയിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ടീമുകള്‍ക്കായി പ്രീമിയര്‍ ലീഗില്‍ കളിച്ച ഷെറിങ്ഹാം കളിക്കുന്ന കാലത്ത് ഇരു ടീമുകളിലും അവിഭാജ്യനായ മുന്നേറ്റ താരമായിരുന്നു.
ബംഗളൂരു എഫ്.സിയെ മൂന്ന് സീസണിനിടെ രണ്ട് തവണ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച് ഇന്ത്യന്‍ ഫുട്ബോളില്‍ വിപ്ലവം സൃഷ്ടിച്ച കോച്ചാണ് ആഷ്ലി വെസ്റ്റ്വുഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."