വടകരയില്‍ വന്‍ കള്ളനോട്ട് വേട്ട 3.16 ലക്ഷവുമായി രണ്ടു പേര്‍ അറസ്റ്റില്‍
വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ വടകരയില്‍ രണ്ടു പേര്‍ അറസ്റ്റിലായി. വടകര താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം(38), മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കളത്തില്‍ അബ്ദുല്‍ ലത്തീഫ്(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വച്ച് കള്ളനോട്ട് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായതെന്ന് റൂറല്‍ എസ്.പി എം.കെ.പുഷ്‌ക്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3,16,500 രൂപയുടെ കള്ളനോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 2000,500 എന്നിവയുടെ നോട്ടുകളാണ് പിടികൂടിയത്. വിതരണത്തിനിടയില്‍ 2000 രൂപയുടെ 24 നോട്ടുകളും 500 രൂപയുടെ 2 നോട്ടുകളുമാണ് പിടിച്ചെടുത്തത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 2,67,500 രൂപയും കണ്ടെടുത്തു. കള്ളനോട്ടാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാതിരിക്കാന്‍ ഇവയില്‍ സെക്യൂരിറ്റി ത്രെഡുകളും പതിച്ചിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാളെകൂടി പിടികിട്ടാനുണ്ടെന്നും എസ്.പി വ്യക്തമാക്കി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുള്ളതായി പൊലിസ് പറഞ്ഞു.
റൂറല്‍ ജില്ലയില്‍ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുകള്‍ പിടികൂടുന്നത്. ഇവയ്‌ക്കെല്ലാം ബംഗളൂരുവുമായി ബന്ധമുണ്ട്. ഇതേപ്പറ്റി സമഗ്രമായി അന്വേഷണം നടത്തും.
വടകര ഡി.വൈ.എസ്.പി ടി.പി.പ്രേമരാജന്‍, സി.ഐ.ടി.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ ജൂനിയര്‍ എസ്.ഐ കെ.മുരളീധരന്‍, എ.എസ്.ഐമാരായ ബാബു കക്കട്ടില്‍, സി.എച്ച്.ഗംഗാധരന്‍, സീനിയര്‍ സി.പി.ഒ കെ.പി രാജീവന്‍, സി.പി.ഒ മാരായ കെ.യൂസഫ്, വി.വി.ഷാജി, എന്‍.കെ. പ്രദീപന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."