മനയത്തുശ്ശേരി തോട് നികത്തല്‍ തര്‍ക്കത്തിന് പരിഹാരമായി
മണ്ണഞ്ചേരി : വിവാദമായിമാറിയ അമ്പലക്കടവ് മനയത്തുശ്ശേരി തോട് നികത്തല്‍ തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ മണ്ണഞ്ചേരി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗമാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിച്ചത്. തോട്ടിലെ നീരൊഴുക്കും പ്രദേശത്തെ നാട്ടുകാര്‍ക്കുള്ള യാത്രാസൗകര്യവും ഒരുപോലെ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
യോഗത്തില്‍നിന്ന് തോട് നികത്താന്‍ നേതൃത്വം നല്‍കിയ എസ്.ഡി.പി.ഐ ഇറങ്ങിപ്പോയി. വൈകുന്നേരം നാലുമണിക്ക് പഞ്ചായത്ത് ഓഫിസില്‍ വച്ചായിരുന്നു സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. സി.പി.എം,കോണ്‍ഗ്രസ്,മുസ്‌ലിം ലീഗ്,സി.പി.ഐ,ബി.ജെ.പി,എന്‍.സി.പി,എസ്.ഡി.പി.ഐ എന്നി സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സര്‍വ്വകക്ഷിയോഗത്തിന്റെ ആരംഭത്തില്‍ തന്നെ അദ്ധ്യക്ഷനെ സംബന്ധിച്ച് എസ്.ഡി.പി.ഐ ആക്ഷേപം ഉന്നയിച്ചത് ഒച്ചപ്പാടിന് ഇടയാക്കി.
യോഗത്തന്റെ അദ്ധ്യക്ഷനായി പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കാന്‍ പാടില്ലെന്ന് എസ്.ഡി.പി.ഐ നിലപാട് മറ്റുകക്ഷികള്‍ ഏകസ്വരത്തില്‍ തള്ളിക്കളയുകയായിരുന്നു.ഇതോടെയാണ് ഇവര്‍ യോഗം ബഹിഷ്‌ക്കരിച്ചത്. മണ്ണഞ്ചേരി പ്രദേശത്തെ വിശാലമായ നെല്‍പ്പാടമായ പെരുംതുരുത്തുകരിപാടത്തെ കൃഷിയിറക്കാന്‍ കഴിയാത്ത തരത്തില്‍ ആണ് മനയത്തുശ്ശേരി തോട് നികത്തി നടപ്പാത നിര്‍മ്മിച്ചത്. പാടശേഖരസമിതിയും കര്‍ഷകരും വലിയ പ്രതിഷേധമാണ് ഇതിനെതിരെ നടത്തിയത്.
സംഭവം വിവാദമായതോടെയാണ് പഞ്ചായത്ത് സമിതി പരാതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചത്.ഇന്നലെ രാവിലെ 11 മണിമുതല്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ സി.പി.എം - കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമ്പലപ്പുഴ താലൂക്ക് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു.ജില്ലാഭരണകൂടവും റവന്യൂ അധികൃതരും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാരോപിച്ച് ലാന്റ് ചുമതലക്കാരനായ ഡെപ്യൂട്ടി തഹസില്‍ദാറെ പ്രതിഷേധസംഘം ഉപരോധിക്കുകയുംചെയ്തു.
ഈ സമരത്തോടെ തോട് പുര്‍വ്വസ്ഥിതിയായി നിലനിര്‍ത്താന്‍ റവന്യൂ അധികൃതര്‍ രേഖാമൂലം ഉത്തരവും ഇറക്കിയിട്ടുണ്ട്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സര്‍വ്വകക്ഷി പൊതുസമ്മേളനവും മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."