നൂറുദ്ദീന്‍=ലളിതജീവിതം, തനിമ, സാമ്പത്തിക അച്ചടക്കം മുഖമുദ്ര
വി.കെ പ്രദീപ്
കണ്ണൂര്‍: വെള്ള മുണ്ടിലും വെള്ള ഷര്‍ട്ടിലും തിളങ്ങുന്ന ലളിത ജീവിതമാണു കെ.പി നൂറുദ്ദീന്റെ തനിമ. കടുത്ത സാമ്പത്തിക അച്ചടക്കമാണു പച്ചയായ രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന്റെ മുഖമുദ്ര. ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുമ്പോഴും ആഡംബര വാഹനങ്ങള്‍ ഒഴിവാക്കിയിരുന്ന കെ.പി നൂറുദ്ദീന്‍ താന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലെല്ലാം തികഞ്ഞ സാമ്പത്തിക അച്ചടക്കം നിഷ്‌കര്‍ഷിച്ചിരുന്നു.
2015 മെയ് 15നു കണ്ണൂര്‍ ചേമ്പര്‍ഹാളില്‍ കെ.പി നൂറുദ്ദീന്റെ ആത്മകഥയായ 'ആ രീതിയില്‍ മുന്നോട്ടു പോകാം' പ്രകാശനം ചെയ്ത ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശങ്ങള്‍ കെ.പി നൂറുദ്ദീനെന്ന രാഷ്ട്രീയക്കാരന്റെ തികഞ്ഞ സാമ്പത്തിക അച്ചടക്കത്തിന്റെ ഉദാഹരണമാണ്. 'വീക്ഷണം' പത്രത്തിന്റെ എം.ഡിയായിരിക്കെ പുതിയ പ്രസ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നൂറുദ്ദീന്‍ ചെന്നൈയില്‍ കുറച്ചുദിവസം താമസിക്കുന്ന കാലം. അന്നു സഹപ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ ചാണ്ടി മറ്റൊരു അത്യാവശ്യത്തിനു ചെന്നൈയില്‍ എത്തുന്നു. അദ്ദേഹത്തിനു കരുതിയതിലും രണ്ടു ദിവസം അധികം ചെന്നൈയില്‍ നില്‍ക്കേണ്ടി വന്നു. കൈയില്‍ കരുതിയ പണം തീര്‍ന്ന ഉമ്മന്‍ ചാണ്ടിക്കു പണം എവിടെ നിന്നും സംഘടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാണു കെ.പി നൂറുദ്ദീന്‍ ചെന്നൈയിലുള്ള കാര്യം ആരോ പറഞ്ഞ് ഉമ്മന്‍ ചാണ്ടി അറിയുന്നത്. ഇന്നത്തെ പോലെ മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമാണ്. സ്ഥിരമായി നൂറുദ്ദീന്‍ താമസിക്കുന്ന ലോഡ്ജ് കണ്ടുപിടിച്ച് അവിടെ ചെന്നു. നൂറുദ്ദീന്‍ വിളിച്ചിരുത്തി കാര്യങ്ങള്‍ സംസാരിച്ചു. ഭക്ഷണം കഴിപ്പിച്ചു. ഒടുവില്‍ ഉമ്മന്‍ ചാണ്ടി വന്നകാര്യം പറഞ്ഞു. കൈയിലെ പണം തീര്‍ന്നു. 500 രൂപ വേണം. ഭക്ഷണം തരാം, ഇവിടെ താമസിക്കാം. പക്ഷേ എന്റെ കൈയില്‍ പൈസയില്ല. 'വീക്ഷണം' ഫണ്ടില്‍ നിന്നെടുക്കാനും പറ്റില്ല. നിര്‍ദാക്ഷിണ്യമുള്ള മറുപടികേട്ട് ഉമ്മന്‍ ചാണ്ടി അവിടെ നിന്നിറങ്ങിയ അനുഭവംകേട്ട് അന്നത്തെ സദസ് കുലുങ്ങി ചിരിക്കുമ്പോഴും കൈയിലുള്ള 'വീക്ഷണം' ഫണ്ടില്‍ നിന്നു സഹപ്രവര്‍ത്തകനു വേണ്ടി ഒരണയെടുക്കാത്ത നൂറുദ്ദീന്റെ സാമ്പത്തിക അച്ചടക്കത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയായിരുന്നു. എന്നാലും ഇത്രയും വലിയ സാമ്പത്തിക അച്ചടക്കം വേണോയെന്ന ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം അന്നു കെ.പി നൂറുദ്ദീനെയും സദസിനെയും ഇരുത്തി ചിരിപ്പിക്കുകയും ചെയ്തു. തനിക്കു പണം കടം തന്നില്ലെന്നതിലല്ല കാര്യം, അന്നു പ്രസിനുവേണ്ടി ഒരു തമിഴനു കൊടുത്ത പണം പിന്നെ തിരിച്ചുകിട്ടിയതുമില്ലെന്നും ആ പണം തിരികെ വാങ്ങാനായി നൂറുദ്ദീന്‍ കുറേക്കാലം ചെന്നൈയില്‍ പോയതും ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ സദസ് പിന്നെയും ചിരിച്ചു. ആ ചിരിയില്‍ കെ.പി നൂറുദ്ദീനും പങ്കു ചേര്‍ന്നു.
വാഹനങ്ങള്‍ വളരെ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ലളിതജീവിതത്തിന് ഉടമയാണു കെ.പി നൂറുദ്ദീന്‍. പയ്യന്നൂര്‍ ടൗണ്‍ ബേങ്കിന്റെയടക്കം നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനായ നൂറുദ്ദീന്‍ എല്ലായിടത്തും കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അനാവശ്യ പത്രപരസ്യങ്ങള്‍ പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. നിയമനം പോലും ഒരുരൂപ വാങ്ങാതെയാണു നടത്തിയത്. ബേങ്കുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവ സഹകരണമേഖലയില്‍ സ്ഥാപിച്ച നൂറുദ്ദീന്‍ അവയെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
പയ്യന്നൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചിലതു സി.പി.എം പിടിച്ചെടുക്കുകയും ചെയ്തുവെങ്കിലും കെ.പി നൂറുദ്ദീന്‍ സ്ഥാപിച്ച ഒരൊറ്റ സ്ഥാപനത്തിലും ഇതര രാഷ്ട്രീയക്കാര്‍ കൈവച്ചില്ലെന്നത് അദ്ദേഹത്തിനു മറ്റു രാഷ്ട്രീയക്കാര്‍ക്കിടയ്ക്കുള്ള പരിഗണനയും ആദരവുമാണു വെളിപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."