വെട്ടുവേനി കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു
ഹരിപ്പാട്: വെട്ടുവേനി തിരുമനശ്ശേരില്‍ ക്ഷേത്രത്തിനു സമീപത്തെ കള്ളുഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തുടരുന്ന സമരം ശക്തമാകുന്നു. സമരം തുടങ്ങിയിട്ട് ഇരുപതാം നാളായ ഇന്നുവരെ കരാറുകാര്‍ക്ക് ഒരു തുള്ളി കള്ളു പോലും വില്‍ക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ നാളുകളില്‍ പുതിയ ഷാപ്പില്‍ കള്ള് കൊണ്ടു വരാന്‍ കരാറുകാര്‍ ശ്രമിച്ചിരുന്നു.
സ്ത്രീകളുള്‍പ്പടെയുള്ള സമരക്കാരെ ഭയന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഷാപ്പ് ജീവനക്കാര്‍ ഇവിടേക്ക് വരുന്നില്ല.കെ.സ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചു വന്ന ഷാപ്പ് പെട്ടെന്നൊരു ദിവസം തിരുമനശ്ശേരില്‍ ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. രാവിലെ ഇത് കണ്ടപ്പോള്‍ തന്നെ അയല്‍ വീടുകളിലെ സ്ത്രീകള്‍ സമരം തുടങ്ങുകയായിരുന്നു.പിന്നീട് ഒരു നാട് മുഴുവന്‍ സമരം ഏറ്റെടുടുക്കുകയായിരുന്നു. ഇപ്പോള്‍ രാവിലെ 8 മണി മുതല്‍ സമരപ്പന്തലിലേക്ക് ജനം ഒഴുകുകയാണ്.
രാത്രി 10 മണി വരെ സജീവമാകുന്ന സമരപ്പന്തലില്‍ ഇടയ്ക്ക് മദ്യവിരുദ്ധ ക്ലാസ്സുകളും ബോധവത്ക്കരണവും കലാപരിപാടികളും അരങ്ങേറുന്നു.നഗരസഭ താമസത്തിനായി നമ്പരിട്ട വീടാണ് കള്ളുഷാപ്പായി മാറ്റിയത്. ഇത് നിയമ വിരുദ്ധമാണെന്നും ഷാപ്പ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ പ്രമേയം പാസ്സാക്കി. എക്‌സൈസ് വകുപ്പിനും സര്‍ക്കാരിനും പ്രമേയത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ ഷാപ്പ് ഇവിടെ തന്നെ പ്രവര്‍ത്തിപ്പിക്കുമെന്ന പിടിവാശിയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍.
ഇത് നടപ്പില്ലെന്നും സമരം എത്ര നീണ്ടാലും ഷാപ്പ് അടയ്ക്കുന്നതു വരെ തുടരുമെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി, കെ.സി.വേണുഗോപാല്‍ എം.പി, കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."